ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് ഫഹദ് എത്തുന്നത്. ചിത്രം ഫഹദിന്റെ മികച്ച പ്രകടനമായിരിക്കും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്ന് ട്രെയിലര്‍ ഉറപ്പ് നല്‍കുന്നു. ചിത്രമെന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് പോസ്റ്ററുകളിലും പാട്ടിലൂടെയുമെല്ലാം കണ്ടെത്താന്‍ ആരാധകര്‍ ശ്രമിച്ചുവെങ്കിലും അതിന് യാതൊരു സാധ്യതയും അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരുന്നില്ല, അതിന് തുടര്‍ച്ചയായി സസ്‌പെന്‍സ് നിലനിര്‍ത്തുന്നത് തന്നെയാണ് ട്രെയിലറും.
ചിത്രത്തില്‍ കന്യാകുമാരിയില്‍ പ്രവര്‍ത്തിക്കുന്ന വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറായാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. ഫെബ്രുവരി 20നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നേരത്തെ ചിത്രത്തിലെ 8 മിനിട്ടോളം രംഗങ്ങള്‍ ഒഴിവാക്കണമെന്ന് സിബിഎഫ്സിയുടെ തിരുവനന്തപുരം സെന്ററിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു തുടര്‍ന്ന രംഗങ്ങള്‍ മുറിച്ചുമാറ്റാനാവില്ലെന്ന് സംവിധായകന്‍ അന്‍വര്‍ റഷീദ് വ്യക്തമാക്കിയതോടെ ഹൈദരാബാദിലെ സിബിഎഫ്സി റിവൈസിങ് കമ്മിറ്റിയുടെ പുനപ്പരിശോധനയ്ക്ക് ചിത്രം അയച്ചിരുന്നു, കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് കമ്മിറ്റി ചിത്രം കണ്ട് ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരുന്നനു.
നസ്റിയയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ ഗൗതം മേനോന്‍ എന്നിവരും വേഷമിടുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രം കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെയായി ഷൂട്ടിങ്ങിലായിരുന്നു.
അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. ജാക്‌സണ്‍ വിജയനാണ സംഗീതം. അജയന്‍ ചാലിശേരിയാണ് കലാസംവിധാനം. ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമെന്നാണ് ട്രാന്‍സിനെക്കുറിച്ച് അജയന്‍ ചാലിശേരി ഫേസ്ബുക്കില്‍ കുറിച്ചത്.വിനായകന്‍ ചിത്രത്തിനായി ഒരു പാട്ടൊരുക്കുന്നുവെന്ന് ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.