'ബോഗയ്ൻവില്ല'യിലെ റീത്തു എന്ന കഥാപാത്രം താൻ തന്നെ അവതരിപ്പിക്കണമെന്ന് സംവിധായകൻ അമൽ നീരദിന് നിർബന്ധമായിരുന്നുവെന്ന് നടി ജ്യോതിർമയി. ഷൂട്ടിംഗിന്റെ ഒരാഴ്ച്ച മുമ്പ് പോലും ബോഗയ്ൻവില്ലയിലെ റീത്തുവിനെ അവതരിപ്പിക്കുന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടായിരുന്നുവെന്നും മറ്റ് നടിമാരെ നോക്കിക്കൂടെയെന്ന് താൻ അമലിനോട് ചോദിച്ചിരുന്നുവെന്നും ജ്യോതിർമയി പറയുന്നു. എന്നാൽ അമൽ നീരദ് എന്ന സംവിധായകന് ഞാൻ ഈ കഥാപാത്രം ചെയ്താൽ നന്നാവുമെന്നൊരു ബോധ്യമുണ്ടായിരുന്നുവെന്നും തന്നെക്കൊണ്ടല്ലാതെ മറ്റാരെക്കൊണ്ടും ഈ കഥാപാത്രത്തെ ചെയ്യിക്കാൻ അമലിന് താൽപര്യമുണ്ടായിരുന്നില്ലെന്നും ജ്യോതിർമയി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജ്യോതിർമയി പറഞ്ഞത്:
അമൽ ആണ് എന്നെ ബോഗയ്ൻവില്ലയിലെ ഈ കഥാപാത്രത്തിലേക്ക് കൊണ്ടു വന്നത്. അമലിന്റെ ഒരു നിർബന്ധം കൂടിയായിരുന്നു ഈ കഥാപാത്രം ഞാൻ ചെയ്യണമെന്നത്. ഷൂട്ടിംഗിന്റെ ഒരാഴ്ച മുമ്പ് പോലും ഞാൻ അമലിനോട് ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു. ഇതൊരു നല്ല ഐഡിയ ആണോ? വേറെ നല്ല പല നടിമാരുമുണ്ട്, അവരെ വെച്ച് ഇത് ചെയ്യാമല്ലോ? ഞാൻ ഇത്ര വർഷമായില്ലേ അഭിനയിച്ചിട്ടെന്ന് ചോദിച്ചു. എത്രത്തോളം ഈ കഥാപാത്രത്തിനോട് നീതി പുലർത്താൻ സാധിക്കും എന്ന കാര്യത്തിൽ എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. എന്നെ വച്ച് റിസ്ക് എടുക്കാൻ തയ്യാറാണോ എന്നാണ് ഞാൻ അമലിനോട് ചോദിച്ചത്. എന്നെ ആവേശം കൊള്ളിച്ച കഥാപാത്രമാണ് ബോഗയ്ൻവില്ലയിലേത്. പക്ഷേ ഇത് എത്രത്തോളം എന്നെക്കൊണ്ട് എടുത്താൽ പൊങ്ങുമെന്ന് എനിക്ക് അറിയുമായിരുന്നില്ല. പക്ഷേ അമൽ നീരദ് എന്ന സംവിധായകന് ഒരു ബോധ്യമുണ്ടായിരുന്നു. ഞാൻ ചെയ്താൽ ഇത് ശരിയാകുമെന്ന്. അത് എന്നെ പറഞ്ഞ് സമ്മതിപ്പിച്ച് എന്നോട് ഇത് ചെയ്തേ പറ്റുള്ളൂ എന്നു പറഞ്ഞു. ഞാൻ ഈ കഥാപാത്രം ചെയ്തില്ലെങ്കിൽ ഈ സിനിമ തന്നെ ചെയ്യില്ലെന്ന് അമൽ പറഞ്ഞിരുന്നു. അങ്ങനെയാണ് ഞാൻ ഇതിന് സമ്മതിച്ചത്.
ജ്യോതിർമയിക്കൊപ്പം കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ഷറഫുദ്ദീൻ, വീണ നന്ദകുമാർ ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമൽ നീരദുമാണ് ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ഒരു സ്റ്റൈലിഷ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന ചിത്രമാണ് ബോഗയ്ൻവില്ല എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ആദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്റെ ക്യാമറ ആനന്ദ് സി ചന്ദ്രനാണ്. എഡിറ്റിംഗ് നിർവഹിക്കുന്നത് വിവേക് ഹർഷനാണ്. ചിത്രം ഈ മാസം 17 ന് തിയറ്ററുകളിലെത്തും.