32 വർഷങ്ങൾക്ക് ശേഷം വീണ്ടും രജനികാന്തും അമിതാഭ് ബച്ചനും; ഒന്നിച്ചഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രമായി തലെെവർ 170

32 വർഷങ്ങൾക്ക് ശേഷം വീണ്ടും രജനികാന്തും അമിതാഭ് ബച്ചനും;  ഒന്നിച്ചഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രമായി തലെെവർ 170
Published on

ടി ജെ ജ്ഞാനവേലിന്റെ സംവിധാനത്തിൽ തലെെവർ 170 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന രജിനികാന്ത് ചിത്രത്തിൽ അഭിനയിക്കാൻ അമിതാഭ് ബച്ചനും. നിർമാണ കമ്പനിയായ ലെെക്ക പ്രൊഡക്ഷൻസാണ് ഇന്ത്യൻ സിനിമയുടെ ഷാഹെൻഷായെ തലെെവർ 170 സ്വാഗതം ചെയ്യുന്നു എന്ന ക്യാപ്ഷനോടെ അദ്ദേഹത്തിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. 32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചൻ രജനികാന്തുമായി വീണ്ടും ഒന്നിക്കുന്നു ചിത്രം കൂടിയാണ് ഇത്. ജയ് ഭീം' എന്ന ചിത്രത്തിന് ശേഷം ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലെെവർ 170. ചിത്രത്തിൽ ഫഹദ് ഫാസിൽ, റാണ ദഗ്ഗുബാട്ടിയ, മഞ്ജു വാര്യർ, റിതിക സിംഗ്, ദുഷാര വിജയൻ തുടങ്ങിയവരും അണിനിരക്കുന്നു.

1991 ൽ ഇറങ്ങിയ ഹം എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചനും രജിനികാന്തും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രം കൂടിയാകും ഇത്. തന്റെ വരാനിരിക്കുന്ന ചിത്രം ​ബി​ഗ് ബഡ്ജറ്റിൽ ഒരു സാമൂഹിക സന്ദേശം അടിസ്ഥാനമാക്കിയുള്ള വലിയ വാണിജ്യ എന്റർടെയ്‌നറായിരിക്കുമെന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നതിന് മുമ്പ് ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേ രജിനികാന്ത് പറഞ്ഞു.

ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. മാരി സെൽവരാജിന്റെ സംവിധാനത്തിലെത്തിയ മാമന്നനാണ് തമിഴിൽ ഒടുവിലായി പുറത്തു വന്ന ഫഹദ് ഫാസിൽ ചിത്രം. അജിത് ചിത്രം തുനിവാണ് മഞ്ജു വാര്യരുടെതായി തമിഴിൽ ഒടുവിൽ പുറത്തു വന്ന ചിത്രം. അതേ സമയം റാണ ദഗ്ഗുബാട്ടിയ അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചിത്രമാണ് 'തലൈവര്‍ 170'. 2024 പൊങ്കലിന് തിയറ്ററുകളിലെത്താൻ ഒരുങ്ങുന്ന ഐശ്വര്യ രജിനികാന്തിന്റെ ലാൽ സലാം എന്ന ചിത്രത്തിലാണ് രജിനികാന്ത് അടുത്തതായി ഒരു അതിഥി വേഷത്തിൽ എത്തുന്നത്. തലൈവർ 170 ന് ശേഷം തലൈവർ 171 എന്ന് താൽക്കാലികമായ പേര് നൽകിയിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രവും രജിനികാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഒക്ടോബറിൽ 'തലൈവർ 170' ഷൂട്ടിംഗ് ആരംഭിക്കും. ചിത്രം 2024ൽ തിയറ്ററുകളിലെത്തും.

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറാണ് രജിനികാന്തിന്റെതായായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ജയിലർ ഓഗസ്റ്റ് 10 നാണ് തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 500 കോടിയിലധികം വാരികൂട്ടിയിരുന്നു. ചിത്രത്തിൽ മുത്തുവേല്‍ പാണ്ട്യനെന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in