താരസംഘടനയായ അമ്മയില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. ഔദ്യോഗിക പാനല്‍ മുന്നോട്ട് വെച്ച മൂന്ന് സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കി മണിയന്‍പിള്ള രാജു, വിജയ് ബാബു, ലാല്‍ എന്നിവര്‍ വിജയിച്ചു. ഒദ്യോഗിക പാനലിന്റെ ഭാഗമായി മത്സരിച്ച നിവിന്‍ പോളി, ആശാ ശരത്ത്, ഹണി റോസ് എന്നിവര്‍ പരാജയപ്പെട്ടു.
ഔദ്യോഗിക പാനലിന്റെ വൈസ് പ്രസിഡന്റ സ്ഥാനാര്‍ത്ഥികളായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മത്സരിച്ചിരുന്നത്. മണിയന്‍പിള്ള രാജു സ്വതന്ത്രമായി മത്സരിക്കുകയാണ് ചെയ്തത്. എന്നാല്‍ ഫലം വന്നപ്പോള്‍ മണിയന്‍പിള്ള രാജു വിജയം കൈവരിച്ചു. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും മണിയന്‍പിള്ളരാജുവും തെരഞ്ഞെടുക്കപ്പെട്ടു.
ബാബുരാജ്, ലെന, മഞ്ജുപിള്ള, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്മി, ടിനിടോം, ടോവിനോ തോമസ്, ഉണ്ണി, മുകുന്ദന്‍, നിവിന്‍ പോളി, ഹണി റോസ് എന്നിവരാണ് 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലില്‍ നിന്നും മത്സരിച്ചത്. ഇവര്‍ക്കെതിരെ വിജയ് ബാബു,ലാല്‍, നാസര്‍ ലത്തീഫ് എന്നിരാണ് മത്സരിച്ചത്. നിലവില്‍ ഔദ്യോഗിക പാനലിലെ ഒന്‍പത് പേരും ലാലും വിജയ് ബാബുവുമാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമ്മയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സാധാരണ മത്സരിക്കാന്‍ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നെങ്കിലും അവസാനനിമിഷം സമവായമുണ്ടാക്കി മത്സരം ഒഴിവാക്കാറാണ് പതിവ്. എന്നാല്‍ ഇത്തവണ മണിയന്‍ പിള്ള രാജുവും ലാലും അടക്കം നാല് പേര്‍ മത്സരിക്കാന്‍ ഇറങ്ങുകയാണ് ഉണ്ടായത്.