മകളെ സൈബർ ബുള്ളിയിംഗ് ചെയ്യരുതെന്ന് അപേക്ഷിച്ച് ഗായിക അമൃത സുരേഷ്. വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷ് തയ്യാറാകുന്നില്ല എന്നും മകളെ തന്നിൽ നിന്ന് അകറ്റുകയാണെന്നും നിരന്തരമായി അച്ഛനും നടനുമായ ബാല ഉന്നയിച്ചിതിന് പിന്നാലെ ബാലയ്ക്കെതിരെ കഴിഞ്ഞ ദിവസം ഇരുവരുടെയും മകൾ ഒരു വീഡിയോ ചെയ്തിരുന്നു. തന്‍റെ അമ്മക്കെതിരെ ബാല ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വ്യാജമാണെന്നും തനിക്ക് അച്ഛനെ കാണാനോ സംസാരിക്കാനോ താൽപര്യമില്ലെന്നുമായിരുന്നു കുട്ടി വീഡിയോയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇതിന് പിന്നാലെ വലിയ തരത്തിലുള്ള സൈബർ ബുള്ളിയിംഗാണ് കുട്ടി നേരിട്ടത്. ഒപ്പം മകളുടെ വീഡിയോയ്ക്ക് വൈകാരികമായ മറുപടി നൽകിയ ബാലയുടെ വീഡിയോയും കുട്ടിക്കെതിരെയുള്ള സൈബർ ആക്രമണം ശക്തമാക്കാൻ കാരണമായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അമൃത സുരേഷ് പ്രതികരണവുമായി രംഗത്ത് എത്തിയത്. ശാരീരികവും മാനസികവുമായ പീഡനം സഹിക്ക വയ്യാതെയാണ് തങ്ങൾ പിരിഞ്ഞത് എന്നും സോഷ്യൽ മീഡിയയിലൂടെ മകളെ കള്ളി എന്നും അഹങ്കാരി എന്നും എല്ലാവരും വിളിക്കുന്നത് കാണുന്നുണ്ടെന്നും. കുട്ടിക്കാലം മുതൽ ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ച മകളെ ഇനിയും സൈബര്‍ ആക്രമണം ചെയ്ത് ഉപദ്രവിക്കരുതെന്നും വീഡിയോയിൽ അമൃത സുരേഷ് അപേക്ഷിച്ചു.
ഇത്രയും കാലം തനിക്കെതിരെ വന്ന ആരോപണങ്ങളിൽ മനപൂർവം പ്രതികരിക്കാതിരിക്കുകയായിരുന്നു എന്നും എന്നാൽ മകളുടെ കാര്യമായത് കൊണ്ടാണ് തനിക്ക് ഇപ്പോൾ പ്രതികരിക്കേണ്ടി വന്നത് എന്നും അമൃത വീഡിയോയിൽ പറയുന്നു. 4 വർഷമായി ഞാൻ മിണ്ടാതിരിക്കുകയാണ്. എന്റെ സൈലൻസ് എന്നെ വെറുക്കാനുള്ള കാരണമായി. കോവിഡ് വന്നിട്ട് പാപ്പുവിനെ ഡോക്ടറെ കാണിച്ചില്ല എന്ന ഫേക്ക് ന്യൂസിലാണ് ആദ്യമായി പ്രതികരിച്ചത്. മമ്മി എന്താണ് മിണ്ടാത്തത് എന്ന് മകളാണ് ചോദിച്ചത്. ഞാനും അമ്മയും മകളും അഭിരാമിയുമുള്ള ഒരു ചെറിയ കുടുംബമാണ് ഞങ്ങളുടേത്. ആ കുട്ടിയുടെ പിറന്നാളായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്. സന്തോഷത്തോടെ പോകേണ്ട ദിവസമായിരുന്നു അത്. പക്ഷേ കുട്ടിയെക്കുറിച്ച് ഓരോ വാര്‍ത്തകള്‍ വരുമ്പോള്‍ അവള്‍ എങ്ങനെ സന്തോഷമായിരിക്കും. ഇന്ന് മകള്‍ വലുതായിരിക്കുന്നു. അവള്‍ എല്ലാം മനസ്സിലാക്കുന്നു. അതുകൊണ്ടാണ് അവള്‍ സ്വയം വീഡിയോ ചെയ്തത്. എനിക്കൊരു വിഡിയോ ചെയ്യണം ഞാൻ പറഞ്ഞാൽ വിശ്വസിക്കും എന്ന് പറഞ്ഞാണ് മകൾ വിഡിയോ പോസ്റ്റ് ചെയ്തതെന്നും അമൃത സുരേഷ് പറയുന്നു. അവൾ എന്താണ് പറയാൻ പോകുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. 12 വർഷം കുട്ടി സർവതും കണ്ടു, അത്രയും വിഷമിച്ചാണ് ആ കുഞ്ഞ് സംസാരിച്ചത്. മകള്‍ വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെ അദ്ദേഹം ഒരു വീഡിയോ ഇറക്കി. അത് കുട്ടിയെ കൂടുതല്‍ സൈബര്‍ ബുള്ളിയിങ്ങിന് ഇട്ടു കൊടുക്കുന്ന തരത്തില്ലായിരുന്നു. കള്ളി, അഹങ്കാരി അങ്ങനെ ചീത്ത വാക്കുകളാണ് അതിന് പലരും കമന്റ് ചെയ്തത്. അതൊന്നും ഒരു അമ്മയെന്ന തരത്തിൽ സഹിക്കാനാവുന്നതല്ലെന്നും അമൃത പറയുന്നു.
ഞാന്‍ മകളെ ബ്രെയ്ന്‍ വാഷ് ചെയ്തുവെന്നാണ് പ്രധാന ആരോപണം. ആശുപത്രിയില്‍ വയ്യാതെ കിടക്കുമ്പോള്‍ മകള്‍ ലാപ്പ്‌ടോപ്പ് വാങ്ങിത്തരണമെന്ന് മകൾ പറഞ്ഞു എന്നാണ് ബാല ചേട്ടന്‍ അഭിമുഖത്തില്‍ പറഞ്ഞത്. അത് കണ്ടപ്പോള്‍ മകള്‍ എന്നോട് ചോദിച്ചു, എന്തിനാണ് അച്ഛന്‍ ഇങ്ങനെ കള്ളം പറയുന്നതെന്ന്. കോടതിയില്‍ നിന്ന് മകളെ വലിച്ചിഴച്ചാണ് വണ്ടിയില്‍ കയറ്റി കൊണ്ടുപോയത്. ഇതെല്ലാം അവള്‍ അനുഭവിച്ചതാണ്. ഇത്തരം കാര്യങ്ങളിൽ താൻ എങ്ങനെയാണ് തന്റെ മകളെ ബ്രെയിൻ വാഷ് ചെയ്തു എന്ന് പറയുന്നത് എന്നും അമൃത സുരേഷ് ചോദിക്കുന്നു. കുട്ടിക്കാലത്തുണ്ടാകുന്ന ദുരനുഭവങ്ങള്‍ എല്ലാവര്‍ക്കും ഓര്‍മ കാണില്ലേ?. അവള്‍ കുഞ്ഞായിരിക്കുമ്പോൾ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ജോലിക്കാരാണ് അവള്‍ക്ക് ഒന്നും സംഭവിക്കരുത് എന്ന് കരുതി എടുത്ത് കൊണ്ടുപോയിരുന്നത്. ഇവരെല്ലാമായിരുന്നു വിവാഹമോചനത്തിന്റെ സമയത്ത് സാക്ഷി പറഞ്ഞതും.
