നിര്‍മ്മാതാവ് ആന്റോ ജോസഫ് യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദാബിയില്‍ എത്തിയാണ് അദ്ദേഹം ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിലെ ഗവണ്‍മെന്റ് അഫയേഴ്സ് മേധാവി ബാദ്രേയ്യ അല്‍ മസ്റൂയി, പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി, മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ സാലേഹ് അല്‍ അഹ്മദി, ഹെസ്സ അല്‍ ഹമ്മാദി എന്നിവര്‍ ഗോള്‍ഡന്‍ വിസ കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു.
മലയാളത്തില്‍ നിന്ന് ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന ആദ്യ നിര്‍മ്മാതാവാണ് ആന്റോ ജോസഫ്. പതിവ് വേഷമായ ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് അദ്ദേഹം ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയത്.
യു.എ.ഇയുടെ വലിയ ബഹുമതികളിലൊന്ന് സാധ്യമാക്കി തന്നെ എം.എ.യൂസഫലിക്ക് നന്ദി പറയുന്നതായി ഗോള്‍ഡന്‍ വിസ സ്വീകരിച്ച ശേഷം ആന്റോ ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ ഒരു സിനിമാനിര്‍മാതാവിന്റെ മേല്‍വിലാസം മാത്രമുള്ള തനിക്ക് യു.എ.ഇയുടെ വലിയ ബഹുമതികളിലൊന്ന് ഒരിക്കലും സങ്കല്പിക്കാനാകുന്ന ഒന്നല്ലെന്നും ഇത് സാധ്യമാക്കി തന്ന എം എ യൂസഫലിയ്ക്ക് നന്ദി പറയുന്നതായും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
മമ്മൂട്ടിക്കും മോഹന്‍ലാലിനും ആയിരുന്നു മലയാള സിനിമയില്‍ നിന്ന് ആദ്യം യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചത്. പിന്നീട് പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, സിദ്ദിഖ് തുടങ്ങിയ താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.