'മലയാളി മുഖമല്ല എന്ന് പറഞ്ഞ് നീലത്താമരയിൽ നിന്ന് മാറ്റി': ആസിഫ് അലി

'മലയാളി മുഖമല്ല എന്ന് പറഞ്ഞ് നീലത്താമരയിൽ നിന്ന് മാറ്റി': ആസിഫ് അലി
Published on

എംടിയുടെ തിരക്കഥയിലൊരുങ്ങിയ ചിത്രത്തിൽ അവസരം നഷ്ടമായ അനുഭവം പങ്കുവെച്ച് ആസിഫ് അലി. 'നീലത്താമര' എന്ന ചിത്രത്തിന്റെ ഓഡിഷനിൽ താൻ പങ്കെടുത്തിരുന്നുവെന്നും മലയാളി മുഖമല്ല എന്ന് പറഞ്ഞ് അന്ന് തന്നെ മാറ്റിയെന്നും ആസിഫ് അലി പറഞ്ഞു. എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി നിർമ്മിക്കുന്ന മനോരഥങ്ങൾ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം. എംടിയെ ആദ്യമായി കാണുന്നത് ആ ഓഡിഷനിലാണ്. ആ സംഭവം നടന്ന് 13 വർഷങ്ങൾക്ക് ശേഷമാണ് എം ടിയുടെ തിരക്കഥയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതെന്നും ആസിഫ് അലി പറഞ്ഞു.

ആസിഫ് അലി പറഞ്ഞത്:

'ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ എം ടി സാർ. ഒരുപാട് സന്തോഷത്തോടും അഭിമാനത്തോടും കൂടെയാണ് ഇവിടെ ഞാൻ നിൽക്കുന്നത്. ആദ്യമായി ഞാൻ എം ടി സാറിന്റെ മുന്നിലെത്തുന്നത് നീലത്താമര എന്ന ചിത്രത്തിന്റെ ഓഡിഷന് വേണ്ടി ലാൽ ജോസ് സാർ പറഞ്ഞിട്ടാണ്. അന്ന് ഒരു മലയാളി ലുക്കില്ല എന്ന് പറഞ്ഞ് എനിക്ക് ആ സിനിമയിൽ നിന്ന് മാറേണ്ടി വന്നു. അതിന് ശേഷം നീണ്ട 13 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് സാറിന്റെ ഒരു കഥാപത്രം ചെയ്യാൻ കഴിഞ്ഞത്. അതിന്റെ ഒരു സന്തോഷം തീർച്ചയായും ഉണ്ട്. സാറിന്റെ മകൾ അശ്വതി മാം സംവിധാനം ചെയ്ത ചിത്രത്തിലാണ് ഞാൻ അഭിനയിച്ചിട്ടുള്ളത്. മധുബാലയാണ് എന്റെ ഒപ്പം അഭിനയിച്ചിട്ടുള്ളത്. ഒരുപാട് സന്തോഷം.'

ആന്തോളജിയിൽ എം ടി വാസുദേവൻ നായരുടെ മകൾ അശ്വതി ശ്രീകാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആസിഫ് അലി അഭിനയിച്ചിരിക്കുന്നത്. എം ടി യുടെ 'വില്പന' എന്ന ചെറുകഥയെ ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തിൽ മധുബാലയും പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസിൽ, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ, നെടുമുടി വേണു എന്നിവരും ആന്തോളജിയിലെ മറ്റു ചിത്രങ്ങളിൽ അഭിനയിക്കുന്നു. ചിത്രം സീ 5 ഒടിടി പ്ലാറ്റ്ഫോമിലൂടെ ആഗസ്റ്റ് 15ന് പ്രേക്ഷകരിലേക്കെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in