ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എല്ലാ വെള്ളിയാഴ്ചയും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസില്‍ ഹാജരാകുന്നതില്‍ ഇളവ് വേണമെന്ന് ആര്യന്‍ ഖാന്‍. ബോംബെ ഹൈക്കോടതിയിലാണ് ആര്യന്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. എല്ലാ ആഴ്ച്ചയും എന്‍സിബി ഓഫീസില്‍ എത്തുമ്പോള്‍ മാധ്യമങ്ങളുടെ നിരന്തരമായ ചോദ്യം ചെയ്യലിന് താന്‍ ഇരയാവുകയാണ്. അതുകൊണ്ട് കനത്ത പൊലീസ് സുരക്ഷയും ആവശ്യമായി വരുന്നുവെന്നും ആര്യന്‍ വ്യക്തമാക്കി. തന്നെ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം. അതിനാല്‍ എല്ലാ ആഴ്ച്ചയും എന്‍സിബി ഓഫീസില്‍ ഹാജരാകുന്ന കാര്യത്തില്‍ ഇളവ് വേണമെന്നാണ് ആര്യന്റെ അഭ്യര്‍ത്ഥന.
നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ഡല്‍ഹിയിലെ കേന്ദ്ര സംഘമാണ് നിലവില്‍ ആര്യന്‍ പ്രതിയായ ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തില്‍ നിന്ന് എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയെ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് മുംബൈ ഓഫിസില്‍ ഇനിയും ഹാജരാകേണ്ട സാഹചര്യമില്ലെന്നും ആര്യന്‍ ഹര്‍ജിയില്‍ പറയുന്നു. ഈയാഴ്ച തന്നെ ആര്യന്റെ ഹര്‍ജി പരിഗണിക്കുമെന്ന് അഭിഭാഷകനും അറിയിച്ചു.
ഒക്ടോബര്‍ മൂന്നിനാണ് ആര്യന്‍ ഖാനെ ആഡംബരക്കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടി കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് 25 ദിവസത്തിന് ശേഷമാണ് ആര്യന്‍ ജയില്‍ മോചിതനായത്. എന്‍.സി.ബിയെ അറിയിക്കാതെ മുംബൈ വിട്ട് പോകരുത്, രാജ്യത്തിന് പുറത്ത് യാത്രകള്‍ പാടില്ല തുടങ്ങിയ നിബന്ധനകളോടെയാണ് ആര്യന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.