നടന്‍ വിജയകുമാറിനെതിരെ കൂടുതൽ ആരോപണങ്ങളുമായി മകള്‍ അര്‍ത്ഥന ബിനു. താനും തന്റെ കുടുംബവും ബയോളജിക്കല്‍ ഫാദറായ വിജയകുമാറിന്റെ സാമ്പത്തികത്തിന്റെയോ പ്രശസ്തിയുടെയോ ഇമോഷണല്‍ സപ്പോര്‍ട്ടിന്റെയോ തണലില്‍ ജീവിച്ചിട്ടുള്ളവരല്ലെന്നും തുണികള്‍ തയ്ച്ചും ഡേ കെയറും ബ്യൂട്ടി പാര്‍ലറും നടത്തിയും കഷ്ടപ്പെട്ടിട്ടാണ് അമ്മ തന്നെയും അനിയത്തിയേയും വളര്‍ത്തിയതെന്നും അർത്ഥന. അതുകൊണ്ടുതന്നെ ബിനുവിന്റെ മകളാണെന്ന് അഭിമാനത്തോടെ പറയുന്നതാണ് വിജയകുമാറിന്റെ മകളെന്ന് അറിയപ്പെടുന്നതിനേക്കാള്‍ ഇഷ്ടം എന്നും അര്‍ത്ഥന ബിനു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്‍ വിജയകുമാര്‍ തന്റെ വീടിന്റെ മതില്‍ ചാടി അതിക്രമിച്ചെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ വീഡിയോ മകളും അഭിനേത്രിയുമായ അര്‍ത്ഥന ബിനു സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
എന്റെ ബയോളജിക്കല്‍ ഫാദറായ വിജയകുമാറിനെതിരെ ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഞാന്‍ അനുഭവിച്ചതിന്റെയും കണ്ടതിന്റെയും വെളിച്ചത്തില്‍ മാത്രമാണെന്നും ഒരിക്കല്‍ ജോലിക്കുപോകുന്ന ഒരു ഭാര്യയെ വേണ്ട എന്നുപറഞ്ഞ് അമ്മയുടെയടുത്ത് ബഹളം വച്ച് കുഞ്ഞായിരുന്ന തന്റെ അനുജത്തിയെ ബലംപ്രയോഗിച്ച് എടുത്തിട്ടുപോകുന്നതടക്കം നിരവധി സംഭവങ്ങളുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് അമ്മ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചതെന്നും അര്‍ത്ഥന പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
2021 ജൂലൈ ആറിന് വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറുന്നതിന്റെ വീഡിയോയും അര്‍ഥന പങ്കുവച്ചിട്ടുണ്ട്. 2020 ജൂണ്‍ 24 ന് വിജയകുമാറിന്റെ ഭാര്യ ബിനു ഡാനിയേലിന് വിവാഹമോചനം അനുവദിച്ചുകൊണ്ട് വിധി പ്രസ്താവിച്ച കോടതി ഉത്തരവിന്റെ പകര്‍പ്പും മക്കള്‍ക്ക് 5000 രൂപ എല്ലാ മാസവും ജീവനാംശം നല്‍കണമെന്ന കോടതി ഉത്തരവും നാല്‍പതിനായിരം രൂപ അയച്ചു കൊടുത്തിട്ടും പ്രതികരിക്കാത്തതിനാല്‍ നേരിട്ട് കാണാനെത്തിയത് എന്ന വിജയകുമാറിന്റെ ആരോപണത്തിനുള്ള തെളിവായി ഭാര്യ ബിനു മറുപടിയായി നന്ദി അറിയിച്ച മെസേജിന്റെ പകര്‍പ്പും അര്‍ത്ഥന തെളിവായി പങ്കുവച്ചിട്ടുണ്ട്.
