ധനുഷിന്റെ ഗ്യാംഗ്സ്റ്റര്‍ അവതാര്‍, ആന്റോ ജോസഫ് ഫിലിം കമ്പനി കാര്‍ത്തിക് സുബ്ബരാജ് ചിത്രം കേരളത്തിലെത്തിക്കും
ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഗ്യാംഗ്സ്റ്റര്‍ ചിത്രം കേരളത്തിലെത്തിക്കാന്‍ ആന്റോ ജോസഫ് ഫിലിം കമ്പനി. ലണ്ടനില്‍ പ്രധാനമായും ചിത്രീകരിച്ച ഈ സിനിമ 2020ലെ ഏറ്റവും കാത്തിരിപ്പുള്ള തമിഴ് പ്രൊജക്ടുകളില്‍ ഒന്നാണ്. ധനുഷിനൊപ്പം ജോജു ജോര്‍ജ്ജും ഐശ്വര്യലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രവുമാണിത്.
ധനുഷ്-കാര്‍ത്തിക് സുബ്ബരാജ് ഗാംഗ്‌സ്റ്റര്‍ ആക്ഷന്‍ ചിത്രം ആന്റോ ജോസഫിന്റെ നേതൃത്വത്തിലുള്ള ആന്റോ ജോസഫ് ഫിലിം കമ്പനി കേരളത്തില്‍ വിതരണത്തിനെടുത്തതായി നിര്‍മ്മാതാക്കളായ വൈ നോട്ട് സ്റ്റുഡിയോ ആണ് അറിയിച്ചത്. റിലയന്‍സ് എന്റര്‍ടെയിന്‍മെന്റുമായി സഹകരിച്ചാണ് എസ്.ശശികാന്ത് ചിത്രം നിര്‍മ്മിക്കുന്നത്. ധനുഷിന്റെ ഇതുവരെ വന്നതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രവുമാണ് ഡി40. ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ മാലിക് ആണ് ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മ്മിക്കുന്ന പുതിയ സിനിമ. രണ്ട് കാലഘട്ടങ്ങളിലായി കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രം മാലിക് 25 കോടിയിലേറെ മുതല്‍മുടക്കിലാണ് ഒരുങ്ങുന്നത്. പൃഥ്വിരാജും ടോവിനോ തോമസും നായകനായ കറാച്ചി 81 എന്ന ചിത്രവും ആന്റോ ജോസഫ് പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രേവ് ഹര്‍ട്ട്, ബന്‍ഹര്‍, ട്രോയ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജെയിംസ് കോസ്‌മോ കാര്‍ത്തിക് സുബ്ബരാജ് ധനുഷ് ചിത്രത്തില്‍ പ്രധാന റോളിലെത്തുന്നുണ്ട്. റോബര്‍ട്ട് ഡിനിറോ, മോര്‍ഗന്‍ ഫ്രീമാന്‍, അല്‍പാച്ചിനോ എന്നിവരെ ധനുഷിനൊപ്പം പ്രധാന റോളില്‍ കാര്‍ത്തിക് സുബ്ബരാജ് ആലോചിച്ചിരുന്ന ചിത്രവുമാണ് ഡി 40. അല്‍പാച്ചിനോയുമായി കരാര്‍ ചെയ്യുന്നതിനായി രണ്ട് മാസത്തോളം കാര്‍ത്തിക് സുബ്ബരാജ് ലണ്ടനില്‍ ചെലവഴിച്ചിരുന്നു.
ധനുഷിന്റെ നാല്‍പ്പതാം സിനിമയെന്ന നിലയില്‍ ഡി 40 എന്ന പേരില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമയില്‍ സുരുളി, പ്രഭു എന്നീ കഥാപാത്രങ്ങളായ ഡബിള്‍ റോളില്‍ ധനുഷ് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സഞ്ജനാ നടരാജന്‍, കലയരസന്‍, ദീപക് പ്രമേഷ്, ദേവന്‍ എന്നിവരും ചിത്രത്തിലുണ്ട്. രജനീകാന്ത് നായകായ പേട്ട എന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറിന് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ഡി40.