ആവേശം തനിക്ക് വലിയ ധെെര്യം തന്ന സിനിമയാണ് എന്ന് നടൻ ആസിഫ് അലി. താൻ കണ്ടിട്ടുള്ളതും മനസ്സിലാകുന്ന തരത്തിലുമുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്ക് താൽപര്യമെന്ന് ആസിഫ് അലി പറയുന്നു. ബിൽഡ് അപ് കൊടുക്കേണ്ടി വരുന്ന കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ചമ്മൽ തോന്നുമെന്നും എന്നാൽ അത് മാറ്റിയെടുക്കാൻ ഇപ്പോൾ ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞ ആസിഫ് ആവേശം എന്ന സിനിമ കണ്ടതിന് ശേഷമാണ് അത്തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാനുള്ള ധെെര്യം തോന്നിയത് എന്നും പറഞ്ഞു. അഡിയോസ് അമിഗോ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആസിഫ് അലി.
ആസിഫ് അലി പറഞ്ഞത്:
എനിക്ക് റിലേറ്റബിളായ കഥാപാത്രങ്ങൾ ചെയ്യാനാണ് കുറെക്കൂടി ധെെര്യം ഉള്ളത്. നമ്മൾ കണ്ടിട്ടുള്ള നമുക്ക് മനസ്സിലാകുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ. ചിലപ്പോൾ ഞാൻ തുടങ്ങിയ കഥാപാത്രങ്ങളിൽ നിന്നോ ചെയ്ത സിനിമകളിൽ നിന്നോ കിട്ടിയ അനുഭവങ്ങൾ കാരണമായിരിക്കാം അത്. അത്തരം സിനിമകൾ ഞാൻ ചെയ്തിട്ടില്ല. ഞാൻ ബി ടെക് എന്ന സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് അതിൽ എനിക്ക് ബിൽഡപ്പ് ഷോട്ട്സ് ഉണ്ട്. സിഗരറ്റ് ലെെറ്റ് ചെയ്ത് ഇങ്ങനെ നോക്കി നിൽക്കുമ്പോൾ ക്യാമറ ഇങ്ങനെ പൊങ്ങി വരും. അത് ചെയ്യുന്ന സമയത്ത് എനിക്കൊരു ചമ്മൽ തോന്നിയിട്ടുണ്ട്. നമ്മൾ സിനിമയെ സീരിയസ്സായി കാണുന്ന സമയത്ത് റിയലസ്റ്റിക്ക് സിനിമകളെക്കുറിച്ചും റിയലസ്റ്റിക് അഭിനയത്തെക്കുറിച്ചുമെല്ലാം ആളുകൾ കൂടുതലായി സംസാരിക്കുകയും അത്തരത്തിലുള്ള സിനിമകൾക്ക് പ്രാധാന്യം നൽകുകയും ഒക്കെ ചെയ്തത് കൊണ്ട്, ബിൽഡ് അപ് കൊടുക്കുന്ന കഥാപാത്രങ്ങൾ ചെയ്യാൻ എനിക്കൊരു മെന്റൽ ബോക്കുണ്ടായിരുന്നു. പക്ഷേ അതിനെ ഇപ്പോൾ നേരിടാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിനെ കഥപാത്രമായി കണ്ട് അത് ചെയ്യാൻ പറ്റും എന്ന് തോന്നിയിട്ടുണ്ട്. കൃത്യമായിട്ട് പറയുകയാണെങ്കിൽ ആവേശം എന്ന സിനിമ ഭയങ്കര ഒരു ധെെര്യമായിരുന്നു. ആ കഥാപാത്രത്തെ ഷാനു സമീപിച്ച രീതിയും. നമ്മൾ സധാരണ കാണുന്ന വളരെ മസ്കുലറായ ഒരു ഹീറോയുടെ പരിപാടി മാറ്റി ഷാനു അത് ചെയ്തപ്പോൾ ആ ഫിസിക്കൽ ലിമിറ്റേഷനിൽ നിന്ന് കൊണ്ട് തന്നെ ആ കഥാപാത്രത്തിന് ഒരു വലുപ്പം കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.