അര്‍ത്ഥനയുടെ പോസ്റ്റ്
ഞാനും എന്റെ കുടുംബവും എന്റെ biological father ആയ Mr. വിജയകുമാറിന്റെ സാമ്പത്തികത്തിന്റെയോ പ്രശസ്തിയുടെയോ ഇമോഷണൽ സപ്പോർട്ടിന്റെയോ തണലിൽ ജീവിച്ചിട്ടുള്ളവരല്ല. തുണികൾ തയ്ച്ചും ഡേ കെയറും ബ്യൂട്ടി പാർലറും നടത്തിയും കഷ്ടപ്പെട്ടിട്ടാണ് അമ്മ എന്നെയും അനിയത്തിയേയും വളർത്തിയത്. അതുകൊണ്ടുതന്നെ ബിനുവിന്റെ മകളാണെന്ന് അഭിമാനത്തോടെ പറയുന്നതാണ് വിജയകുമാറിന്റെ മകളെന്ന് അറിയപ്പെടുന്നതിനേക്കാൾ എനിക്കിഷ്ടം. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടതുതന്നെ പോലീസുപോലും പ്രൊട്ടക്ഷൻ ചെയ്യാനില്ലല്ലോ എന്ന വിഷമത്തിലാണ്. പോസ്റ്റ് കണ്ടിട്ടെങ്കിലും പോലീസ് ആക്ഷൻ എടുക്കട്ടെയെന്നു മാത്രമായിരുന്നു എന്റെ ആഗ്രഹം. അച്ഛൻ ഇവിടെ വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കുന്നതിനിടയ്ക്ക് ഞങ്ങൾ പോലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും അവിടെനിന്നും ആരും വരികയോ വിളിച്ചന്വേഷിക്കുകയോ ചെയ്തില്ല (ഞങ്ങൾക്ക് കോടതിയുടെ പ്രൊട്ടക്ഷൻ ഓർഡർ ഉണ്ടായിട്ടു പോലും). ഞങ്ങൾ Mr. വിജയകുമാറിനെതിരെ ഫയൽ ചെയ്തിട്ടുള്ള നിരവധി ലീഗൽ കംപ്ലൈന്റ്സ് നിലനിൽക്കുമ്പോൾ തന്നെ ഇങ്ങനെയുള്ള കാര്യങ്ങൾ നടക്കുന്നത് ഭയപ്പെടുത്തുന്നതാണ്. ഒടുവിൽ സംഭവം നടന്ന ദിവസം വൈകുന്നേരമാണ് ഇൻസ്റ്റാഗ്രാമിലിട്ട പോസ്റ്റ് കണ്ട് രണ്ടു സ്പെഷ്യൽ ബ്രാഞ്ച് officers വന്നത് . Mr. വിജയകുമാറിനെതിരെ കംപ്ലയിന്റ് രജിസ്റ്റർ ചെയ്യാണമെന്ന് ഞാൻ പറഞ്ഞപ്പോൾ അവരുടെ നിർദേശ പ്രകാരമാണ് ഒടുവിൽ ശ്രീകാര്യം സ്റ്റേഷനിൽ നിന്നും രണ്ട് ഉദ്യോഗസ്ഥർ വന്നു മൊഴി എടുത്തത്.
ഇനി ഞാൻ വർഷങ്ങളായി കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന സാഹചര്യത്ങ്ങളുടെ ഭീകരത അറിയിക്കുവാനായി ചില കാര്യങ്ങൾ ഷെയർ ചെയ്തുകൊള്ളട്ടെ.
● ഓർമവച്ച കാലംതൊട്ടേ അമ്മയുടെ പേരെന്റ്സിന്റെ വീട്ടിലാണ് ഞങ്ങൾ താമസം.
● എന്റെ ജീവിതത്തിൽ ആകെ രണ്ടു വർഷങ്ങൾ(LKG-UKG പഠിക്കുമ്പോൾ) മാത്രമാണ് അച്ഛനൊപ്പം എറണാകുളത്തൊരു ഫ്ലാറ്റിൽ ഞാനും അമ്മയും താമസിച്ചത്. അപ്പോപ്പോലും വല്ലപ്പോഴുമായിരുന്നു എറണാകുളത്തുണ്ടായിരുന്ന സമയത്തുപോലും അദ്ദേഹം ഞങ്ങളുടെ കൂടെ താമസിക്കുന്നത് വല്ലപ്പോഴുമായിരുന്നു. എന്തെങ്കിലും അത്യാവശ്യ സാഹചര്യങ്ങളിൽ അയൽക്കാർ മാത്രമായിരുന്നു ഞങ്ങൾക്ക് helpനുണ്ടായിരുന്നത്. അന്നൊരിക്കൽ ആത്മഹത്യയുടെ വക്കിൽ നിന്ന അമ്മയെ ഒന്ന് stop ചെയ്ത് സഹായിക്കാൻ ഞാൻ കാലുപിടിച്ച് പറഞ്ഞിട്ടുപോലും ഒന്നനങ്ങാത്ത വ്യക്തിയാണ് എന്റെ അച്ഛൻ. ആ സമയത്ത് അമ്മയുടെ ജോലിസ്ഥലത്തുപോയും ഇദ്ദേഹം ബഹളം വെച്ചിട്ടുണ്ട്.
