'കഥയാണ് കാര്യം'; നിർമാണ രം​ഗത്തേക്ക് ചുവട് വച്ച് അൻജന ഫിലിപ്പും വി.എ ശ്രീകുമാറും

'കഥയാണ് കാര്യം'; നിർമാണ രം​ഗത്തേക്ക് ചുവട് വച്ച് അൻജന ഫിലിപ്പും വി.എ ശ്രീകുമാറും
Published on

മിന്നൽ മുരളി, ആർഡിഎക്സ് എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളുടെ സഹ നിർമാതാവായ അൻജന ഫിലിപ്പും സിനിമ-പരസ്യ ചലച്ചിത്ര സംവിധായകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമാ വി.എ ശ്രീകുമാറും സംയുക്തമായി സിനിമാ നിർമ്മാണത്തിലേക്ക് ചുവടു വയ്ക്കുന്നു. സംയുക്ത സിനിമാ സംരംഭത്തിന്റെ ദൃശ്യമുദ്ര നടൻ മോഹൻലാൽ പ്രകാശനം ചെയ്തു. ആദ്യ നിർമാണ ചിത്രം ജനുവരിയിൽ പാലക്കാട് ചിത്രീകരണം ആരംഭിക്കും. വലിപ്പത്തിലേക്ക് വളരുന്ന മലയാളം ഉൾപ്പെട്ട തെന്നിന്ത്യൻ സിനിമയ്ക്കൊപ്പം അൻജന - വാർസ് സംരംഭങ്ങളും ഇനി ഉണ്ടെന്നത് ഏറെ സന്തോഷകരമാണെന്നും ഏറ്റവും മികച്ച കഥകൾ കണ്ടെത്തി മുന്നേറാനുള്ള ഈ സംരഭത്തിന് തന്റെ എല്ലാ വിധത്തിലുമുള്ള ആശംസകളും പ്രാർത്ഥനയും ഉണ്ടാകുമെന്നും മോഹൽ ലോ​ഗോ പ്രകാശനം ചെയ്ത് മോഹൻ‌ലാൽ പറഞ്ഞു. ജോഷി സംവിധാനം ചെയ്ത ലൈല ഓ ലൈല സിനിമയുടെ നിർമ്മാതാവായ മലയാളി സംരംഭകൻ സന്തോഷ് കോട്ടായിയും ഈ സംയുക്ത പദ്ധതിയുടെ ഭാഗമാണ്.

കാമ്പും കാതലുള്ള ഉള്ളടക്കം കണ്ടെത്തി ചലച്ചിത്ര മാധ്യമത്തിൽ ആവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അൻജന ടാക്കീസും വാർസ് സ്റ്റുഡിയോയും ഒന്നിക്കുന്നത്. ആറോളം പ്രൊജക്ടുകളുടെ രചനാ ജോലികൾ പൂർത്തിയായി വരുകയാണ്. സാഹിത്യത്തിലെ സമകാലിക എഴുത്തുകാരായ എസ്. ഹരീഷ്, സി.പി സുരേന്ദ്രൻ, ലാസർ ഷൈൻ, വിനോയി തോമസ്, വി. ഷിനിലാൽ, അബിൻ ജോസഫ് തുടങ്ങിയവരുടെ രചനയിലാണ് ആദ്യ സിനിമകൾ. സാഹിത്യം, നടന്ന സംഭവങ്ങൾ- എന്നീ സ്രോതസ്സുകളിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ സിനിമയുടെ ഉള്ളടക്കങ്ങൾ കണ്ടെത്തുന്നത്. ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യരായ സംവിധായകരെ ചുമതലപ്പെടുത്തുന്ന രീതിയായിരിക്കും അവലംബിക്കുക എന്ന് അൻജന ഫിലിപ്പ് പറഞ്ഞു. നല്ല കഥകൾ കണ്ടെത്തുവാനായി എന്നതാണ് നിർമ്മാണം ആരംഭിക്കാനുള്ള പ്രചോദനമെന്നും സിനിമകളോട് കുടുംബസമേതമുള്ള ഇഷ്ടമാണ് നിർമ്മാണത്തിലേക്ക് ഞങ്ങളെ നയിച്ചതെന്നും പറഞ്ഞ അൻജന ഫിലിപ്പ് സിനിമാ നിർമ്മാണ പ്രക്രിയയെ ഒരു വ്യവസായം എന്ന നിലയ്ക്ക് തികച്ചും പ്രൊഫഷണൽ രീതികളോടെയാകും സമീപിക്കുക എന്നും വ്യക്തമാക്കി.

എല്ലാ സിനിമകൾക്കും ഈ ലോകത്തെ എല്ലാവരും പ്രേക്ഷകരായ ഒരു കാലത്താണ് ഇന്ന് നമ്മൾ നിൽക്കുന്നത് എന്നും ഉള്ളടക്കമാണ് സിനിമയുടെ ജയം നിർണ്ണയിക്കുന്നതും തിയറ്ററുകൾ നിറയ്ക്കുന്നതും എന്നും വി.എ ശ്രീകുമാർ പറയുന്നു. അതുകൊണ്ട് തന്നെ അൻജന ടാക്കീസുമായി ചേർന്ന് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സിനിമകൾ കണ്ടെത്തിയത് ഈ പാഠങ്ങളിൽ നിന്നാണ് എന്ന് ശ്രീകുമാറും വ്യക്തമാക്കുന്നു. ‌

നോവലിസ്റ്റും കഥാകൃത്തും ഏദൻ, ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം- തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തുമായ എസ്.ഹരീഷിന്റ കഥയാണ് ആദ്യ ചലച്ചിത്രമാകുന്നത്. രചനയിൽ ഹരീഷിനൊപ്പം പങ്കാളിയായി പ്രേം ശങ്കർ ആദ്യ സിനിമ സംവിധാനം ചെയ്യും. പാലക്കാടൻ പശ്ചാത്തലത്തിലെ ഹാസ്യ പ്രമേയമാണ് ചിത്രത്തിന്റേത്. ഒഗിൾവി,ഗ്രേ, ഫിഷ്ഐ, മെക്കാൻ, പുഷ് 360 തുടങ്ങിയ പരസ്യ ഏജൻസികളിൽ ക്രിയേറ്റീവ് ഡയറക്ടറും ബ്രിട്ടാനിയ, ഐടിസി, ടിവിസി, ലിവൈസ്, റാംഗ്ലർ തുടങ്ങി അനേകം ബ്രാൻഡുകൾക്ക് പരസ്യചിത്രം സംവിധാനം ചെയ്ത പ്രേം ശങ്കറിന്റെ രണ്ടാമത്തെ സിനിമയാണിത്. ആദ്യ ചിത്രം രണ്ടു പേർ 2017ൽ ഐഎഫ്എഫ്കെയിൽ മത്സര ചിത്രമായിരുന്നു. മറ്റു സിനിമകളുടെയും സംവിധായകരുടെയും പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും.

Related Stories

No stories found.
logo
The Cue
www.thecue.in