സാമൂഹ്യ അകലം പാലിക്കുകയും അനാവശ്യ കൂടിച്ചേരലുകൾ ഒഴിവാക്കുകയും ചെയ്യേണ്ട സാഹചര്യത്തിൽ തന്റെ അനുവാദം കൂടാതെ വീട്ടിലേക്ക് വരുന്നവരോട് അഭ്യർത്ഥനയുമായി അനശ്വര രാജൻ. കൊവിഡിനിടയിലെ ഈ പ്രവൃത്തി എല്ലാവരേയും ഒരുപോലെ അപകടത്തിലാക്കുന്ന കാര്യമാണെന്ന് അനശ്വര പറയുന്നു. യൂട്യൂബ് വീഡിയോകൾക്കും അഭിമുഖങ്ങൾക്കുമായി തന്നെ സമീപിക്കുന്നവരാണ് ഇക്കൂട്ടർ, എന്നാൽ എന്തിനും അതിന്റേതായ മാർഗമുണ്ട്, അനുവാദം വാങ്ങാതെയുളള സന്ദർശനം സ്വകാര്യതയിലേയ്ക്കുളള കടന്നുകയറ്റമാണെന്നും അനശ്വര ഓർമിപ്പിക്കുന്നു.
അനശ്വര രാജന്റെ കുറിപ്പ്:
എന്നെ കോണ്ടാക്ട് ചെയ്യാൻ ശ്രമിക്കുന്നവരോട് ഒരു വാക്ക്!
നിങ്ങൾ എനിക്ക് നൽകുന്ന സ്നേഹത്തെ ഞാൻ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ മെസേജുകളെല്ലാം വായിക്കാൻ എന്റെ കഴിവിനൊത്ത് ഞാൻ ശ്രമിക്കാറുണ്ട്. ഞാൻ വീട്ടിലുണ്ടോ എന്ന് പരിശോധിച്ച്, എന്റെ അനുവാദം വാങ്ങിയതിന് ശേഷമാണ് നിങ്ങൾ എന്നെ കാണാൻ വരുന്നതെങ്കിൽ തീർച്ചയായും ഞാൻ അംഗീകരിക്കും. പക്ഷെ, നിങ്ങളിൽ ചിലർ മുൻകൂട്ടി അനുവാദം ചോദിക്കാതെയാണ് വീട്ടിലേക്ക് വരുന്നത്.
ഇപ്പോൾ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ചും, അത് പാലിക്കാതെയുളള നിങ്ങളുടെ പെരുമാറ്റം ഒരാളുടെ അടിസ്ഥാന അവകാശമായ സ്വകാര്യതയിലേക്കുള്ള എത്ര വലിയ കടന്നുകയറ്റമാണെന്നതിനെ കുറിച്ചും ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ. യൂട്യൂബ് കണ്ടന്റും വീഡിയോകളും അഭിമുഖങ്ങളും തയ്യാറാക്കണമെന്നുള്ള നിങ്ങളുടെ ആഗ്രഹങ്ങൾ തീർച്ചയായും ഞാൻ മനസിലാക്കുന്നു. അതെല്ലാം എനിക്കും ഗുണമുളള കാര്യങ്ങളാണ്. പക്ഷെ അതിനെല്ലാം അതിന്റേതായ മാർഗങ്ങളുണ്ട്. എന്നോട് അനുവാദം ചോദിക്കുക എന്നത് അതിൽ പ്രാധാനമാണ്. ഈ സാഹചര്യത്തിൽ നിങ്ങൾ അങ്ങനെ ചെയ്യാത്തത് എനിക്ക് മാത്രമല്ല, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അപകടം വരുത്തിവയ്ക്കുന്ന കാര്യമാണ്. അതുകൊണ്ട്, മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള പരിധികളെ കുറിച്ചും നമ്മുക്ക് ബോധവാന്മാരായിരിക്കാം.