● ഭക്ഷണത്തിനോ വാടകയ്ക്കോ പൈസയില്ലാതിരുന്ന സാഹചര്യത്തിലാണ് തിരിച്ച് അമ്മയുടെ വീട്ടിലേക്ക് ഞങ്ങൾ താമസമാക്കിയത്. അതുകഴിഞ്ഞ് അച്ഛന് തിരുവനന്തപുരത്ത് വരുമ്പോഴും ഇവിടെ ഷൂട്ട് ഉള്ളപ്പോഴും stay ചെയ്യാനുള്ളതായി ഞങ്ങൾ താമസിക്കുന്ന വീട്.
● ഇന്നുവരെ എന്റെ ഫാമിലി അദ്ദേഹത്തെ കാണുന്നതിൽനിന്നും എന്നെ stop ചെയ്തിട്ടില്ല, അനിയത്തിയെയും.
● ഒരിക്കൽ ജോലിക്കുപോകുന്ന ഒരു ഭാര്യയെ വേണ്ട എന്നുപറഞ്ഞ് അമ്മയുടെയടുത്ത് ബഹളം വച്ച് കുഞ്ഞായിരുന്ന എന്റെ അനുജത്തിയെ ബലംപ്രയോഗിച്ച് എടുത്തിട്ടുപോയി. ഇങ്ങനെയുള്ള നിരവധി സംഭവങ്ങളുണ്ടായപ്പോഴാണ് 2015ൽ നിയമപരമായി ബന്ധം വേർപെടുത്താൻ അമ്മ കുടുംബകോടതിയെ സമീപിച്ചത്.
● 2017ൽ ഇദ്ദേഹം വീട്ടിനുള്ളിൽ അതിക്രമിച്ചുകയറി എല്ലാവരെയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിയ്ച്ചതിനെ തുടർന്നെത്തിയ പോലീസുകാർ ലാഘവത്തോടെ പെരുമാറുന്ന കണ്ട ധൈര്യത്തിൽ അവരുടെ മുന്നിൽ വച്ചുപോലും എന്റെ മുഖത്തടിച്ചു Mr. വിജയകുമാർ.
● സിനിമയിൽ അഭിനയിക്കുക എന്നത് അന്നും ഇന്നും എന്റെ ambitionഉം passion ഉമാണ്.
● സാമൂഹികമാധ്യമങ്ങളിലുള്ള എന്റെ വിവിധഭാഷകളിലെ അഭിമുഖങ്ങൾ നോക്കിയാലുമറിയാം, Mr. വിജയകുമാറിന്റെ പേരോ അദ്ദേഹത്തിനു ഞാനുമായുള്ള ബന്ധമോ എവിടേയും പരാമർശിച്ചിട്ടില്ല.
● Anchoring, modelling, short films എന്നിവയിൽ work ചെയ്ത് gradually ആണ് ഞാൻ എന്റെ പ്രൊഫൈൽ build ചെയ്തുവന്നത്. +1 ൽ പഠിക്കുമ്പോൾ ഏഷ്യാനെറ്റ് പ്ലസ്സിലെ 'ഓൺസ്ക്രീൻ' പ്രോഗ്രാമിന്റെ അവതാരികയായിട്ടായിരുന്നു എന്റെ തുടക്കം. ഇദ്ദേഹത്തിന്റെ മകൾ എന്ന ലേബലിലല്ല ഓഡിഷൻ വഴിയാണ് എനിക്കാ അവസരം ലഭിച്ചത്. ഇത് കേട്ടറിഞ്ഞ Mr. വിജയകുമാർ തന്റെ influence ഉപയോഗിച്ച് എന്നെ അതിൽനിന്നും മാറ്റിച്ചു.
