പൊതുവേദിയിൽ നടി അഞ്ജലിയെ തള്ളിമാറ്റുന്ന ബാലയ്യയുടെ വീഡിയോയ്ക്ക് നേരെ ട്വിറ്ററിൽ വ്യാപക വിമർശനം. ഗ്യാങ്സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രമോഷന് മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടതായിരുന്നു നടനും രാഷ്ട്രീയ നേതാവുമായ ബാലയ്യ. വേദിയിൽ അണിയറ പ്രവർത്തകർക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടെയാണ് മാറി നിൽക്കെന്ന് ആവശ്യപ്പെട്ട് നടി അഞ്ജലിയെ നടൻ തള്ളിമാറ്റിയത്. സംഭവത്തിന്റെ വീഡിയ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോൾ. ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും രൂക്ഷ വിമർശനമാണ് ഇപ്പോൾ ബാലയ്യയ്ക്ക് നേരെ ഉയരുന്നത്.
ഗായിക ചിന്മയിയും സംവിധായകൻ ഹൻസൽ മേത്തയും ബാലയ്യയുടെ പ്രവർത്തിയെ അപലപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. വീഡിയോയിൽ ബാലയ്യ തള്ളിമാറ്റിയതിന് ശേഷം അഞ്ജലി ചിരിക്കുന്നുണ്ട് എന്ന കാരണത്താൽ ഇത്തരത്തിലുള്ള വിവാദങ്ങളെ അവഗണിക്കണമെന്ന് ആവശ്യപ്പെടുന്ന ആളുകൾക്കെതിരെയാണ് ചിന്മയി ട്വിറ്ററിൽ പോസ്റ്റിട്ടത്.
അതേസമയം ബാലയ്യയോടൊപ്പമുള്ള വീഡിയോ പങ്കിട്ട് നടി അഞ്ജലി തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ഗ്യാങ്‌സ് ഓഫ് ഗോദാവരി പ്രീ-റിലീസ് ഇവൻ്റിൽ പങ്കെടുത്തതിന് ബാലകൃഷ്ണയോട് അഞ്ജലി നന്ദി അറിയിച്ചിട്ടുണ്ട്. താനും ബാലകൃഷ്ണയും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നവരാണെന്നും കൂടാതെ വളരെക്കാലമായി നല്ല സൗഹൃദം പങ്കിടുന്നുവെന്നും അദ്ദേഹത്തോടൊപ്പം വീണ്ടും വേദി പങ്കിടാൻ സാധിച്ചതിലെ സന്തോഷം പങ്കുവയ്ക്കുന്നുവെന്നും ട്വിറ്ററിലൂടെ അഞ്ജലി അറിയിച്ചു.
ആദ്യമായല്ല നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ ജൂനിയർ താരങ്ങളോട് അപമര്യാദയായി പെരുമാറുന്നതും വിവാദത്തിൽ പെടുന്നതും. 2016 ൽ ഒരു സിനിമാ പരിപാടിക്കിടെ സ്ത്രീ അഭിനേതാക്കളെ കുറിച്ച് ബാലയ്യ നടത്തിയ സ്ത്രീവിരുദ്ധ പരാമർശവും വലിയ തരത്തിലുള്ള വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. താൻ സ്‌ക്രീനിൽ സ്ത്രീകളെ വശീകരിച്ചാൽ തന്റെ ആരാധകർക്ക് സന്തോഷമാവില്ലെന്നും താൻ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അവർ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ബാലകൃഷ്ണയുടെ പരാമർശം. 'ഞാൻ പെൺകുട്ടികളെ വശീകരിക്കുകയോ ടീസ് ചെയ്യുകയോ ചെയ്താൽ അവർ സമ്മതിക്കുമോ? അവർ അംഗീകരിക്കില്ല. ഒന്നുകിൽ അവളെ ചുംബിക്കണം അല്ലെങ്കിൽ അവളെ ഗർഭിണിയാക്കണം. അതിന് താൻ തയ്യാറാവണം എന്നാണ് അന്ന് ബാലയ്യ പറഞ്ഞത്. സംഭവം വിവിദാമായതോടെ ബാലകൃഷ്ണ അംഗമായ തെലുഗുദേശം പാർട്ടി ബാലകൃഷ്ണയുടെ പേരിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് പ്രസ്താവന പുറത്തിറക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.