'അവര്‍ ആരെയൊക്കെയോ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്'; ത്രില്ലര്‍ ചിത്രം ആനന്ദ് ശ്രീബാലയുടെ ടീസര്‍ പുറത്തുവിട്ടു

'അവര്‍ ആരെയൊക്കെയോ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്'; ത്രില്ലര്‍ ചിത്രം ആനന്ദ് ശ്രീബാലയുടെ ടീസര്‍ പുറത്തുവിട്ടു
Published on

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം 'ആനന്ദ് ശ്രീബാല'യുടെ ടീസര്‍ പുറത്തുവിട്ടു. അര്‍ജുന്‍ അശോകനാണd പ്രധാന കഥാപാത്രമായ ആനന്ദ് ശ്രീബാലയായി എത്തുന്നത്. അപര്‍ണ്ണ ദാസ് ആണ് ചിത്രത്തിലെ നായിക. ദുരൂഹതകള്‍ നിറഞ്ഞ ഒരു മരണവും അതിനെ ചുറ്റിപ്പറ്റിയുള്ള പോലീസ് അന്വേഷണവുമാണ് ചിത്രത്തിന്റെ കഥാഗതിയെന്ന് ടീസര്‍ സൂചന നല്‍കുന്നു. ത്രില്ലടിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ സിനിമയില്‍ ഉണ്ടാകുമെന്ന് ടീസര്‍ ഉറപ്പ് നല്‍കുന്നുണ്ട്. മാളികപ്പുറം, 2018 എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ചിത്രം കൂടിയാണ് 'ആനന്ദ് ശ്രീബാല'. സംവിധായകന്‍ വിനയന്റെ മകനും സിനിമാ താരവുമാണ് ചിത്രത്തിന്റെ സംവിധായകനായ വിഷ്ണു വിനയ്. മാളികപ്പുറത്തിന് ശേഷം അഭിലാഷ് പിള്ള രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ആനന്ദ് ശ്രീബാല.

കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയ വേണു, നീതാ പിന്റോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സംഗീത, മനോജ് കെ.യു., ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, മാളവിക മനോജ് എന്നിവരാണ് ചിത്രത്തില്‍ മറ്റുള്ള പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസുകളില്‍ കയറിക്കൂടിയ നടി സംഗീത, ഏറെ നാളുകള്‍ക്കു ശേഷം ഒരു മലയാളം സിനിമയില്‍ മുഴുനീള വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ആനന്ദ് ശ്രീബാലക്കുണ്ട്. രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കുന്നത്. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കിരണ്‍ ദാസാണ് എഡിറ്റര്‍. ലൈന്‍ പ്രൊഡ്യൂസഴ്‌സ്- ഗോപകുമാര്‍ ജി കെ, സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷാജി പട്ടിക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബിനു ജി നായര്‍, പി ആര്‍ & മാര്‍ക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ഡിസൈന്‍ - ഓള്‍ഡ് മോങ്ക്‌സ്, സ്റ്റില്‍സ്- ലെബിസണ്‍ ഗോപി, ടീസര്‍ കട്ട്- അനന്ദു ഷെജി അജിത്.

Related Stories

No stories found.
logo
The Cue
www.thecue.in