● Flowers ചാനലിൽ സ്മാർട്ട് ഷോ എന്ന പ്രോഗ്രാം ഞാൻ co-host ചെയ്യുന്നതറിഞ്ഞിട്ട് ഇദ്ദേഹം ശ്രീകണ്ഠൻ സാറിനും ചാനലിനുമെതിരെ ലീഗൽ നോട്ടീസ് അയയ്ക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തു. പക്ഷേ ചാനലിലുള്ളവർ എന്നെ മനസിലാക്കി സപ്പോർട്ട് ചെയ്തു. പലപ്പോഴും ക്ലാസ് അല്ലെങ്കിൽ പരീക്ഷയുടെ
സമയത്ത് എറണാകുളത്ത് ഷൂട്ട് നടക്കുമ്പോൾ ശ്രീകണ്ഠൻ സാറിന്റെ ഭാഗം ഷൂട്ട് ചെയ്യുന്നനേരം ഗെയിം നടക്കുന്ന കേജിനുള്ളിൽ ഗിഫ്റ്റുകളുടെ പുറകിലിരുന്ന് പഠിച്ചിട്ട് എന്റെ സമയമാകുമ്പോൾ ഷൂട്ടിലും പങ്കെടുത്ത് വിശ്രമിക്കുകപോലും ചെയ്യാതെ അതിരാവിലെ ട്രെയിൻ കയറി trivandrum Mar Ivanios കോളേജിൽ എത്തുമായിരുന്നു. അന്നുമിന്നും സ്വന്തമായൊരു വീടും financial independence ഉമാണ് എന്റെ പ്രയോറിറ്റി.
● ഞാൻ father figure ആയിക്കാണുന്നത് എന്റെ അപ്പച്ചനെയാണ്- അമ്മയുടെ അച്ഛനെ. അദ്ദേഹം ഇന്നീ ലോകത്ത് ഇല്ലെങ്കിൽക്കൂടെ I am forever grateful for the love and affection he had given me and all what he had done to ensure a secure life for me. ആ അപ്പച്ചനെപ്പോലും തെറിവിളിക്കുകയും ആക്രമിക്കുകയും ചെയ്ത Mr. വിജയകുമാറിനെ ഞാൻ മരിക്കുന്നതുവരെയും അച്ഛൻ എന്ന രൂപത്തിൽ കാണുവാൻ എനിക്ക് സാധിക്കില്ല.
● അദ്ദേഹത്തിന്റെ ശരികളല്ല എന്റെ ശരികൾ. അദ്ദേഹം കണ്ട സിനിമയോ സിനിമക്കാരെയോ അല്ല ഞാൻ കണ്ടത്.
● ഞാൻ സിനിമയിൽ നിൽക്കുന്നത് ആ പ്രൊഫഷനെ ബഹുമാനിക്കുന്നതുകൊണ്ടാണ്. ഇത്രയും പുച്ഛമാണ് ഈ ജോലിയോടെങ്കിൽ എന്തിന് വർഷങ്ങളായി അദ്ദേഹം ഇതിൽ തുടരുന്നു?! അദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തിൽ ഒരു gender മാത്രം വിചാരിച്ചാലാണോ വ്യഭിചാരമോ sexual activity യോ നടക്കുന്നത്? Sexual abuse പ്രായഭേദമന്യേ ഏത് ജോലിയിലും ഏത് സമയത്തും സ്വന്തം വീട്ടിൽപ്പോലും സംഭവിച്ചേക്കാം. അതിനു സിനിമയിൽ തന്നെ ജോലിചെയ്യണമെന്നില്ല.ഇഷ്ടമില്ലാത്ത കാര്യങ്ങളോട് "NO' എന്നു പറയുവാനും ഏതെങ്കിലും രീതിയിൽ എവിടെവച്ചാണെങ്കിലും എന്നെ exploit ചെയ്യാൻ ശ്രമിച്ചാൽ അവർക്കെതിരെ പ്രതികരിക്കാനും ഉള്ള ധൈര്യവും സപ്പോർട്ടും എനിക്കുണ്ട്. ജീവിതത്തിലുടനീളം എന്റെ കുടുംബത്തെ desert and neglect ചെയ്ത് നാട്ടുകാരെ ബോധ്യപ്പെടുത്താൻ വേണ്ടിമാത്രം എന്നെ അന്വേഷിക്കുന്ന Mr. വിജയകുമാറിന്റെ സഹായവും കരുതലും എനിക്ക് ആവശ്യമില്ല.
