മുപ്പതാം ദിനത്തിലും തിയറ്റർ നിറച്ച് ARM, ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകൾ പുറത്ത്

മുപ്പതാം ദിനത്തിലും തിയറ്റർ നിറച്ച് ARM, ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകൾ പുറത്ത്

Published on

ടൊവിനൊ തോമസിനെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്ത ARM തിയറ്ററിൽ കളക്ഷൻ വേട്ട തുടരുന്നു. 17 ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ 100 കോടി മറികടന്ന ചിത്രം 30 ദിനത്തിലേക്ക് കടക്കുമ്പോഴും തിയറ്ററിൽ സജീവമാണ്. ബിഗ് ബഡ്‌ജറ്റ്‌, പാൻ ഇന്ത്യൻ ചിത്രങ്ങളുടെ റിലീസിനിടയിലും തിയറ്ററിൽ പിടിച്ചു നിന്ന ടൊവിനൊ ചിത്രത്തിന്റെ വലിയ നേട്ടമാണിത്. 200 ലധികം തിയറ്ററുകളിൽ ARM വിജയകരമായി പ്രദർശനം തുടരുകയാണ്. ആഗോള ബോക്സോഫിൽ ഇതുവരെയും സിനിമ 111 കോടി രൂപ കളക്റ്റ് ചെയ്തിട്ടുണ്ട്. അണിയറ പ്രവർത്തകരാണ് ഈ വിവരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. മാജിക് ഫ്രെയിംയ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ARM ന്റെ തിയറ്റർ പ്രിന്റ് വ്യാപകമായി പ്രചരിച്ചത് വലിയ വാർത്തയായിരുന്നു. ഈ വാർത്ത പുറത്തു വന്നതിന് പിന്നാലെ ടൊവിനോയും സംവിധായകൻ ജിതിൻ ലാലും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും പ്രതികരണവുമായി മുന്നോട്ട് വന്നിരുന്നു . ഒന്നര വർഷത്തെ പലരുടെയും പരിശ്രമത്തിനെയും സ്വപ്നത്തിനെയും അധ്വാനത്തെയും ഒന്നുമല്ലാതെയാക്കുന്ന കാഴ്ചയാണ് ഇതെന്ന് ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്കിൽ കുറിച്ചു. ARM ന്റെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കാണുന്ന യാത്രക്കാരന്റെ വീഡിയോ ചിത്രത്തിന്റെ സംവിധായകൻ ജിതിൻ ലാലാണ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്. ഹൃദയഭേദകം എന്ന അടിക്കുറിപ്പോടെയാണ്‌ സംവിധായകൻ ഈ വാർത്ത പങ്കുവെച്ചത്. സുഹൃത്താണ് തനിക്ക് ഈ വീഡിയോ അയച്ചു തന്നതെന്നും ടെലിഗ്രാം വഴി കാണേണ്ടവർ കാണട്ടെ എന്നല്ലാതെ എന്തുപറയാനാണെന്നുമാണ് സംഭവത്തെക്കുറിച്ച് ജിതിൻ ലാൽ കുറിച്ചത്.

ടൊവിനോ തോമസ് ട്രിപ്പിൾ റോളിലെത്തിയ ARM ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് തിയറ്ററുകളിലെത്തിയത്. ഏറെ കാലത്തിനു ശേഷം മലയാളത്തിൽ റിലീസാവുന്ന 3 ഡി സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് തലമുറകളുടെ കഥയാണ് പറയുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത് സുജിത് നമ്പ്യാരാണ്. ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

logo
The Cue
www.thecue.in