'നിർമാതാക്കൾ പണം മുടക്കി തിയറ്ററിലേക്ക് പ്രേക്ഷകരെയത്തിക്കുന്ന അപകടകരമായ പ്രവണതയാണ് ഇപ്പോൾ നിലനിൽക്കുന്നത്'; ആരോപണവുമായി അനൂപ് മേനോൻ

'നിർമാതാക്കൾ പണം മുടക്കി തിയറ്ററിലേക്ക് പ്രേക്ഷകരെയത്തിക്കുന്ന അപകടകരമായ പ്രവണതയാണ് ഇപ്പോൾ നിലനിൽക്കുന്നത്'; ആരോപണവുമായി അനൂപ് മേനോൻ
Published on

നിർമാതക്കൾ പണം മുടക്കി പ്രേക്ഷകരെ തിയറ്ററിലേക്ക് കൊണ്ടു വരേണ്ട അപകടകരമായ ഒരു പ്രവണതയാണ് മലയാള സിനിമയിൽ ഇപ്പോൾ നിലനിൽക്കുന്നത് എന്ന് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ. ഇതിന് വേണ്ടി ചിലവാക്കേണ്ടി വരുന്നത് ഭീമമായ ഒരു തുകയാണ് എന്നും ഈ അവസ്ഥ സങ്കടകരമാണ് എന്നും അനൂപ് മേനോൻ പറഞ്ഞു. ചെക്ക്മേറ്റ്' എന്ന സിനിമയുടെ ആദ്യ പ്രദർശനം കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം.

അനൂപ് മേനോൻ പറഞ്ഞത്:

റിവ്യൂസിലൊക്കെ പറയുന്നത് പോലെ ടെക്നിക്കലി വളരെ ബ്രില്യന്റായ ഒരു സിനിമ ഇവിടെയുണ്ടായി. എന്നാൽ അതിന് അനുസരിച്ചുള്ള ഒരു പിന്തുണ നമ്മുടെ ഭാ​ഗത്ത് നിന്ന് ഉണ്ടോയെന്ന് കാര്യം സംശയമാണ്. ഇത് രണ്ടാമത്തെ ദിവസമാണ്. മലയാള സിനിമയിൽ ഇപ്പോൾ കണ്ടുവരുന്ന ഒരു ട്രെന്റ് എന്താണെന്നു വച്ചാൽ ആദ്യത്തെ രണ്ട് ദിവസം കാശ് കൊടുത്ത് തിയറ്ററിൽ ആളെ കൊണ്ടുവരണം എന്നാലെ തിയറ്ററിൽ ആളുള്ളൂ എന്ന അവസ്ഥയാണ്. മാർക്കറ്റിം​ഗിന് വേണ്ടിയുള്ള ബഡ്ജറ്റിൽ നിന്നും വലിയൊരു ഭാ​ഗം തിയറ്ററിലേക്ക് ആളെകൊണ്ടു വരാൻ വേണ്ടി ഉപയോ​ഗിക്കുന്നു എന്നതാണ്. അത് വളരെ അപകടകരവും സങ്കടകരവുമായ അവസ്ഥയാണ്. അതിനുള്ള സാമ്പത്തിക ഭ​ദ്രത ഈ കുട്ടികൾക്ക് ഇല്ലാത്തത് കൊണ്ടു തന്നെ അങ്ങനെയൊരു കാര്യം നമ്മൾ ചെയ്തിട്ടില്ല. അങ്ങനെ ചെയ്യേണ്ടി വരും. അല്ലെങ്കിൽ ഇത്തരം സിനിമകൾക്ക് ഇവിടെ ഇടം കിട്ടാതെയാകും. വളരെ അപകടകരമായ ഒരു അവസ്ഥയിലൂടെയാണ് സിനിമ കടന്നു പോകുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ഈ വർഷം നമുക്ക് ഒരുപാട് വലിയ ഹിറ്റ് സിനിമകൾ ഉണ്ടായി പക്ഷേ ഹിറ്റുകളാവാത്ത ഒരുപാട് സിനിമകൾ ഇനിയും ഇരിക്കുന്നു. ഒടിടി എന്നത് തന്നെ ഏകദേശം പൂർണ്ണമായും ഇല്ലാതെയായിരിക്കുന്നു. വലിയ സന്തോഷമുള്ളത് ഈ സിനിമയുടെ റിവ്യൂസ് എല്ലാം പോസ്റ്റീവ് ആണ് എന്നതാണ്.

പ്രേക്ഷകർ കണ്ട് മറ്റു പ്രേക്ഷകരിലേക്ക് എത്തുക എന്നല്ലാതെ ഒരു സിനിമ വിജയിക്കാൻ മറ്റൊരുവിധ മാർ​ഗവുമില്ല. കഴിഞ്ഞ നാലു വർഷങ്ങൾ ഈ സിനിമക്ക് വേണ്ടി കഷ്ടപ്പെട്ട അമേരിക്കൻ മലയാളികളായ സുഹൃത്തുക്കളാണ് ചെക്ക്മേറ്റ് എന്ന സിനിമക്ക് പിന്നിൽ. ഇവർ എല്ലാവരും ജോലിയുള്ള ആൾക്കാരാണ്. അവർ എത്ര തന്നെ ശ്രമിച്ചിട്ടും ഇവിടുത്തെ വലിയ വിതരണക്കാരൊന്നും ഈ സിനിമ വാങ്ങാൻ തയ്യാറായില്ല. ട്രെയ്ലർ ലോഞ്ച് ചെയ്യാൻ പോലും ഒരു വലിയ പേരുകാരും മുന്നോട്ടു വന്നില്ല. അതൊക്കെ വലിയ വിഷമമുണ്ടാക്കിയ കാര്യങ്ങളാണ്. ഇന്നലെ പ്രദർശനത്തിനെത്തിയ ഈ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. അത് വളരെ സന്തോഷമുള്ള കാര്യമാണ്. പക്ഷെ അതെല്ലാം ടിക്കറ്റുകളായി മാറുമോ എന്നതിൽ ഇനിയും ഒരുറപ്പും പറയാനാവില്ലെന്ന അവസ്ഥയാണ്.

ചെക്ക്മേറ്റ് ഒരു സാധാരണ സിനിമയല്ല. ഈ സിനിമക്ക് ഒരു പൂർവ്വ മാതൃകയുമില്ല. ഇതുപോലൊരു സിനിമ സംഭവിക്കുന്നത് ഇവിടെ ആദ്യമാണ്. അതുകൊണ്ടുതന്നെ ഈ സിനിമയെ കാണാനും വിശ്വസിക്കാനും അം​ഗീകരിക്കാനും ഒരു കാലതാമസം പ്രേക്ഷകരുടെ ഭാ​ഗത്ത് ഉണ്ടാകും. അത് എത്രയും വേ​ഗം അവസാനിച്ച് പ്രേക്ഷകർ തിയറ്ററിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അനൂപ് മേനോൻ പറഞ്ഞു

Related Stories

No stories found.
logo
The Cue
www.thecue.in