അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്മകുമാറിന് ആദരവുമായി ആമസോണ്‍ പ്രൈം. പുനീതിന്റെ പ്രൊഡക്ഷന്‍ ബാനറായ പി ആര്‍ കെ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മൂന്ന് സിനിമകള്‍ ആമസോണ്‍ പ്രീമിയര്‍ ചെയ്യുമെന്ന് അറിയിച്ചു. അതോടൊപ്പം പുനീത് നായകനായെത്തിയ അഞ്ച് സിനിമകള്‍ പ്രൈം സബ്സ്‌ക്രൈബ് ചെയ്യാത്ത പ്രേക്ഷകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സൗജന്യമായി കാണാമെന്നും ആമസോണ്‍ വ്യക്തമാക്കി. ഫ്രെബ്രുവരി 1 മുതല്‍ ഒരു മാസത്തേക്കാണ് സൗജന്യമായി സിനിമ കാണാന്‍ സാധിക്കുക.
പി ആര്‍ കെ നിര്‍മ്മിക്കുന്ന മാന്‍ ഓഫ് ദ മാച്ച്, വണ്‍ കട്ട് ടു കട്ട്, ഫാമിലി പാക്ക് എന്നീ സിനിമകളാണ് ആമസോണില്‍ സ്ട്രീം ചെയ്യുക. പുനീത് നായകനായെത്തിയ ലോ, ഫ്രഞ്ച് ബിരിയാണി, കവലുദാരി, മായാബസാര്‍, യുരത്ന എന്നിവയുള്‍പ്പെടെ അഞ്ച് സിനിമകളാണ് സൗജന്യമായി കാണാന്‍ കഴിയുക.
'പുനീതിന്റെ സിനിമാ സ്വപ്നം മുന്നോട്ട് കൊണ്ടുപോകാനും അദ്ദേഹത്തിന്റെ ചില മികച്ച ചിത്രങ്ങള്‍ ആരാധകരിലേക്ക് എത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്' എന്ന് ആമസോണ്‍ പ്രൈം ഇന്റസ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
'സിനിമയെക്കുറിച്ചുള്ള പുനീതിന്റെ വേറിട്ട കാഴ്ചപ്പാട് വര്‍ഷങ്ങളോളം പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. അത് അദ്ദേഹത്തിന് അര്‍ഹതപ്പെട്ട ആരാധകരേയും ബഹുമതിയും നേടിക്കൊടുത്തു. ആ പൈതൃകം മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയുമായുള്ള ബന്ധം തുടരുന്നതിലും ഞങ്ങളുടെ സിനിമകള്‍ ലോകമെമ്പാടുമുള്ള കാഴ്ചക്കാരിലേക്ക് എത്തുന്നതിലും സന്തോഷമുണ്ട്', എന്ന് പുനീത് രാജ്കുമാറിന്റെ ഭാര്യയും നിര്‍മ്മാതാവുമായ അശ്വതി പറഞ്ഞു.
ഒക്ടോബര്‍ 29ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് പുനീത് രാജ്കുമാറിന്റെ മരണം. 46 വയസായിരുന്നു. കന്നഡ സിനിമയിലെ പ്രശസ്തനായ നടന്‍ രാജ്കുമാറിന്റെ മകനാണ് പുനീത്.