ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് ആളുകൾ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമെന്റ് എഴുതുന്നതെന്ന് നടൻ ആസിഫ് അലി. സോഷ്യൽ മീഡിയയിൽ എഴുതുന്ന പോസിറ്റീവ് കമന്റുകൾ എല്ലാം വായിച്ച് ആസ്വദിച്ച് മറന്നുപോകും. നെഗറ്റീവ് കമന്റുകളാണ് ഓർത്തിരിക്കാറുള്ളത്. നെഗറ്റീവ് കമന്റുകൾക്ക് ശ്രദ്ധ കിട്ടുന്നത് കൊണ്ടാണ് ആളുകൾ അത് എഴുതുന്നത് എന്ന് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു. ആസിഫ് അലി പ്രധാന വേഷത്തിലെത്തിയ ലെവൽ ക്രോസ് കഴിഞ്ഞ ദിവസമാണ് തിയറ്ററിലെത്തിയത്. ചിത്രത്തിൽ വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് ആസിഫ് അലി എത്തിയത്. തങ്കം തിരക്കഥ രചിച്ച് നഹാസ് നാസർ സംവിധാനം ചെയ്യുന്ന അഡിയോസ് അമിഗോയാണ് ആസിഫ് അലിയുടെ പുറത്തുവരാനിരിക്കുന്ന ചിത്രം.
ആസിഫ് അലി പറഞ്ഞത്:
ആളുകൾ നെഗറ്റീവ് കമന്റ് എഴുതുന്നത് എന്തിനാണെന്ന് അറിയുമോ? പോസിറ്റീവ് കമന്റുകൾ എല്ലാം നമ്മൾ വായിച്ച് ആസ്വദിച്ചു മറന്നുപോകും. ഓർത്തിരിക്കുന്നത് നെഗറ്റീവ് എഴുതിയത് കൊണ്ടാണ്. ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് ആളുകൾ ആ നെഗറ്റീവ് കമന്റ് എഴുതുന്നത്. ഞാൻ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന കാലത്ത് എനിക്ക് വന്നിട്ടുള്ള ഇൻബോക്സിലെ മെസേജുകൾ വായിക്കുമായിരുന്നു. അപ്പോൾ നമ്മളോട് നല്ലതു പറയുന്നതും, നമ്മളെ പറ്റി നല്ലത് പറയുന്നതുമായ എല്ലാ മെസേജുകളും വായിക്കുകയും ചിലപ്പോൾ ഒരു സ്മൈലി തിരിച്ചയക്കുകയും ചെയ്യും. പക്ഷെ നീയെന്തൊരു ജാഡയാണ് എന്ന് മോശമായി ആരെങ്കിലും എഴുതിയിട്ടാൽ അതാണ് നമ്മൾ കൂടുതൽ ശ്രദ്ധിക്കുക. അയ്യോ എന്താണ് അങ്ങനെ പറഞ്ഞത് എന്ന് തോന്നാം. ഒരു സംസാരം തന്നെ അവിടെ തുടങ്ങാൻ സാധ്യതയുണ്ട്. നമ്മൾ അയാളെ ശ്രദ്ധിക്കും. ആ പേര് നമ്മൾ നോക്കും. ആ പ്രൊഫൈൽ നോക്കും. അങ്ങനെയുള്ള ഒരു ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് ആളുകൾ അത് എഴുതുന്നത്. നമ്മളുടെ എല്ലാവരുടെയും മനോഭാവം അതുപോലെ ആണ്. അങ്ങനെ ഒരു നെഗറ്റീവ് കമന്റ് നമുക്കെതിരെ വരുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം. അത് നമ്മൾ വായിച്ച് വിട്ടു കളയുക എന്നുള്ളതെ ഒള്ളൂ.