രജനികാന്ത് ചിത്രം വേട്ടയ്യനിലെ 'മനസ്സായിലായോ' എന്ന ഹിറ്റ് ഗാനത്തിന്റ പിറവിയെക്കുറിച്ച് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ. പാട്ടിന്റെ ക്രെഡിറ്റ് മുഴുവൻ വിഷ്ണു എടവനും സൂപ്പർ സുബുവിനുമാണ്. തനിക്കും എഴുത്തുകാരൻ സൂപ്പർ സുബുവിനും മലയാളം അറിയില്ലായിരുന്നു. 'മനസ്സിലായോ' എന്ന വാക്ക് നേരത്തെ തന്നെ പോപ്പുലർ ആയതുകൊണ്ടാണ് അത് വെച്ച് പാട്ട് ചെയ്യാം എന്ന് കരുതിയത്. കേരള തമിഴ് നാട് ബോഡറാണ് പാട്ടിന്റെ പശ്ചാത്തലമായി സംവിധായകൻ പറഞ്ഞിരുന്നതെന്ന് ഗാനത്തിന്റെ മേക്കിങ് വിഡിയോയിൽ അനിരുദ്ധ് പറഞ്ഞു. ഗാനത്തിന്റെ പേര് ഉൾപ്പെടെ പ്രധാന വരികൾ മലയാളത്തിലാണ് ഒരുക്കിയിരിക്കുന്നത്.പ്രശസ്ത തമിഴ് ഗായകൻ മലേഷ്യ വാസുദേവന്റെ ശബ്ദം പാട്ടിന് വേണ്ടി എ ഐയിലൂടെ പുനഃസൃഷ്ടിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ട്രെൻഡിങ്ങാണ് ഗാനം ഇപ്പോൾ.
അനിരുദ്ധ് പറഞ്ഞത്:
'മനസ്സിലായോ' എന്ന വാക്ക് നേരത്തെ തന്നെ പോപ്പുലർ ആയതുകൊണ്ടാണ് അത് വെച്ച് പാട്ട് ചെയ്യാം എന്ന് കരുതിയത്. കേരള തമിഴ്നാട് ബോഡറിൽ നടക്കുന്ന ഒരു സംഭവമായിരുന്നു കഥയിലുള്ള സന്ദർഭം. സൂപ്പർ സുബുവിനും വിഷ്ണു എടവനുമാണ് ഈ പാട്ടിന്റെ എല്ലാ ക്രെഡിറ്റും. ആദ്യം സൂപ്പർ സുബുവാണ് പാട്ട് എഴുതിയത്. എനിക്കും സൂപ്പർ സുബുവിനും മലയാളം അറിയില്ലായിരുന്നു. അറിയാവുന്ന മലയാളത്തിൽ അദ്ദേഹം ഒന്ന് എഴുതി തന്നു. കേൾക്കാൻ അത് നന്നായിരുന്നു. രജിനികാന്തിന്റെ ഇൻട്രോ സോങ്ങുകളുടെ വരികളിൽ സാധാരണ സന്ദേശങ്ങൾ ഒക്കെ ഉണ്ടാകാറുണ്ട്. അതൊന്നും ഇല്ലാതെ ലളിതമായി ഒരു പാട്ട് ചെയ്യാം എന്നായിരുന്നു ആലോചന. സൂപ്പർ സുബു എഴുതിയ ആദ്യ ഡ്രാഫ്റ്റ് തന്നെ നന്നായി വന്നു. അതുകൊണ്ട് തന്നെ സുബുവിനും വിഷ്ണുവിനുമാണ് നന്ദി പറയേണ്ടത്.
ജയ് ഭീം എന്ന ഗംഭീര സിനിമയ്ക്ക് ശേഷം കെ ഇ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജിനികാന്ത് ചിത്രമാണ് വേട്ടയ്യൻ. ചിത്രത്തിൽ രജിനിയുടെ ഭാര്യയുടെ റോളിൽ മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരുമുണ്ട്. അമിതാബ് ബച്ചൻ, ഫഹദ് ഫാസിൽ, റാണു ദഗുബട്ടി എന്നിവർ ഉൾപ്പെടുന്ന വലിയ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. 1991 ൽ ഇറങ്ങിയ 'ഹം' എന്ന ചിത്രത്തിന് ശേഷം അമിതാഭ് ബച്ചനും രജിനികാന്തും സ്‌ക്രീനിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.