ശിവകാർത്തികേയൻ എലൈറ്റ് ക്ലബ്ബിലേക്കോ? 'അമരൻ' ഇതുവരെ നേടിയത്

ശിവകാർത്തികേയൻ എലൈറ്റ് ക്ലബ്ബിലേക്കോ? 'അമരൻ' ഇതുവരെ നേടിയത്
Published on

ശിവകാർത്തികേയൻ നായകനായി എത്തിയ അമരൻ കളക്ഷനിൽ സുപ്രധാന നേട്ടത്തിലേക്ക്. ആഗോള കളക്ഷനിൽ 250 കോടി നേടുന്ന തമിഴ് ചിത്രങ്ങളുടെ പട്ടികയിലേക്കാണ് അമരനും എത്തുന്നത്. 11 ദിവസം കൊണ്ട് 118 കോടി രൂപയാണ് തമിഴ് നാട്ടിൽ നിന്ന് മാത്രം ചിത്രം നേടിയിരിക്കുന്നത്. ഇതോടു കൂടി ചിത്രത്തിന്റെ ആഗോള കളക്ഷൻ 240 കോടിയോളം രൂപയായി. ഇന്നത്തെ ദിനം കൂടെ കഴിയുമ്പോൾ അമരൻ 250 കോടി ആഗോള കളക്ഷൻ പിന്നിടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ നിരീക്ഷിക്കുന്നത്.

വ്യക്തിഗതമായി 250 കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ തമിഴ് നടനാണ് ശിവകാർത്തികേയൻ. ഇതിന് മുൻപ് രജിനികാന്ത്, കമൽ ഹാസൻ, വിജയ് എന്നീ നടന്മാരുടെ ചിത്രങ്ങളാണ് വ്യക്തിഗതമായി 250 കോടി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. തമിഴ് നാട്ടിലെ മാത്രം കളക്ഷനിൽ 100 കോടി കടക്കുന്ന ശിവകാർത്തികേയന്റെ ആദ്യ ചിത്രം കൂടിയാണ് അമരൻ. ശിവകാർത്തികേയന്റേതായി അമരന് മുൻപേ എത്തിയ ഡോൺ എന്ന ചിത്രത്തിന്റെ ഇരട്ടി തുകയാണ് ഇപ്പോൾ അമരൻ കളക്ട് ചെയ്തിരിക്കുന്നത്. രജിനികാന്ത് ചിത്രം വേട്ടയന്റെ ഇന്ത്യയിലെ കളക്ഷനെയും ചിത്രം പിന്നിലാക്കിയിട്ടുണ്ട്. കോളിവുഡിൽ ഈ വർഷം റിലീസായ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആഗോള കളക്ഷൻ നേടുന്ന രണ്ടാമത്തെ തമിഴ് ചിത്രമാകാൻ അമരന് കഴിയുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടാം വാരത്തിലും മികച്ച പ്രകടനമാണ് ചിത്രം തിയറ്ററിൽ കാഴ്ചവയ്ക്കുന്നത്.

ശിവകാർത്തികേയനെയും സായ് പല്ലവിയെയും പ്രധാന കഥാപാത്രങ്ങളാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരന് മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രമാണ് അമരൻ. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള താരം ശ്യാം മോഹനും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം സി എച്ച് സായ്. എഡിറ്റിംഗ് ആർ കലൈവാണനാണ്. പ്രൊഡക്ഷൻ ഡിസൈൻ രാജീവൻ. ആക്ഷൻ സ്റ്റെഫാൻ റിച്ചർ. ഗോഡ് ബ്ലെസ് എന്റർടൈന്മെന്റ്സ് ആണ് സഹനിർമ്മാണം.വാർത്താ പ്രചരണം - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

Related Stories

No stories found.
logo
The Cue
www.thecue.in