● ഇതേ മീഡിയ തന്നെ വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹത്തിന്റെ പല നിയമവിരുദ്ധ പ്രവർത്തികൾക്കുമെതിരെ വാർത്തയിട്ട് ആഘോഷിച്ചിട്ടുള്ളതാണ്. ഒരു 'habitual criminal' ന്റെ മകൾ ആയിപ്പോയി എന്നുള്ളതുകൊണ്ട് കുട്ടിക്കാലം തൊട്ടേ പലയിടങ്ങളിലും ഞാൻ അവഗണിക്കപ്പെടുകയും ആക്ഷേപങ്ങൾക്ക് ഇരയാകുകയും ചെയ്തിട്ടുണ്ട്.
● 2020ൽ കോടതി ഡിവോഴ്സ് അനുവദിച്ചപ്പോൾ ഇനിയെങ്കിലും സമാധാനമായി ജീവിക്കാനാകുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ 2021ൽ ശ്രീ M. G ശ്രീകുമാർ അവതരിപ്പിച്ച 'പറയാം നേടാം' എന്ന
പരിപാടിയിൽ പങ്കെടുത്ത Mr. വിജയകുമാർ എന്നെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ കാരണം ചില ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിച്ച കെട്ടുകഥകളും നെഗറ്റീവ് കമന്റ്സും കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണവും മാനസികമായും വൈകാരികമായും ഒരുപാട് തളർത്തി. അപ്പച്ചന്റെ വിയോഗത്തിൽ നിന്നും ഞങ്ങൾ overcome ചെയ്യുന്നതിന് മുൻപേ ആയിരുന്നു ഇങ്ങനെ ഒരു ടോർച്ചർ. അന്ന്, ഞാൻ സിനിമയിൽ അഭിനയിക്കുന്നു എന്നതിന്റെ പേരിൽ Mr. വിജയകുമാറിന്റെ ക്രൂരതകൾ വീട്ടുകാർ സഹിക്കേണ്ടിവന്നു. ഇതെല്ലാം ജീവിതത്തോടുള്ള എന്റെ Will നെയും confidenceനെയും ബാധിച്ചു.അങ്ങനെയൊന്ന് മാറിനില്ക്കാൻ കൂടിയാണ് ഞാൻ ഞാൻ കാനഡയിൽ സോഷ്യൽ സർവീസ് വർക്ക് എന്ന കോഴ്സ് പഠിക്കാൻ പോയത്. അതിനൊപ്പം പാർട്ടൈം direct support professional ആയി ജോലി ചെയ്തു. ഈ പറഞ്ഞ ജോലിയും ഇനി Mr. വിജയകുമാറിന്റെ കാഴ്ചപ്പാടിൽ 'വൃത്തികെട്ടത്' ആണോ എന്ന് എനിക്കറിയില്ല. കാരണം specially abled ആയുള്ള വ്യക്തികളെ പരിപാലിക്കുക, personal care ചെയ്യുക, കുളിപ്പിക്കുക എന്നിവയൊക്കെയാണ് ഈ ജോലി ആവശ്യപ്പെടുന്നത്. ഞാൻ കാനഡയിലായിരുന്ന സമയത്ത് 'അർത്ഥനയെ എവിടേക്കാണ് വിറ്റത്?' എന്ന ചോദ്യവുമായി Mr. വിജയകുമാർ വീട്ടിൽക്കയറി ബഹളമുണ്ടാക്കുക്കി. ഈ വിവരമറിഞ്ഞപ്പോൾ അമ്മയുടെ സമാധാനമോർത്ത് ഞാൻ Mr വിജയകുമാറിനെ വിളിച്ചു. ഞാൻ സുരക്ഷിതയാണെന്നും ദയവുചെയ്ത് എന്റെ പേരുംപറഞ്ഞ് വീട്ടിൽപ്പോയി ശല്യം ചെയ്യരുതെന്നും അഭ്യർത്ഥിച്ചിട്ടും എന്റെ കാൾ കട്ട് ചെയ്തിട്ട് തുടർന്ന് വിളിച്ച കോളുകൾ എടുക്കാതെ ശ്രീകാര്യം പോലീസ് സ്റ്റേഷനിൽ ഞാൻ മിസ്സിംഗ് ആണെന്ന് വ്യാജപരാതി നൽകുകയാണ് അദ്ദേഹം ചെയ്തത്. ഒടുവിൽ എനിക്ക് പോലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും NRI സെല്ലിൽ പരാതിപ്പെടുകയും ചെയ്യേണ്ടിവന്നു.
