'നട്ടെല്ലിന് ക്ഷതമേറ്റു, ഒരു കാൽ ഭാ​ഗികമായി തളർന്നു, പഴയ രൂപത്തിലേക്ക് തിരിച്ചു വരാൻ കഴിയുമോ എന്ന് സംശയിച്ചു'; അരവിന്ദ് സ്വാമി

'നട്ടെല്ലിന് ക്ഷതമേറ്റു, ഒരു കാൽ ഭാ​ഗികമായി തളർന്നു, പഴയ രൂപത്തിലേക്ക് തിരിച്ചു വരാൻ കഴിയുമോ എന്ന് സംശയിച്ചു'; അരവിന്ദ് സ്വാമി
Published on

'കടൽ' തന്റെ ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ടൊരു സിനിമയാണ് എന്ന് നടൻ അരവിന്ദ് സ്വാമി. പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി അഭിനയത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു കടൽ. രണ്ടാം വരവിൽ ബോക്സ് ഓഫീസിൽ പരാജയം നേരിട്ട ചിത്രമായിരുന്നു കടൽ എങ്കിലും തന്റെ മറ്റ് ഹിറ്റ് ചിത്രങ്ങളെക്കാൾ‌ പ്രത്യേകത ആ ചിത്രത്തിനുണ്ടായിരുന്നു എന്ന് അരവിന്ദ് സ്വാമി പറയുന്നു. സിനിമയിൽ നിന്ന് വിട്ടു നിന്ന പന്ത്രണ്ട് വർഷത്തെ കാലയളവിലാണ് തനിക്ക് നട്ടെല്ലിന് ക്ഷതം സംഭവിച്ചത് എന്നും ഭാ​ഗികമായി ഒരു കാൽ തളർന്ന് പോയതെന്നും അരവിന്ദ് സ്വാമി പറയുന്നു. അതിന് ശേഷം തന്നെ തേടി വന്ന സിനിമയായിരുന്നു കടൽ. പക്ഷേ പഴയ രൂപത്തിലേക്ക് തിരിച്ചു വരാൻ സാധിക്കുമോ എന്ന വെല്ലുവിളിയാണ് ആ ചിത്രം തനിക്ക് സമ്മാനിച്ചത് എന്നും ആത്മവിശ്വാസമില്ലാതിരുന്ന തനിക്ക് ജീവിതത്തിന്റെ മറ്റൊരു സ്റ്റേജിലേക്ക് തന്നെ കൊണ്ടുപോകാൻ സാഹായിച്ച സിനിമയാണ് അതെന്നും അരവിന്ദ് സ്വാമി ​ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അരവിന്ദ് സ്വാമി പറഞ്ഞത്:

അലൈപായുതേ എന്ന സിനിമയിലെ ​കാമിയോയിൽ നിന്നും കടൻ എന്ന ചിത്രത്തിലേക്ക് വരുമ്പോഴേക്കും ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചിരുന്നു. അതിലെ ഏറ്റവും പ്രസക്തമായ കാര്യമായി എടുത്ത് പറയേണ്ടത് എന്റെ നട്ടെല്ലിന് സംഭവിച്ച ക്ഷതമാണ്. കുറച്ച് വർഷങ്ങളോളം ഞാൻ കിടപ്പിലായിരുന്നു. എന്റെ കാല് ഭാ​ഗികമായി തളർന്നു പോയി, അങ്ങനെ പല കാര്യങ്ങളും ആ സമയത്ത് സംഭവിച്ചു. അങ്ങനെ വരുമ്പോൾ കടൽ എന്ന ചിത്രം എനിക്കൊരു വെല്ലുവിളിയായിരുന്നു. എനിക്ക് പഴയ തരത്തിലേക്ക് തിരിച്ചു വരാൻ കഴിയുമോ എന്റെ ചലനശക്തി പഴയതുപോലെ വീണ്ടെടുക്കാൻ കഴിയുമോ എന്ന് തുടങ്ങി ഒരുപാട് കാര്യങ്ങൾ വെല്ലുവിളിയായിരുന്നു എനിക്ക്. ഇതെല്ലാം ശരിയായിട്ടും എനിക്ക് അത് ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. പക്ഷേ കടൽ എനിക്ക് തിരിച്ച് വരാനുള്ള ഒരു ലക്ഷ്യമാണ് തന്നത്. ആ രീതിയിൽ ആ സിനിമ എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. ഒരുപക്ഷേ എന്റെ മറ്റ് ഹിറ്റ് ചിത്രങ്ങളെക്കാൾ എനിക്ക് വളരെ പ്രധാനപ്പെട്ട ചിത്രമാണ് അത്. എന്നെ ജീവിതത്തിന്റെ മറ്റൊരു സ്റ്റേജിലേക്ക് കൊണ്ടു പോകാൻ സഹായിച്ച സിനിമയാണ് കടൽ. എന്റെ കിടക്കയിൽ നിന്ന് ഞാൻ എഴുന്നേറ്റ് ഞാൻ കുളിക്കാൻ പോകുന്ന സമയം എനിക്ക് അസഹ്യമായ വേദനയുണ്ടായിരുന്നു. ഇങ്ങനെയുള്ള സമയങ്ങളിലാണ് കിടക്കയിൽ നിന്ന് ചാടി എഴുന്നേൽക്കുന്നത്, നടക്കുന്നത് തുടങ്ങിയ നിസ്സാരമായ പല കാര്യങ്ങളുടെയും വില നമ്മൾ തിരിച്ചറിയുന്നത്. വ്യത്യസ്തമായ കാഴ്ചപ്പാട് ഉണ്ടാകും നിങ്ങൾക്ക്. നമുക്ക് ഇത് ചെയ്യാൻ കഴിയുമോ എന്ന വെല്ലുവിളിയാണ് അത്.

Related Stories

No stories found.
logo
The Cue
www.thecue.in