പകൽ നക്ഷത്രങ്ങളുടെ കഥ മുറിയിൽ പൂട്ടിയിട്ട് സംവിധായകൻ രാജീവ് നാഥ് തന്നെക്കൊണ്ട് എഴുതിച്ചതാണ് എന്ന് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ. അഞ്ച് ദിവസത്തേക്ക് മോഹൻലാലിന്റെ ഡേറ്റ് കിട്ടിയിട്ടുണ്ട് അതുകൊണ്ട് പെട്ടന്ന് എഴുതണം എന്ന് പറഞ്ഞാണ് പകൽ നക്ഷത്രങ്ങൾ എന്ന സിനിമ എഴുതുന്നത് എന്നും അനൂപ് മേനോർ പറയുന്നു. തന്നെ സംബന്ധിച്ചിടത്തോളം മോഹൻലാലിനെ വച്ച് ഒരു സിനിമ എഴുതുക എന്നത് വലിയൊരു അവസരമായിരുന്നു എന്നും അങ്ങനെ രണ്ട് ദിവസം കൊണ്ടാണ് കഥയുടെ വൺലെെൻ എഴുതുന്നത് എന്നും ഫിൽമി ബീറ്റിന് നൽകിയ അഭിമുഖത്തിൽ അനൂപ് മേനോൻ പറഞ്ഞു.
അനൂപ് മേനോൻ പറഞ്ഞത്:
പകൽ നക്ഷത്രം എന്ന സിനിമ എഴുതുമ്പോൾ എനിക്ക് പ്രഷർ ഉണ്ടായിട്ടില്ല. കാരണം സമ്മർദ്ദത്തിലാവാൻ എനിക്ക് അവിടെ അവസരം കിട്ടിയിരുന്നില്ല. അഞ്ച് ദിവസത്തേക്ക് മോഹൻലാലിന്റെ ഡേറ്റ് കിട്ടിയിട്ടുണ്ട് അതുകൊണ്ട് പെട്ടന്ന് എഴുതണം എന്ന് പറഞ്ഞ് എന്നെ ഒരു മുറിക്ക് അകത്തിട്ട് പൂട്ടുകയായിരുന്നു അന്ന് രാജീവേട്ടൻ. ഗുൽമോഹർ എന്ന സിനിമയുമായി ബന്ധപ്പെട്ട് അപ്പുറത്തെ റൂമിയിൽ അന്ന് രഞ്ജിയേട്ടനും ജയരാജേട്ടനും ഉണ്ട്. ഞങ്ങൾ അന്ന് തിരക്കഥ എന്ന ചിത്രത്തിന്റെ രണ്ട് ഷെഡ്യൂൾ കഴിഞ്ഞിരിക്കുന്ന സമയമാണ്. എന്നെ സംബന്ധിച്ചിടത്തോളം മോഹൻലാലിനെ വച്ച് ഒരു സിനിമ എഴുതുക എന്നത് വലിയൊരു അവസരമല്ലേ? അങ്ങനെ ഇരുന്ന് എഴുതി. ആ രണ്ട് ദിവസം കൊണ്ട് അത് എഴുതി തീർത്തു. വൺലെെൻ ആണ് എഴുതിയത്. ഫുൾ സ്ക്രിപ്റ്റ് അല്ല. എഴുതി തീർത്ത് പുറത്ത് വന്നപ്പോൾ ജയരാജേട്ടനും രഞ്ജിയേട്ടനും അപ്പുറത്തെ റൂമിൽ ഉണ്ട്. എന്താ പരിപാടി എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ചേട്ടാ സ്ക്രിപ്റ്റ് എഴുതി തീർത്തിട്ട് വരികയാണ് എന്ന്. സ്ക്രിപ്റ്റ് എഴുതി തീർത്തോ നീ ഇന്നല അല്ലേ അതിനുള്ളിലേക്ക് പോയത് എന്ന് ചോദിച്ചു. അങ്ങനെ സംഭവിച്ചതാണ് അത്. ലാലേട്ടനെ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് അറിയാം ഏറെക്കുറെ അദ്ദേഹത്തിന്റെ മുഴുവൻ സീക്വൻസും ആ റൂമിന് അകത്താണ്. അതെല്ലാം വിസ്മയ സ്റ്റുഡിയോയ്ക്ക് അകത്ത് ഷൂട്ട് ചെയ്തതാണ്. അതുകൊണ്ട് പ്രഷർ അടിക്കാൻ എനിക്ക് സമയം ഉണ്ടായിരുന്നില്ല.
2008-ൽ അനൂപ് മേനോന്റെ തിരക്കഥയിൽ രാജീവ് നാഥ് സംവിധാനം ചെയ്ത് മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു പകൽ നക്ഷത്രങ്ങൾ. ചിത്രത്തിൽ സിദ്ധാർത്ഥൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ചിത്രത്തിൽ മോഹൻലാലിന്റെ മകനായ ആദി എന്ന കഥാപാത്രമായാണ് അനൂപ് മേനോൻ എത്തിയത്.