'അന്ധാധുന്‍', 'മോണിക്ക ഒ മൈ ഡാര്‍ലിംഗ്' തുടങ്ങിയ സിനിമകളാല്‍ ശ്രദ്ധേയമായ മാച്ച്‌ബോക്സ് ഷോട്സ് മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമയാണ് 'ത്രിശങ്കു'. അന്ന ബെന്നും അര്‍ജുന്‍ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. നവാഗതനായ അച്യുത് വിനായകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് 26ന് ചിത്രം റിലീസ് ചെയ്യും.
ഒളിച്ചോടാന്‍ തയ്യാറായി നില്‍ക്കുന്ന കമിതാക്കളായാണ് അര്‍ജുനും അന്ന ബെന്നും വേഷമിടുന്നത്. എന്നാല്‍ അപ്രതീക്ഷിത സാഹചര്യത്തില്‍ ഒളിച്ചോട്ടം മുടങ്ങുന്നു. ഹ്യൂമര്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു.
സഞ്ജയ് രൗത്രേയും സരിതാ പാട്ടീലുമാണ് നിര്‍മാതാക്കള്‍. മാച്ച്‌ബോക്സ് ഷോട്‌സിന്റെ ബാനറില്‍ സഞ്ജയ് റൗത്രേ, സരിത പാട്ടീല്‍ എന്നിവര്‍ക്ക് പുറമെ ലകൂണ പിക്‌ചേഴ്‌സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവര്‍ പിക്‌ചേഴ്സ് ആന്‍ഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
സുരേഷ് കൃഷ്ണ, സെറിന്‍ ഷിഹാബ്, നന്ദു, ഫാഹിം സഫര്‍, ശിവ ഹരിഹരന്‍, കൃഷ്ണകുമാര്‍, ബാലാജി മോഹന്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയേഷ് മോഹനും അജ്മല്‍ സാബുവും ചേര്‍ന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് രാകേഷ് ചെറുമഠം. പാട്ടുകളും പശ്ചാത്തല സംഗീതവും ജെകെയുടേതാണ്. ധനുഷ് നായനാര്‍ ആണ് സൗണ്ട് ഡിസൈന്‍. ഇ4എന്റര്‍ടൈന്‍മെന്റിലൂടെ എ.പി ഇന്റര്‍നാഷണല്‍ ആണ് ചിത്രം വിതരണം ചെയ്യുന്നത്.