'അമ്മ' വാര്‍ഷിക പൊതുയോഗത്തിന് തുടക്കം; സിദ്ദിഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതിഷേധത്തിന് സാധ്യത

'അമ്മ' വാര്‍ഷിക പൊതുയോഗത്തിന് തുടക്കം; സിദ്ദിഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതിഷേധത്തിന് സാധ്യത
Published on

താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം ഇന്ന് പത്ത് മണിയോടെ കൊച്ചിയില്‍ ആരംഭിച്ചു. പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ആണ് ജനറല്‍ ബോഡി ആരംഭിച്ചത്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ മത്സരം നടക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നിര്‍വാഹക സമിതിയിലേക്കുമാകും മത്സരം നടക്കുക.

നിലവില്‍ പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ട്രഷറായി സിദ്ദിഖിനും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യക്കും എതിരാളികളില്ല. ശ്വേതാ മേനോന്‍, ആശാ ശരത്, മുകേഷ് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന അംഗങ്ങള്‍. ഔദ്യോഗിക പാനല്‍ ശ്വേതാ മേനോന്‍, ആശാ ശരത് എന്നിവരെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. എന്നാല്‍ മണിയന്‍ പിളള രാജു മത്സരിക്കാന്‍ തീരുമാനിച്ചതിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് പുറമെ 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുപ്പ് നടക്കും. ഉച്ചയ്ക്ക് ശേഷമായിരിക്കും വിജയികളെ പ്രഖ്യാപിക്കുക.

അതേസമയം തെരഞ്ഞെടുപ്പിന് മുമ്പ് നടന്‍ സിദ്ദിഖ് മത്സരാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് പങ്കുവെച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായിരിക്കുകയാണ്. പോസ്റ്റിലെ അവസാന ഭാഗമാണ് വിവാദത്തിന് കാരണം. ഇതിനെതിരെ ഇന്ന് നടക്കുന്ന ചടങ്ങില്‍ ചര്‍ച്ചയുണ്ടാവാന്‍ സാധ്യതയുണ്ട്. വിഷയത്തില്‍ അമ്മയിലെ ചില അംഗങ്ങള്‍ പ്രതിഷേധമറിയിക്കുമെന്നാണ് സൂചന.

ആരെ തെരഞ്ഞെടുക്കണമെന്ന് അംഗങ്ങള്‍ക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരിക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നല്‍കാം എന്ന് വാദ്ഗാനം നല്‍കി അമ്മയെ കബളിപ്പിച്ചവരുമല്ല. - എന്നാണ് സിദ്ദിഖ് കുറിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in