ലോ കോളേജ് വിദ്യാർത്ഥിനി മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ ആനന്ദ് ശ്രീബാല എത്തുന്നു. സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രം ആനന്ദ് ശ്രീബാല നവംബർ 15 ന് തിയറ്ററുകളിലെത്തും. കൊച്ചിയിലെ ഗോശ്രീ പാലത്തിന്റെ സമീപത്ത് നിന്നും ലഭിച്ച ലോ കോളേജ് വിദ്യാർത്ഥിനി മെറിന്റെ മൃതദേഹവും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് മുമ്പ് പുറത്തു വിട്ട ചിത്രത്തിന്റെ ട്രെയ്ലറിൽ നിന്ന് ലഭിക്കുന്ന സൂചന. മെറിൻ എങ്ങനെയാണ് മരിച്ചത് ? കാരണം എന്തായിരുന്നു ? തുടങ്ങി പൊലീസിനെക്കുഴയ്ക്കുന്ന ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാൻ ഇറങ്ങിത്തിരിക്കുന്ന ആനന്ദ് ശ്രീബാല എന്ന കഥാപാത്രത്തെയാണ് ട്രെയ്ലറിൽ കാണാൻ സാധിക്കുന്നത്.
മെറിൻ എന്ന കഥാപാത്രമായ് മാളവിക മനോജ് വേഷമിടുന്ന ചിത്രത്തിൽ ആനന്ദ് ശ്രീബാലയായ് എത്തുന്നത് അർജ്ജുൻ അശോകനാണ്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് അഭിലാഷ് പിള്ളയാണ്. വർഷങ്ങൾക്ക് മുൻപ് വാർത്തകളിൽ ഇടം പിടിച്ച വിഷയമാണ് ചിത്രത്തിന്റെ പ്രമേയം എന്നതിനാൽ 'ബേസ്ഡ് ഓൺ ട്രു ഇവന്റ്' എന്ന ടാഗ് ലൈനിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. 'മാളികപ്പുറം’, ‘2018’ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിച്ച് ചേർന്ന് നിർമിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിൽ ചാനൽ റിപ്പോർട്ടറുടെ വേഷമാണ് അപർണ്ണ ദാസ് കൈകാര്യം ചെയ്യുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥനാവണം എന്ന അതിയായ ആഗ്രഹം ഉള്ളിൽ കൊണ്ടു നടക്കുന്ന ചെറുപ്പക്കാരനാണ് ചിത്രത്തിൽ അർജുൻ അവതരിപ്പിക്കുന്ന ആനന്ദ് ശ്രീബാല. സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിനായി അണിനിരക്കുന്നത്.
ഛായാഗ്രഹണം: വിഷ്ണു നാരായണൻ, ചിത്രസംയോജനം: കിരൺ ദാസ്, സംഗീതം: രഞ്ജിൻ രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബിനു ജി നായർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, ടീസർ കട്ട്: അനന്ദു ഷെജി അജിത്, ലൈൻ പ്രൊഡ്യൂസേർസ്: ഗോപകുമാർ ജി കെ, സുനിൽ സിംഗ്, ഡിസൈൻ: ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്: ലെബിസൺ ഗോപി, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.