മകള്‍ സ്‌കൂളില്‍ പോകുമ്പോഴെല്ലാം പലരും വീട്ടിലെ പ്രശ്‌നങ്ങള്‍ ചോദിക്കും. ഒരിക്കല്‍ സ്കൂളിലെ കുട്ടി എന്നെക്കുറിച്ച് എന്തോ ചോദിച്ചതിന് അന്ന് കരഞ്ഞുകൊണ്ടാണ് മകൾ വീട്ടിലെത്തിയത് എന്നും അമൃത പറയുന്നു. ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്. പതിനെട്ടാമത്തെ വയസ്സില്‍ ആദ്യമായി ഒരാളെ സ്‌നേഹിച്ചു. അയാളെ കല്യാണം കഴിച്ചു. അതിന് ശേഷം ചോര തുപ്പി പലദിവസവും ഞാന്‍ ആ വീട്ടില്‍ കിടന്നിട്ടുണ്ട്. എനിക്ക് വീട്ടില്‍ പറയാന്‍ മടിയായിരുന്നു, കാരണം അച്ഛനും അമ്മയും ഈ വിവാഹത്തിന് എതിരായിരുന്നു. ഒരുപാട് കള്ളങ്ങള്‍ പറഞ്ഞാണ് എന്നെ വിവാഹം ചെയ്തത്. ബാല ചേട്ടന്‍ എന്നെ വിവാഹം കഴിക്കുന്നതിന് മുന്‍പ് മറ്റൊരു വിവാഹം ചെയ്തിരുന്നു. അത് നിശ്ചയം കഴിഞ്ഞാണ് ഞാന്‍ അറിയുന്നത്. അന്നും അച്ഛനും അമ്മയും വിവാഹത്തില്‍ പിന്‍മാറാന്‍ എന്നോട് പറഞ്ഞതാണ്. പക്ഷേ ഞാന്‍ തയ്യാറായില്ല. കാരണം അത്രത്തോളം എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. എന്നാൽ ഉപദ്രവം കൂടി വരികയും അത് മകളെ ബാധിച്ചു തുടങ്ങുകയും ചെയ്തതിന് ശേഷമാണ് താൻ വീട് വിട്ട് ഇറങ്ങാൻ തീരുമാനിച്ചത് എന്നും അമൃത പറഞ്ഞു.
പതിനാല് വര്‍ഷത്തിന് ശേഷമാണ് പിന്നീട് വീണ്ടും ഞാൻ ഒരു ബന്ധത്തിലേക്ക് പോയത്. ഒരുപാട് വര്‍ഷത്തിന് ശേഷം സ്‌നേഹിക്കപ്പെടുന്നു എന്ന തോന്നലുണ്ടായി. അത് നന്നായി പോകണേ എന്ന് കരുതിയാണ് തുടങ്ങിയത്. പക്ഷേ ഒരു ഘട്ടത്തില്‍ ഇത് മുന്നോട്ട് പോകില്ല എന്ന് തോന്നിയപ്പോള്‍ പരസ്പര ധാരണയോടെയാണ് വേര്‍പിരിഞ്ഞത്. എന്നാൽ ആ ബന്ധം അവസാനിച്ചതിന് ശേഷവും ഇപ്പോഴും അതിന്റെ പേരിൽ തനിക്ക് സോഷ്യൽ മീഡിയയിൽ പലയിടത്തും എന്തിനേറെ മകളുടെ വീഡിയോയ്ക്ക് താഴെപ്പോലും അപമാനിക്കുകയും കളിയാക്കലുകയും ചെയ്യുന്ന തരത്തിലുള്ള കമന്റുകളാണ് വരുന്നത് എന്നും അമൃത പറയുന്നു. അദ്ദേഹവും മറ്റൊരു വിവാഹം കഴിച്ചു എന്നിട്ട് പോലും തന്നെമാത്രമാണ് സമൂഹം വിചാരണയ്ക്ക് വിധേയമാക്കുന്നത് എന്നും അമൃത പറയുന്നു. ഇരവാദവുമായല്ല നിങ്ങള്‍ക്ക് മുന്നില്‍ വന്നിരിക്കുന്നത്. വിവാഹമോചനത്തിന് ശേഷം ഞാന്‍ അദ്ദേഹത്തെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ജീവിച്ചു പോകാന്‍ അനുവദിക്കണം. ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഞങ്ങള്‍ മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ തന്റെ മകളെ സൈബര്‍ബുള്ളിയിങ് ചെയ്യരുതെന്നും നിങ്ങളുടെ കമന്റുകളെല്ലാം അവൾ കാണുന്നുണ്ട് അതുകൊണ്ട് മോശം വാക്കുകൾ പറഞ്ഞ് മകളെ വേദനിപ്പിക്കരുത് എന്നും അമൃത സുരേഷ് സോഷ്യൽ മീഡിയയിലുടെ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.