● എന്റെ biological father ന് എതിരെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഞാൻ ഞാൻ അനുഭവിച്ചതിന്റെയും കണ്ടത്തിന്റെയും വെളിച്ചത്തിൽ മാത്രമാണ്.
● കഴിഞ്ഞ ദിവസങ്ങളിലായി ഇദ്ദേഹം നൽകുന്ന അഭിമുഖങ്ങളിൽ നടത്തുന്ന പരാമർശങ്ങൾ വസ്തുതയില്ലാത്തവയാണ്. പണം ഡെപ്പോസിറ്റ് ചെയ്തതിനെ കുറിച്ച് അദ്ദേഹം പറയുന്നുണ്ടല്ലോ. അത് കോടതി 2013 മുതൽ ഞങ്ങൾക്ക് അനുവദിച്ചിരിക്കുന്ന maintenanceന്റെയും അമ്മയുടെ വീട്ടിൽ തിരിച്ചു കൊടുക്കാനുള്ള 10ലക്ഷത്തിന്റെയും 100 പവന്റെയും വിഹിതങ്ങളാണ്. വല്ലപ്പോഴുമായി ഇതിൽ കുറച്ചു തിരിച്ചുനൽകിയതല്ലാതെ ഞാൻ പ്രായപൂർത്തിയായതിനു ശേഷം എന്റെയോ കുടുംബത്തിന്റെയോ ആവശ്യങ്ങൾക്കായി Mr. വിജയകുമാർ ഒരു രൂപപോലും ചിലവഴിച്ചിട്ടില്ല.
● കഴിഞ്ഞ വർഷം ഏകദേശം ഈ സമയത്ത് അദ്ദേഹത്തിന്റെ പേരിലുള്ള മറ്റുകേസുകൾ ഒക്കെ കഴിഞ്ഞെന്നും ഇനി അമ്മ കൊടുത്ത ഡോമെസ്റ്റിക് വയലൻസ്, പ്രൊട്ടക്ഷൻ ഓഡർ കേസുകളും പണവും സ്വർണവും തിരിച്ചു നൽകാനുള്ള കേസും മാത്രമേ നിലനിൽക്കുന്നുള്ളു എന്നും പറഞ്ഞ് Mr വിജയകുമാർ അമ്മയേക്കാണാനെത്തി. ആ കേസുകൾ കൂടി പിൻവലിക്കണമെന്ന് ഭീഷണിയായും അപേക്ഷയായും ഒക്കെ നിരന്തരം ആവശ്യപ്പെട്ടപ്പോൾ സഹികെട്ട് പകുതി പണമെങ്കിലും തിരിച്ചു നൽകുകയും ഞങ്ങളുടെ കുടുംബത്തെ ശല്യം ചെയ്യുകയും ചെയ്യാതിരുന്നാൽ എല്ലാ പരാതികളും പിൻവലിക്കാമെന്ന് അമ്മ മറുപടി നൽകി.
