ഇളയരാജ സാറിനെ ഒരു സുഹൃത്തിനെപ്പോലെയാണ് തോന്നിയിട്ടുള്ളത് എന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. പുറത്ത് നിന്നു നോക്കുമ്പോഴും അല്ലെങ്കിൽ അഭിമുഖങ്ങളിൽ നമ്മൾ കാണുന്നത് പോലെയും ഒന്നുമല്ല അദ്ദേഹം എന്ന അൽഫോൺസ് പുത്രൻ പറയുന്നു. വ്യക്തിപരമായി വളരെ നല്ലൊരു സുഹൃത്തിനെപ്പോലെയാണ് അദ്ദേഹത്തെ തോന്നിയിട്ടുള്ളത്. എന്ത് വേണമെങ്കിലും അദ്ദേഹത്തിനോട് നമുക്ക് പറയാം. വളരെ ജനുവിൻ ആയ വ്യക്തിയായാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ തുടങ്ങി ഏകദേശം ഏഴ് പാട്ട് വരെ ഒറ്റ ദിവസം കൊണ്ട് ചെയ്തു എന്നും അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാൻ സാധിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു എന്നും കുമുദം എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അൽഫോൺസ് പുത്രൻ പറഞ്ഞു.
അൽഫോൺസ് പുത്രൻ പറഞ്ഞത്:
എ.ആർ റഹ്മാനും കീരവാണിയും ഹാരിസ് ജയരാജും എല്ലാം രാജാ സാറിന്റെ പാട്ടിൽ നിന്ന് വന്നവരാണ്. എനിക്ക് രാജാ സാറിന്റെ പാട്ട് കുട്ടിക്കാലം മുതൽക്കേ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഒരുപാട് പാട്ടുകൾ ഞാൻ കേട്ടിട്ടുണ്ട്. എസ്.പി ബാല സുബ്രമണ്യം സാറിന്റെയും യേശുദാസ് സാറിന്റെയും ഏറ്റവും നല്ല പാട്ടുകൾ രാജാ സാറിന്റെ കോമ്പോസിഷനിലുള്ളതാണ്. ഒരു പാട്ടുകാരൻ എന്ന രീതിയിലും അതേ സമയം പാട്ട് കേൾക്കുന്ന ഒരാൾ എന്ന നിലയിലും എനിക്ക് ഇവരെയെല്ലാവരെയും ചെറിയ പ്രായം മുതലേ ഇഷ്ടമാണ്. ഇവരെയെല്ലാം ഇഷ്ടപ്പെടണം എന്ന് കരുതി പ്ലാൻ ചെയ്ത് ഞാൻ ഇഷ്ടപ്പെട്ടതല്ല. അത് വളരെ സ്വാഭാവികമായി സംഭവിച്ച കാര്യമാണ്. എനിക്ക് രാജാ സാറിനൊപ്പം വർക്ക് ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തോട് പോയി സംസാരിച്ചു. ഞാൻ ഒരുമിച്ച് വർക്ക് ചെയ്യാൻ ആരംഭിച്ചതിന് പിന്നാലെ ഒരു ദിവസം കൊണ്ട് തന്നെ ആറ് ഏഴ് പാട്ട് ഒക്കെ ഞങ്ങൾ ചെയ്തു. ഇനിയും അദ്ദേഹത്തിനൊപ്പം എനിക്ക് വർക്ക് ചെയ്യണം എന്ന് ആഗ്രഹമുണ്ട്. വളരെ മികച്ച ഒരു വ്യക്തിത്വമാണ് അദ്ദേഹം. സത്യത്തിൽ, പുറത്ത് നിന്ന് നോക്കുമ്പോൾ അല്ലെങ്കിൽ അഭിമുഖങ്ങളിൽ ഒക്കെ എല്ലാവരും പറയുന്നത് പോലെയല്ല അദ്ദേഹം. വ്യക്തിപരമായി വളരെ നല്ലൊരു സുഹൃത്തിനെപ്പോലെയാണ് അദ്ദേഹത്തെ എനിക്ക് തോന്നിയിട്ടുള്ളത്. എന്ത് വേണമെങ്കിലും അദ്ദേഹത്തിനോട് നമുക്ക് പറയാം. വളരെ ജനുവിൻ ആയ വ്യക്തിയായാണ് അദ്ദേഹം.
'ഗോൾഡ്' എന്ന സിനിമക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഗിഫ്റ്റ്'. തമിഴിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം സംവിധാനം നിര്‍വഹിക്കുന്നത് ഇളയരാജയാണ്. ഏഴ് പാട്ടുകളാണ് ചിത്രത്തിന് വേണ്ടി ഇളയരാജ ഒരുക്കുന്നത്. ഒരു ഗാനം ചിത്രത്തിന് വേണ്ടി ആലപിക്കുന്നുമുണ്ട്. ഡാന്‍സ് കോറിയോഗ്രാഫറായ സാന്‍ഡി മാസ്റ്റർ നായകനായെത്തുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം, സംഭാഷണം, എഡിറ്റിങ്ങ്, കളര്‍ ഗ്രേഡിങ്ങ് എന്നിവയെല്ലാം നിര്‍വഹിക്കുന്നത് അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ്.