വിനയ് ഫോര്‍ട്ട് എന്ന നടന്റെ സദുദ്ദേശത്തില്‍ നിന്നാണ് 'ആട്ടം' എന്ന സിനിമയുണ്ടായതെന്ന് സംവിധായകന്‍ ആനന്ദ് ഏകര്‍ഷി. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സിനിമ, തിരക്കഥ, എഡിറ്റിങ് ഉള്‍പ്പെടെ 3 അവാര്‍ഡുകളാണ് ആട്ടം സിനിമ സ്വന്തമാക്കിയത്. പുരസ്‌കാര നേട്ടത്തില്‍ പ്രതികരിക്കുകയായിരുന്നു സംവിധായകന്‍. ഷാജോണും സെറിനും ഒഴിച്ച് സിനിമയില്‍ അഭിനയിച്ച 11 പേരെയും 20 വര്‍ഷമായി പരിചയമുണ്ട്. ലോകധര്‍മ്മി എന്ന നാടക സംഘത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. വിനയ് ഫോര്‍ട്ട് ആണ് ഇവരെ വെച്ച് സിനിമ എടുത്തുകൂടെ എന്ന് ചോദിക്കുന്നത്. ആ സമയത്ത് നാണക്കേടും കുറ്റബോധവും തോന്നി. എഴുതിക്കൊണ്ടിരുന്ന സിനിമ മാറ്റിവെച്ച് ആട്ടം എഴുതി. അങ്ങനെയാണ് സിനിമ ഉണ്ടായതെന്നും കൂട്ടായ്മ സ്വപ്നം ആയതുകൊണ്ടാവാം അംഗീകാരം ലഭിച്ചതെന്നും റിപ്പോര്‍ട്ടര്‍ ചാനലിനോട് ആനന്ദ് ഏകര്‍ഷി പ്രതികരിച്ചു. സിനിമയുടെ തിരക്കഥ രചിച്ചതും ആനന്ദ് ഏകര്‍ഷിയാണ്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് അവാര്‍ഡ് ആട്ടത്തിന് ലഭിച്ചിരുന്നു.
ആനന്ദ് ഏകര്‍ഷി പറഞ്ഞത്:
അതിയായ സന്തോഷമുണ്ട്. പറയാന്‍ വാക്കുകളില്ല എന്നെല്ലാം ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍, അതൊരു ക്‌ളീഷേ ആണെന്നും അങ്ങനെ ഒരവസ്ഥ ഇല്ലെന്നുമാണ് കരുതിയിരുന്നത്. പക്ഷെ ഇപ്പോള്‍ വാക്കുകള്‍ കിട്ടുന്നില്ല. ഒരു അവാര്‍ഡ് എങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും എഡിറ്റിങ്ങുമായി 3 അവാര്‍ഡുകളാണ് ലഭിച്ചത്. ഇതില്‍ അഭിനയിച്ചിരിക്കുന്ന ഒമ്പതോളം പേരുടെ ആദ്യത്തെ സിനിമയാണ്. ഒരു നവാഗത സംവിധായകന്റെ ആദ്യത്തെ സിനിമയ്ക്ക് അങ്ങനെ ഒരു പുരസ്‌കാരം ലഭിക്കുന്നത് മഹാത്ഭുതവും മഹാഭാഗ്യവുമാണ്. വിനയ് ഫോര്‍ട്ട് എന്ന ഒരാളുടെ സദുദ്ദേശത്തില്‍ നിന്നാണ് ഈ ചിത്രം ആരംഭിക്കുന്നത്. ഷാജോണും സെറിനും ഒഴിച്ച് ബാക്കി 11 പേരും 20 വര്‍ഷമായി എന്റെ സുഹൃത്തുക്കളാണ്. ഞങ്ങളെല്ലാം ലോകധര്‍മ്മി എന്ന നാടക സംഘത്തിലെ അഭിനേതാക്കളായിരുന്നു.
അവരെ വെച്ച് ഒരു സിനിമ ചെയ്യാന്‍ പറയുന്നത് വിനയ് ആണ്. കാരണം ഇവരെല്ലാം നിത്യജീവിതത്തില്‍ സാധാരണ ജോലികള്‍ ചെയ്തുകൊണ്ട് അഭിനയമോഹവുമായി പോകുന്നവരാണ്. സിനിമയില്‍ അഭിനയിക്കണം എന്നതാണ് അവരുടെ ആഗ്രഹം. വിനയ് ഇത് പറയുമ്പോള്‍ ഞാന്‍ വേറെ ഒരു സിനിമ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. അതില്‍ ഇവരെയൊന്നും ഞാന്‍ ആലോചിച്ചിട്ടില്ല. ഞാന്‍ എന്തുകൊണ്ടിത് ആലോചിച്ചില്ല എന്ന് അപ്പോള്‍ എനിക്കൊരു നാണക്കേടും കുറ്റബോധവും തോന്നി. അങ്ങനെയാണ് ഈ സിനിമയുണ്ടാവുന്നത്. എഴുതിക്കൊണ്ടിരുന്ന സിനിമ നിര്‍ത്തി ആട്ടം എഴുതുകയായിരുന്നു. ഒരു കൂട്ടായ്മയുടെ സ്വപ്നം ആയതുകൊണ്ടാവണം ഇപ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.
ഈ കഥ സിനിമയാക്കാന്‍ എന്തുവേണമെങ്കിലും ചെയ്യാം എന്ന് പറഞ്ഞ് ഇത് സിനിമയാവണം എന്നാഗ്രഹിച്ച നിര്‍മ്മാതാവാണ് ഞങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിനാണ് ഇതിന്റെ ഏറ്റവും വലിയ ക്രെഡിറ്റ് കൊടുക്കേണ്ടത്. സംവിധായകര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശക്തി എന്ന് പറയുന്നത് വിനയ് ഫോര്‍ട്ടിനെപ്പോലെയുള്ള നടന്മാരാണ്. ഈ പുരസ്‌കാര നേട്ടം ഈ സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുള്ള എല്ലാവര്‍ക്കുമായി പ്രത്യേകിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവിന് സമര്‍പ്പിക്കുന്നു.