ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമാവുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ലിജോ-മമ്മൂട്ടി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണിത്. കൂടാതെ മമ്മൂട്ടിയുടെ പുതിയ നിര്‍മ്മാണ കമ്പനിയുടെ ആദ്യ സംരംഭവുമാണ് ഈ സിനിമ. മമ്മൂട്ടി കമ്പനി എന്നാണ് പുതിയ പ്രൊഡക്ഷന്‍ ഹൗസിന്റെ പേര്. ഇതോടൊപ്പം തന്നെ മമ്മൂട്ടിയും അശോകനും 30 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
1991ല്‍ പുറത്തിറങ്ങിയ അമരത്തിനു ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന ആദ്യ ചിത്രമാണിത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന സന്തോഷവും സിനിമയെ കുറിച്ചും അശോകന്‍ മമ്മൂട്ടി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു. ഇത് വരെ ചെയ്ത സിനിമകളില്‍ നിന്ന് വളരെ വ്യത്യസ്മാണ് നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തില്‍ മമ്മൂക്ക ഇതുവരെ കാണാത്ത റോളിലാണ് എത്തുന്നതെന്നും അശോകന്‍ പറഞ്ഞു.
അശോകന്‍ പറഞ്ഞത്:
'30 വര്‍ഷത്തിനു ശേഷം മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്ന സിനിമയാവുമ്പോള്‍ അതിലൊരു പ്രത്യേകത എന്നെ സംബന്ധിച്ച് സ്വാഭാവികമായിട്ടുമുണ്ട്. സന്തോഷവും ത്രില്ലുമുണ്ട്. ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ചെയ്ത സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ടുള്ള സിനിമയാണ്. സാധാരണ ഒരു സിനിമാ രീതിയില്‍ നിന്ന് കുറച്ച് വ്യത്യസ്തമായിട്ട് പോകുന്ന സിനിമയാണ്. ഇതിലെ എല്ലാ കഥാപാത്രങ്ങളും അങ്ങനെതന്നെയാണ്. എന്റെ കഥാപാത്രവും. മമ്മൂക്കയുടേതും വളരെ വ്യത്യസ്തമായ ഒരു വേഷമാണ്. മമ്മൂക്കയ്‌ക്കൊപ്പം വീണ്ടും ഒന്നിക്കുന്ന സിനിമ അദ്ദേഹത്തിന്റെ സ്വന്തം പ്രൊഡക്ഷന്‍ കൂടിയാണ് എന്നത് എന്നെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമാണ്.'
ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. പേരന്‍പ്, കര്‍ണന്‍, പുഴു എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ക്യാമറമാന്‍. നെറ്റ്ഫ്ളിക്സ് നിര്‍മ്മിക്കുന്ന എം.ടി വാസുദേവന്‍ നായര്‍ കഥകളെ ആധാരമാക്കിയുള്ള ആന്തോളജിയിലെ ലിജോ ജോസ് പെല്ലിശേരി ചിത്രത്തിലും മമ്മൂട്ടിയാണ് നായകന്‍. ശ്രീലങ്കയിലാണ് ഈ സിനിമ പൂര്‍ണമായും ചിത്രീകരിക്കുന്നത്.