● ഇത് നടപ്പിലാക്കാൻ മാത്രമാണ് 2022 ഡിസംബറിൽ 5ലക്ഷം രൂപ നൽകാം എന്ന് അദ്ദേഹം വാക്കുനൽകിയത്. പറഞ്ഞസമയം കഴിഞ്ഞു രണ്ടുമാസം കഴിഞ്ഞിട്ടും പണം അയയ്ക്കാത്തതിനെ തുടർന്ന് അമ്മ വിളിച്ചന്വേഷിച്ചപ്പോൾ 'ഈ' തുക ഒരുമിച്ചു നൽകാൻ കയ്യിലില്ലെന്നും സിനിമയിൽ നിന്നും കിട്ടുന്നതുപോലെ ഇൻസ്റ്റാൾമെന്റുകളായി തന്നുതീർക്കാം എന്നും പറയുകയുണ്ടായി.
● 2020ൽ കോടതി അമ്മയ്ക്ക് ഡിവോഴ്സ് അനുവദിച്ചിരുന്നു. എന്നാൽ ഒരുമാസം മുൻപ് ഈ വിധിക്കെതിരെ Mr. വിജയകുമാർ കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവോഴ്സ് ആയിട്ടില്ല എന്ന് പറയുന്നത്. Legally my mother is not his wife.
● അച്ഛന്റെ ശത്രുക്കൾ എന്ന് 'പറയപ്പെടുന്ന'വരുടെ 'അന്വേഷിപ്പിൻ, കണ്ടെത്തും'എന്ന സിനിമയിൽ ഞാൻ അഭിനയിച്ചു എന്നതാണ് മറ്റൊരു ആരോപണം. എന്നാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ തികച്ചും മാന്യവും പ്രൊഫഷണലുമായാണ് എന്നോട് പെരുമാറിയത്. സിനിമയിലുള്ളവരെ മാത്രമല്ല ഇദ്ദേഹം ശത്രുക്കളായി പറയുന്നത്. കോടതിൽ ഡിവോഴ്സ് meditation നടക്കുന്ന സമയത്ത് ഞാൻ ഉപരിപഠനത്തിനായി ബാംഗ്ലൂരോ ചെന്നൈലോ പോകുന്നതിനെ കുറിച്ച് ആലോചിക്കുന്ന കാര്യം സൂചിപ്പിച്ചു. എന്നാൽ തനിക്ക് ശത്രുക്കൾ ഉള്ള ഇടമായതിനാൽ അത് സമ്മതിക്കാനാകില്ലെന്നും തനിക്ക് വിശ്വാസമുള്ള ഒരു കോളേജിൽ താൻ പറയുന്ന ഡിപ്ലോമാ കോഴ്സിനു ചേരണം എന്നും Mr. വിജയകുമാർ സമ്മർദ്ദം ചെലുത്തി.
● 40000 രൂപ അയച്ചത് കിട്ടിയോ എന്നന്വേഷിച്ചപ്പോൾ മറുപടി കൊടുത്തില്ല എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. ഇത് വസ്തുതയല്ല. അമ്മ thank you എന്ന് മറുപടി മെസേജ് അയച്ചിട്ടുണ്ട്.
● ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾക്കൊക്കെ ആധാരമായ സംഭവം നടന്ന ജൂലൈ 4 ന് എന്റെ അനിയത്തി മീഖൽ അച്ഛനുകയറിവരൻ ഗേറ്റ് തുറന്നുകൊടുത്തു എന്നുപറയുന്നത് നുണയാണ്. തുറന്നുകിടന്ന
ഗേറ്റുള്ളപ്പോൾ എന്തിനാണൊരാൾ തിരിച്ചു മതിലു ചാടിപ്പോകുന്നത്?! ഈ മതിൽ ചാട്ടം ആദ്യത്തേതുമല്ല. മുൻപത്തെ ഇത്തരമൊരു അതിക്രമിച്ചു കയറ്റ വീഡിയോ കൂടെ ഞാൻ അപ്‌ലോഡ് ചെയ്യുന്നുണ്ട്.
● ഇത്രയും കാലം ഞങ്ങളുടെ സന്തോഷങ്ങളിലോ സങ്കടങ്ങളിലോ പങ്കുചേരാത്ത Mr. വിജയകുമാർ എന്ന വ്യക്തി, ഇത്രയുംകാലം കഴിഞ്ഞ് ഞങ്ങൾ മുതിർന്ന കുട്ടികളായപ്പോൾ തിരിച്ചുവരുന്നത് അംഗീകരിക്കാൻ ഒരിക്കലും കഴിയില്ല. Live and let live.