രൺബീർ കപൂർ ചിത്രം അനിമൽ ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു

രൺബീർ കപൂർ ചിത്രം അനിമൽ ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു
Published on

കഴിഞ്ഞ വർഷം റിലീസ് ചെയ്ത ബോളിവുഡ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രവും നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയ ചിത്രവുമായ അനിമലിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2024 ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. തിയറ്ററുകളിൽ നിന്ന് ഒഴിവാക്കി എക്സ്റ്റെൻഡഡ് കട്ടുമായാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തുന്നത്.

വയലൻസ്, അമിത ലൈംഗികത നിറഞ്ഞ രംഗങ്ങൾ, സ്ത്രീ വിരുദ്ധത എന്നിവയൊക്കെയായിരുന്നു രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രത്തിനെതിരെ ഉയർന്നു വന്ന വിമർശനങ്ങൾ. രൺബീർ കപൂറിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായിരുന്നു അനിമൽ. നൂറ് കോടി ബഡ്ജറ്റിലൊരുങ്ങിയ ചിത്രം ഏകദേശം 915.53 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. തിയറ്ററിൽ ചിത്രത്തിന്റെ ദൈർഘ്യം മൂന്നുമണിക്കൂറും 21 മിനിറ്റുമായിരുന്നെങ്കിൽ ഒ.ടി.ടിയിലെത്തുമ്പോൾ ഇത് മൂന്നര മണിക്കൂറായിരിക്കും.രശ്മിക മന്ദാനയും രൺബീർ കപുറും ഒരുമിച്ചുള്ള കൂടുതൽ രം​ഗങ്ങളാണ് ഇതിലുൾപ്പെടുത്തിയിരിക്കുന്നതെന്ന് ഇ-ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. തിയറ്ററിൽ നിന്നും ഒഴിവാക്കപ്പെട്ട രം​ഗങ്ങൾ ഒടിടിയിലെത്തുമ്പോൾ ഉണ്ടാകുമെന്ന് സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അനിമൽ ഹിന്ദി സിനിമയുടെ യഥാർത്ഥ ഗെയിം ചേഞ്ചർ ചിത്രമാണെന്നും ഈ കാലഘട്ടത്തിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്ന കലാകാരനാണ് സന്ദീപ് റെഡ്ഡി വാങ്കയെന്നുമാണ് സംവിധായകനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് മുമ്പ് അനുരാഗ് കശ്യപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചിത്രത്തിൽ അനിൽ കപൂർ, രശ്മിക മന്ദാന, ശക്തി കപൂർ, ത്രിപ്തി ദിമ്രി, ബോബി ഡിയോൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിലെ രൺബീർ കപൂറിന്റെയും ബോബി ഡിയോളിന്റെയും ത്രിപ്തി ദിമ്രിയുടെയും കഥാപാത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in