'രൺബീർ കപൂർ ചിത്രം അനിമൽ ഒ ടി ടി റിലീസ് പ്രതിസന്ധിയില്‍' ; ടി സീരിസിനും നെറ്റ്ഫ്ലിക്സിനും നോട്ടീസ് അയച്ച് ദില്ലി ഹൈക്കോടതി

'രൺബീർ കപൂർ ചിത്രം അനിമൽ ഒ ടി ടി റിലീസ് പ്രതിസന്ധിയില്‍' ; ടി സീരിസിനും നെറ്റ്ഫ്ലിക്സിനും നോട്ടീസ് അയച്ച് ദില്ലി ഹൈക്കോടതി
Published on

രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്‌ഡി വാങ്ക സംവിധാനം ചെയ്ത അനിമലിന്റെ ഒ ടി ടി റിലീസ് പ്രതിസന്ധിയില്‍. ചിത്രത്തിന്‍റെ നിര്‍മ്മാതക്കളായ ടി സീരിസിനും, ഒടിടി അവകാശം വാങ്ങിയ നെറ്റ്ഫ്ലിക്സിനും ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളികളായ സിനി1 സ്റ്റുഡിയോ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നോട്ടീസ് അയച്ചത്. സിനി 1 സ്റ്റുഡിയോയുടെ വാദങ്ങള്‍ പ്രകാരം ടി സീരിസുമായുള്ള കരാറിൽ ചിത്രത്തിന്‍റെ 35% ലാഭ വിഹിതത്തിനും ബൗദ്ധിക സ്വത്തവകാശത്തിനും തങ്ങൾക്ക് അവകാശമുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ റവന്യൂ വെളിപ്പെടുത്താതെയും കണക്ക് കാണിക്കാതെയും ടി സീരിസ് സാമ്പത്തികമായി പറ്റിക്കുന്നു എന്നാണ് സിനി 1 സ്റ്റുഡിയോ ആരോപിക്കുന്നത്.

2.6 കോടി രൂപ നൽകിയെന്നാണ് ടി സീരിസിന്റെ വാദം, എന്നാൽ സാമ്പത്തിക ഇടപാട് വഞ്ചനയാണെന്ന് തെളിയിക്കുന്ന രേഖകൾ തങ്ങളുടെ പക്കൽ ഉണ്ടെന്നാണ് പരാതിക്കാരായ സിനി 1 സ്റ്റുഡിയോയുടെ വാദം. സിനി 1 സ്റ്റുഡിയോസ് ഹാജരാക്കിയ രേഖകൾ സംബന്ധിച്ച് എതിര്‍കക്ഷികള്‍ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് സഞ്ജീവ് നരുലയാണ് കേസ് പരിഗണിച്ചത്. മാർച്ച് 15 നാണ് സത്യവാങ്മൂലം നല്‍കേണ്ടത്. വാദികള്‍ ഹാജരാക്കിയ രേഖകള്‍ സംബന്ധിച്ച് കൃത്യമായ പ്രതികരണം നല്‍കിയില്ലെങ്കില്‍ പിഴയടക്കം ചുമത്തുമെന്നും എതിര്‍ഭാഗത്തിന് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം അനിമലിന്‍റെ ഒടിടി, സാറ്റലൈറ്റ് റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഇടക്കാല ഹർജിയിൽ ജനുവരി 20-നകം പ്രതികരിക്കാൻ ടി സീരിസ് അടക്കം എതിര്‍ഭാഗത്തോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ജനുവരി 22 ന് വാദം കേൾക്കും.

ചിത്രം നെറ്റ്ഫ്ലിക്സിൽ ജനുവരി 26 ന് റിലീസ് ചെയ്യും എന്ന് മുൻപ് വാർത്തകളുണ്ടായിരുന്നു. രൺബീർ കപൂറിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായിരുന്നു അനിമൽ. ഡിസംബർ 1 ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 900 കോടിക്ക് മുകളിലാണ് നേടിയത്. ചിത്രത്തിനും സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്കക്കും നേരെ നിരവധി വിവാദങ്ങളും ഉയർന്നിരുന്നു. എന്നാൽ അനിമൽ ഹിന്ദി സിനിമയുടെ യഥാർത്ഥ ഗെയിം ചേഞ്ചർ ചിത്രമാണെന്നും ഈ കാലഘട്ടത്തിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്ന കലാകാരനാണ് സന്ദീപ് റെഡ്ഡി വാങ്കയെന്നുമാണ് സംവിധായകനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് അനുരാഗ് കശ്യപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ചിത്രത്തിൽ അനിൽ കപൂർ, രശ്മിക മന്ദാന, ശക്തി കപൂർ, ത്രിപ്തി ദിമ്രി, ബോബി ഡിയോൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിലെ രൺബീർ കപൂറിന്റെയും ബോബി ഡിയോളിന്റെയും ത്രിപ്തി ദിമ്രിയുടെയും കഥാപാത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in