'ഇതെന്താടാ ആഴ്ചപ്പതിപ്പിലെ കഥയോ'; കാളസ്തിയുടെ കഥയുമായി 'അഞ്ചക്കള്ളകോക്കാൻ' ട്രെയ്ലർ

'ഇതെന്താടാ ആഴ്ചപ്പതിപ്പിലെ കഥയോ'; കാളസ്തിയുടെ  കഥയുമായി 'അഞ്ചക്കള്ളകോക്കാൻ' ട്രെയ്ലർ
Published on

പേരിലും ലുക്കിലും പോസ്റ്റർ ഡിസൈനിലും നി​ഗൂഢത നിലനിർത്തി ചെമ്പൻ‌ വിനോദ് നിർമിച്ച് സഹോദരൻ ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന 'അഞ്ചക്കള്ളകോക്കാന്റെ' ട്രെയ്ലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. 1980 കാലഘട്ടത്തിന്റെ അവസാനം കേരള കർണാടക അതിർത്തിയിലെ കാളഹസ്തി എന്ന ​ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് 'അഞ്ചക്കള്ളകോക്കാൻ'. കാളഹസ്തിയിലെ പോലീസ് സ്റ്റേഷനും അവിടേക്ക് പുതുതായി എത്തുന്ന പോലീസുകാരനെയുമാണ് ട്രെയ്ലറിൽ കാണാൻ കഴിയുന്നത്. പൊറാട്ട് എന്ന കലാരൂപത്തെ മുൻനിർത്തിയാണ് ചിത്രത്തിന്റെ കഥ. ജല്ലിക്കട്ട്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ചുരുളി, സുലൈഖ മൻസിൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ചെമ്പൻ വിനോദിന്റെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രമാണ് അഞ്ചക്കള്ളകോക്കാൻ. ചിത്രം മാർച്ച് 15 ന് തിയറ്ററുകളിലെത്തും.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി സിനിമ രം​ഗത്തെത്തിയ ആളാണ് ഉല്ലാസ് ചെമ്പൻ. പാമ്പിച്ചി എന്ന ഷോർട്ട് ഫിലിമും അദ്ദേഹം മുമ്പ് സംവിധാനം ചെയ്തിട്ടുണ്ട്. ലുഖ്മാൻ അവറാൻ, ചെമ്പൻ വിനോദ്, മണികണ്ഠൻ ആചാരി, മെറിൻ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത്‌ രവി, സെന്തിൽ കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്. ചെമ്പൻ വിനോദ് ജോസിനൊപ്പം ദിപൻ പട്ടേൽ, സജിന‍് അലി, ഹംസ തിരുനാവായ എന്നിവരും നിർമാതാക്കളായുണ്ട്. നടവരമ്പൻ പീറ്റർ എന്ന കഥാപാത്രത്തെയാണ് ചെമ്പൻ വിനോദ് ജോസ് "അഞ്ചക്കള്ളകോക്കാൻ" എന്ന സിനിമയിൽ അവതരിപ്പിക്കുന്നത്.

എ ആൻഡ് എച് എസ് പ്രൊഡക്ഷനാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ സംവിധായകൻ ഉല്ലാസ് ചെമ്പനും വികിൽ വേണുവും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ആർമോ ഛായാഗ്രഹണം ഒരുക്കുന്നു. മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിംഗ് രോഹിത് വി എസ് വാരിയത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in