'മഹാഭാരതത്തിലെ മഹാനായ പോരാളിയായ ആ കഥാപാത്രത്തിന് വേണ്ടി എനിക്കുണ്ടായിരുന്ന ഒരേയൊരു ചോയിസ് അദ്ദേഹമായിരുന്നു'; നാ​ഗ് അശ്വിൻ

'മഹാഭാരതത്തിലെ മഹാനായ പോരാളിയായ ആ കഥാപാത്രത്തിന് വേണ്ടി എനിക്കുണ്ടായിരുന്ന ഒരേയൊരു ചോയിസ് അദ്ദേഹമായിരുന്നു'; നാ​ഗ് അശ്വിൻ

Published on

കൽക്കി 2898 എഡിയിൽ അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അമിതാഭ് ബച്ചൻ അല്ലാതെ മറ്റൊരു ചോയിസ് തങ്ങൾക്കുണ്ടായിരുന്നില്ല എന്ന് സംവിധായകൻ നാ​ഗ് അശ്വിൻ. ചിത്രം പ്രദർശനത്തിനെത്തിയതിന് പിന്നാലെ അമിതാഭ് ബച്ചന്റെ പ്രകടനത്തിന് ഏറെ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ചിത്രത്തിൽ ദ്രോണാചാര്യരുടെ പുത്രൻ അശ്വത്ഥാമാവ് എന്ന പുരാണ കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിച്ചത്. മഹാഭാരത്തിൽ ഏറ്റവും മഹാനായ പോരാളിയായി കണക്കാക്കുന്ന കഥാപാത്രമാണ് അശ്വത്ഥാമാവ്. അമിതാഭ് ബച്ചനും പ്രഭാസും ഒരുമിച്ചുള്ള സിനിമയിലെ പോരാട്ട രം​ഗങ്ങൾ തങ്ങൾക്ക് സ്വപ്ന തുല്യമായിരുന്നുവെന്നും നാ​ഗ് അശ്വിൻ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നാ​ഗ് അശ്വിൻ പറഞ്ഞത്:

എല്ലാവരുടെയും വിഷ്ലിസ്റ്റിലുള്ള ആളുകളാണ് ഞങ്ങളുടെ നാല് പ്രധാനപ്പെട്ട അഭിനേതാക്കളും. മഹാഭാരതത്തിൽ മഹാനായ പോരാളിയായി കണക്കാക്കപ്പെടുന്ന അശ്വത്ഥാമാവ് എന്ന കഥാപാത്രത്തിന് വേണ്ടി എനിക്കുണ്ടായിരുന്ന ഒരേയൊരു ചോയിസ് അമിതാഭ് ബച്ചൻ ആയിരുന്നു. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് ബച്ചൻ സാർ. ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രമായ അശ്വത്ഥാമാവ് തനിക്ക് കിട്ടിയ ദൈവിക അനുഗ്രഹങ്ങൾ കാരണം ഏട്ട് അടി നീളവും വളരെ ശക്തമനുമാണ്. സമകാലിക സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ ഹീറോകളിൽ ഒരാളായി കണക്കാക്കപ്പെടുന്ന പ്രഭാസുമായുള്ള അദ്ദേഹത്തിൻ്റെ പോരാട്ട രംഗങ്ങൾ ഞങ്ങൾക്ക് ഒരു സ്വപ്ന തുല്യമായിരുന്നു.

കഴിഞ്ഞ 55 വർഷമായി ഇന്ത്യൻ സിനിമയിലെ മുൻ നിര നടനായി പ്രവർത്തിച്ചിട്ടും അമിതാഭ് ബച്ചന് സിനിമയോട് ഒരു ചെറിയ കുട്ടിക്ക് സമാനമായ കൗതുകമാണ് ഉള്ളത് എന്ന് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ നാ​ഗ് അശ്വിൻ പറഞ്ഞിരുന്നു. നാ​ഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽ ഹാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു കൽക്കി 2898 എഡി. ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമയായി ഒരുങ്ങിയ കല്‍കി 2898 എഡി ഒരു മിത്തോ-സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്. മഹാഭാരതത്തിന് നാ​ഗ് അശ്വിൻ സമർപ്പിച്ചിരിക്കുന്ന ഒരു പെർഫെക്ട് സീക്വലായാണ് കൽകിയെ അവതരിപ്പിച്ചിരിക്കുന്നത്. 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ചിത്രത്തിൽ ദൃശ്യാവിഷ്കരിക്കുന്നത്. 'കാശി, 'കോംപ്ലക്സ്', 'ശംഭാല' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രം ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ്.

logo
The Cue
www.thecue.in