'പട്ടിയെ കൊല്ലുന്ന സീന്‍ കോമഡി ആയതില്‍ വിഷമമുണ്ട്'; ഭീമന്റെ വഴിയിലെ ആ സീൻ തെറ്റായിരുന്നുവെന്ന് അഷ്റഫ് ഹംസ

'പട്ടിയെ കൊല്ലുന്ന സീന്‍ കോമഡി ആയതില്‍ വിഷമമുണ്ട്'; ഭീമന്റെ വഴിയിലെ ആ സീൻ തെറ്റായിരുന്നുവെന്ന് അഷ്റഫ് ഹംസ
Published on

ചെമ്പൻ വിനോദ് ജോസിന്റെ തിരക്കഥയിൽ അഷ്റഫ് ഹംസ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായ ചിത്രമായിരുന്നു ഭീമന്റെ വഴി. ചിത്രത്തിലെ ഒരു കഥാപാത്രം പട്ടിയെ കൊല്ലുന്ന സീനുകൾ കോമഡി ആയതില്‍ വിഷമമുണ്ട് എന്നും, അത് ഒരു മിസ്റ്റേക്ക് ആണെന്നും സംവിധായകന്‍ അഷ്റഫ് ഹംസ. ചിത്രത്തില്‍ ജാക്ക് എന്ന കഥാപാത്രത്തിന്റെ ഓര്‍മ്മയില്‍ നിന്ന് ആ കഥാപാത്രത്തെ നിര്‍മ്മിക്കാനുള്ള ശ്രമത്തിനിടയില്‍ അത് കോമഡിയാകുമെന്നുള്ള വൃത്തികേട് ആലോചിച്ചില്ലെന്നും അഷ്‌റഫ് ഹംസ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചെമ്പന്‍ വിനോദിനോട് ഇങ്ങനെ പട്ടിയെ കൊല്ലണോ എന്ന് ചോദിച്ചപ്പോള്‍, അത് അദ്ദേഹത്തിന്റെ ചുറ്റുവട്ടത്ത് സാധാരണമാണെന്നും, എന്നാല്‍ അത് തമാശരൂപത്തില്‍ ആകുമെന്നത് ആ നിമിഷത്തില്‍ ആലോചിച്ചില്ല എന്നും അഷ്റഫ് ഹംസ പറഞ്ഞു.

ഭീമന്റെ വഴിയില്‍ പട്ടിയെ കൊല്ലുന്നത് കോമഡി ആയതില്‍ വിഷമമുണ്ട്. ചെയ്ത ശേഷം തോന്നിയിരുന്നു അതിലെ ഫണ്‍ ഒഴിവാക്കാമായിരുന്നുവെന്ന്. ജാക്ക് എന്ന കഥാപാത്രത്തിന്റെ ഓര്‍മ്മയില്‍ നിന്ന് ജാക്കിനെ ബില്‍ഡ് ചെയ്യാമെന്ന് വിചാരിച്ച് ഇത് കോമഡി ആയി മാറുമെന്നുള്ള വൃത്തികേട് ആ മൊമെന്റില്‍ ഞാന്‍ ആലോചിച്ചില്ല. ഞാന്‍ ചെമ്പനോട് ചോദിച്ചിട്ടുണ്ട് എന്തിനാണ് പട്ടിയെ ഷോക്കടിപ്പിച്ച് കൊല്ലുന്നത് എന്ന്. ചെമ്പന്‍ പറയുന്നത് അവിടെ അത് സാധാരണമാണെന്നാണ്. അതിലെനിക്ക് വിഷമം തോന്നിയത്, അത് ഫണ്‍ ആയി ലാന്‍ഡ് ചെയ്തതിലാണ്. ജാക് മരിച്ചുവെന്നത് ഉറപ്പിക്കണമായിരുന്നു. കുറെ ഭാഗങ്ങള്‍ ഒക്കെ ഞങ്ങള്‍ എടുത്തു കളഞ്ഞതാണ്. പറഞ്ഞ തെറ്റുകളുടെ കൂട്ടത്തിലുള്ളതാണ്. അതൊരു മിസ്റ്റേക്ക് ആണ്.

അഷ്‌റഫ് ഹംസ ‌

ചെമ്പന്‍ വിനോദ്, ചിന്നു ചാന്ദ്നി, മേഘ തോമസ്, വിന്‍സി അലോഷ്യസ്, ശബരീഷ് വര്‍മ്മ, നിര്‍മ്മല്‍ പാലാഴി, ബിനു പപ്പു, എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അനാര്‍ക്കലി മരിക്കാര്‍, ലുക്മാന്‍ അവറാന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സുലൈഖ മന്‍സില്‍. ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, സുഭീഷ് കണ്ണഞ്ചേരി, സമീര്‍ കാരാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള, ഛായാഗ്രഹണം കണ്ണന്‍ പട്ടേരി. ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ ലഭ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in