'അതിഗംഭീരം! നിങ്ങളീ ചിത്രം ഒരിക്കലും കാണാതെ പോകരുത്': കിഷ്കിന്ധാ കാണ്ഡത്തെ പ്രശംസിച്ച് ആനന്ദ് ഏകർഷി

'അതിഗംഭീരം! നിങ്ങളീ ചിത്രം ഒരിക്കലും കാണാതെ പോകരുത്': കിഷ്കിന്ധാ കാണ്ഡത്തെ പ്രശംസിച്ച് ആനന്ദ് ഏകർഷി
Published on

ആസിഫ് അലി നായകനായി തിയറ്ററുകളിലെത്തിയ 'കിഷ്കിന്ധാ കാണ്ഡം' എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ ആനന്ദ് ഏകർഷി. ഓണം റിലീസായെത്തിയ കിഷ്കിന്ധാ കാണ്ഡത്തിന് മികച്ച അഭിപ്രായമാണ് ഇതുവരെയും തിയറ്ററുകളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ വർഷത്തെ ദേശിയ പുരസ്‌കാര ജേതാവ് കൂടിയായ ആനന്ദ് ഏകർഷിയാണ് ചിത്രത്തിനെ പ്രശംസിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. 'കിഷ്കിന്ധാ കാണ്ഡം' അതിഗംഭീരമാണെന്നും ആരും ചിത്രം കാണാതെ പോകരുതെന്നും ആനന്ദ് ഏകർഷി ഓൺലൈൻ സ്റ്റോറിയിൽ കുറിച്ചു. മനസ്സിനെ ഉലയ്ക്കുന്ന സിനിമാനുഭവമാണ് ചിത്രത്തിന്റേതെന്ന് കുറിപ്പിൽ പറയുന്നു.

ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ മികവിനെയും സംവിധായകൻ പ്രശംസിച്ചിട്ടുണ്ട്. ആട്ടം എന്ന ചിത്രത്തിലൂടെ ഈ വർഷത്തെ മികച്ച സിനിമയ്ക്കും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരം സ്വന്തമാക്കിയ സംവിധായകനാണ് ആനന്ദ് ഏകാർഷി. ആസിഫ് അലി, വിജയരാഘവൻ, അപർണ്ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രമാണ് 'കിഷ്കിന്ധാ കാണ്ഡം'. ഫാമിലി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും ക്യാമറ കൈകാര്യം ചെയ്തതും ബാഹുൽ രമേശാണ്.

ആനന്ദ് ഏകർഷിയുടെ ഓൺലൈൻ കുറിപ്പിന്റെ പൂർണ്ണരൂപം:

'കിഷ്കിന്ധാ കാണ്ഡം' അതിഗംഭീരം. മനസ്സിനെ ഉലയ്ക്കുന്ന സിനിമാനുഭവം. ആരും ചിത്രം കാണാതെ പോകരുത്. ബാഹുൽ രമേശിന്റെ ഉജ്ജ്വലമായ തിരക്കഥയും ഛായാഗ്രഹണവും. ദിൻജിത്ത് അയ്യത്താന്റെ സൂക്ഷ്മമായ സംവിധാനം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവരുടെ അത്യുഗ്രമായ പ്രകടനം.

'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിനു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'കിഷ്‌കിന്ധാ കാണ്ഡം'. ഗുഡ് വിൽ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജഗദീഷ്, അശോകന്‍, നിഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, മേജര്‍ രവി, വൈഷ്ണുവിരാജ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സംഗീതം - മുജീബ് മജീദ്, എഡിറ്റിംഗ്- സൂരജ് ഈ എസ്. എ ടെയ്ല്‍ ഓഫ് ത്രീ വൈസ് മങ്കീസ് എന്ന അടിക്കുറിപ്പോടെ എത്തിയ ചിത്രം തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in