പൃഥ്വിരാജ് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ജനഗണമനയിലെ ശ്രദ്ധേയമായ കോടതി മുറി രംഗം ട്വിറ്ററില്‍ പങ്കുവെച്ച് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ്. 'മലയാള സിനിമകള്‍ എപ്പോഴും കാണണം' എന്ന ക്യാപ്ക്ഷനോടെയാണ് റാണ അയ്യൂബ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
റിലീസിന് ശേഷം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രത്തിലെ രംഗമാണിത്. ദളിത് രാഷ്ട്രീയത്തെ കുറിച്ചും ജാതിയുടെ പേരില്‍ രാജ്യത്ത് നടക്കുന്ന വിവേചനത്തെ കുറിച്ചുമെല്ലാമാണ് സിനിമയിലെ ഈ സീനില്‍ പൃഥ്വിരാജ് പറഞ്ഞുവെക്കുന്നത്.
ഈ രംഗം പങ്കുവെച്ചുകൊണ്ടാണ് റാണ അയ്യൂബ് 'എല്ലായിപ്പോഴും മലയാള സിനിമ കാണണം. ഇത് നെറ്റ്ഫ്‌ലിക്‌സിലുള്ള ജനഗണമന എന്ന സിനിമയിലെ രംഗമാണ്' , എന്ന് കുറിച്ചത്. അതോടൊപ്പം സോണി ലിവ്വില്‍ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം 'പുഴു'വും കാണാന്‍ റാണ ട്വിറ്റ് ചെയ്തിട്ടുണ്ട്.
ക്വീനിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ജനഗണമന. ഷാരിസ് മുഹമ്മദാണ് തിരക്കഥാകൃത്ത്. ഇന്ത്യയിലെ സമകാലിക രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ച ചിത്രമാണ് ജനഗണമന എന്നാണ് റിലീസിന് ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ചര്‍ച്ച. എന്നാല്‍ ജനഗണമന ഒരു പാര്‍ട്ടിക്കും എതിരെ സംസാരിക്കുന്ന സിനിമയല്ലെന്നാണ് സംവിധായകനും തിരക്കഥാകൃത്തും ദ ക്യുവിനോട് പറഞ്ഞത്. സിനിമ സംസാരിക്കുന്നത് തങ്ങളുടെ രാഷ്ട്രീയമല്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.