'മൂന്ന് മികച്ച മലയാള സിനിമകൾക്ക് മുന്നിൽ ഹിന്ദി സിനിമ ശരിക്കും പിന്നിലാണ്'; മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് അനുരാ​ഗ് കശ്യപ്

'മൂന്ന് മികച്ച മലയാള സിനിമകൾക്ക് മുന്നിൽ ഹിന്ദി സിനിമ ശരിക്കും പിന്നിലാണ്'; മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് അനുരാ​ഗ് കശ്യപ്
Published on

മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് സംവിധായകൻ അനുരാ​​ഗ് കശ്യപ്. ലളിതവും അസാധാരണവുമായ ആത്മവിശ്വാസം പുലർത്തുന്ന സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന് അനുരാ​ഗ് കശ്യപ്. ഇന്ത്യയിലെ എല്ലാ ബി​ഗ് ബഡ്ജറ്റ് സിനിമകളെക്കാൾ മികച്ചതാണ് ഈ ചിത്രമെന്നും മൂന്ന് മികച്ച മലയാളം സിനിമകളുടെ മുന്നിൽ ഹിന്ദി സിനിമ പിന്നോട്ട് പോവുകയാണെന്നും അനുരാ​ഗ് കശ്യപ് ലെറ്റർ ബോക്സിൽ കുറിച്ചു.

അനുരാ​ഗ് കശ്യപ് പറഞ്ഞത്:

ലളിതവും അസാധാരണമായ ആത്മവിശ്വാസം പുലർത്തുന്ന മുഖ്യധാരാ ചലച്ചിത്രനിർമ്മാണം. ഇന്ത്യയിലെ എല്ലാ ബിഗ് ബജറ്റ് സിനിമകളേക്കാളും വളരെ മികച്ചതാണ് ഈ സിനിമ. ആത്മവിശ്വാസം നിറഞ്ഞതും, അസാധ്യവുമായ കഥപറച്ചിൽ. ഈ ആശയത്തെ എങ്ങനെ ഒരു നിർമാതാവിന് വിൽക്കുമെന്നാണ് ഞാൻ ചിന്തിച്ചത്. ഹിന്ദിയിൽ സിനിമയിൽ അവർക്ക് ഇത്തരം സിനിമകളുടെ റീമേക്ക് മാത്രമേ ചെയ്യാൻ കഴിയൂ. മൂന്ന് മികച്ച മലയാള സിനിമകളുടെ മുന്നിൽ ഹിന്ദി സിനിമ ശരിക്കും പിന്നിലാണ്.

തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ജാൻ-എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ഈ ചിത്രം ആ​ഗോള ബോക്സ് ഓഫീസിൽ 100 കോടിയും പിന്നിട്ട് കുതിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നും അപ്രതീക്ഷിതവും അതി​ഗംഭീരവുമായ പ്രതികരണമാണ് ചിത്രം നേടുന്നത്. തമിഴ്നാട്ടിൽ നിന്നും 10 കോടി ​ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടവും മഞ്ഞുമ്മൽ ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്. ഉദയനിധി സ്റ്റാലിൻ, കാർത്തിക് സുബ്ബരാജ്, പാരഞ്ജിത്ത്, വെങ്കട്ട് പ്രഭു, സിദ്ധാർത്ഥ് തുടങ്ങി നിരവധി തമിഴ് സിനിമ പ്രവർത്തകർ ഇതിനകം തന്നെ മഞ്ഞുമ്മൽ ബോയ്സിനെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരുന്നു.

വെങ്കട്ട് പ്രഭു പറഞ്ഞത്:

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം സെലിബ്രേറ്റ് ചെയ്യപ്പെടുകയാണ്. അതിൽ എനിക്ക് അഭിമാനമുണ്ട്. കാരണം എന്തെന്നാൽ എപ്പോഴും ​ഹീറോ ഹീറോയിൻ സിനിമകളാണ് വന്നു കൊണ്ടിരിക്കുന്നത്, അതേ സമയം ഒരു ഹീറോയിനില്ലാതെ ഒരു കൂട്ടം ചെറുപ്പക്കാരെ വച്ച് ഒരു പടം എടുത്തിരിക്കുന്നു. അത് നമ്മുടെ തമിഴ്നാട്ടിൽ വന്ന് നമ്മുടെ തമിഴ്പടങ്ങളെക്കാൾ വലിയ രീതിയിൽ ഓടിക്കൊണ്ടിരിക്കുന്നു. നമുക്ക് ഭാഷയല്ല, കലയാണ് മുഖ്യം.

പാ.ര‍ഞ്ജിത് പറഞ്ഞത്:

മ‍ഞ്ഞുമ്മൽ ബോയ്സിൽ തിരക്കഥ എന്നത് അതിഭയങ്കരമായ ഒന്നാകണം എന്നവർ ആലോചിച്ചിരിക്കില്ല,വളരെ ലളിതമാണത്. ഹീറോയ്ക്ക് വേണ്ടി ഒരു പാട്ടൊക്കെ ചെയ്ത് ഒരു കഥാപാത്രത്തെയും പ്രത്യേകമായി മാറ്റിവയ്ക്കാതെ വളരെ ലളിതമായാണ് അവർ അത് ചെയ്തിരിക്കുന്നത്. ഫസ്റ്റ് ഹാഫ് തീരുമ്പോൾ എന്താടാ ഇത് ഇത്ര പെട്ടന്ന് കഴിഞ്ഞത് എന്ന് തോന്നും. സെക്കന്റ് ഹാഫ് ക്ലെെമാക്സിൽ ഒരു പാട്ട് വച്ച് നമ്മളെ എല്ലാവരെയും ആ സിനിമ ഭയങ്കരമായി കണ്ക്ട് ചെയ്തിട്ടുമുണ്ട്.

ലൂസിഫർ, പുലിമുരുകന്‍, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം തിയറ്റർ കലക്‌ഷനിലൂടെ 100 കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മലയാള ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.സമീപകാലത്തൊന്നും ഒരു മലയാള സിനിമയ്ക്ക് കിട്ടാത്ത സ്വീകാര്യതയാണ് തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നത്. ദിവസത്തിൽ 1200 ൽ അധികം ഷോകളാണ് തമിഴ്നാട്ടിൽ മഞ്ഞുമ്മലിനുള്ളത്. ​ഗുണ കേവും കമൽ ഹാസൻ സിനിമായ ​ഗുണയുടെ റെഫറൻസുകളുമെല്ലാം തമിഴ്നാട്ടിലെ മഞ്ഞുമ്മലിന്റെ വിജയത്തിന് കാരണങ്ങളാണ്.

2006 ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് മഞ്ഞുമ്മൽ ബോയ്സിന്റെ പ്രമേയം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in