'ജൂറിയുടെ കണ്ണ് തുറക്കാന്‍ ഇലാമ പഴത്തിന്റെ കുരു കലക്കി കൊടുത്താലോ ഇന്ദ്രന്‍സേട്ടാ?', ഹോം വിവാദത്തില്‍ അല്‍ഫോന്‍സ് പുത്രന്‍

'ജൂറിയുടെ കണ്ണ് തുറക്കാന്‍ ഇലാമ പഴത്തിന്റെ കുരു കലക്കി കൊടുത്താലോ ഇന്ദ്രന്‍സേട്ടാ?', ഹോം വിവാദത്തില്‍ അല്‍ഫോന്‍സ് പുത്രന്‍
Published on

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ വിജയ് ബാബു നിര്‍മിച്ച ഹോമിനെ പരിഗണിച്ചില്ലെന്ന വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. താന്‍ ആറ് ജോലി ചെയ്തിട്ടും ഉഴപ്പനാണെന്നാണ് ജൂറി പറഞ്ഞത്. പ്രേമം സിനിമയില്‍ വര്‍ക്ക് ചെയ്ത ആര്‍ക്കും അന്ന് അവാര്‍ഡ് കൊടുത്തിരുന്നില്ല. ജൂറിയുടെ കണ്ണ് തുറക്കാന്‍ 'ഗുരു' സിനിമയിലെ ഇലാമ പഴത്തിന്റെ കുരു കലക്കി കൊടുത്തു നോക്കാമെന്നും അല്‍ഫോന്‍സ് പുത്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അല്‍ഫോന്‍സ് പുത്രന്റെ കുറിപ്പ്:

ഇന്ദ്രന്‍സേട്ടാ, ഞാന്‍ ആറ് ജോലി ചെയ്തിട്ടും ഉഴപ്പന്‍ ആണെന്നാണ് അന്ന് അവര്‍ പറഞ്ഞത്. ഞാന്‍ അവരുടെ ചിന്തയില്‍ ഉഴപ്പന്‍ ആയതുകൊണ്ട് പ്രേമം ടീമില്‍ വര്‍ക്ക് ചെയ്ത ഇരുപത്തിനാല് ക്രാഫ്റ്റില്‍ ഉള്ള ആര്‍ക്കും അവാര്‍ഡ് കൊടുത്തില്ല. ഒരു പ്രത്യേക തരം വിലയിരുത്തലാണ് അവരുടെ. ഞാന്‍ ഗുരു സിനിമയിലെ ഇലാമപഴം കിട്ടുമോ എന്ന് നോക്കാം ഇന്ദ്രന്‍സേട്ടാ. ഇലാമ പഴത്തിന്റെ കുരു കലക്കി കൊടുത്തു നോക്കാം. ഒരു പക്ഷെ കണ്ണ് തുറന്നാല്ലോലെ.

THE CUE OFFICIAL

ഇന്നലെയായിരുന്നു 52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിനത്തിന് പിന്നാലെ നിരവധി പേരാണ് സമൂഹമാധ്യമത്തില്‍ ഹോം സിനിമയെ ജൂറി പരിഗണിച്ചില്ലെന്ന ആരോപണവുമായി വന്നത്. ഹോം സിനിമ ജൂറി കണ്ടിട്ടില്ലെന്ന ആരോപണവുമായി നടന്‍ ഇന്ദ്രന്‍സ് രംഗത്തെത്തിയിരുന്നു.

'വിജയ് ബാബു നിരപരാധിയാണെങ്കില്‍ ജൂറി അവാര്‍ഡ് തീരുമാനം തിരുത്തുമോ. തനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല. ഹൃദയം നല്ലതാണ്, എന്നാല്‍ ഹോമിനെ ഹൃദയത്തിനൊപ്പം ചേര്‍ത്ത് വെക്കാമായിരുന്നു. വിജയ് ബാബുവിനെതിരായ പരാതിയും ഹോം തഴയപ്പെടാന്‍ കാരണമായിരിക്കാം. ഒടിടി പ്ലാറ്റ്‌ഫോമിനെക്കുറിച്ച് പലരും അറിയുന്നത് ഹോം സിനിമ കണ്ടതിന് ശേഷമാണ്', എന്നും ഇന്ദ്രന്‍സ് പറഞ്ഞു.

എന്നാല്‍ വിജയ് ബാബുവിന്റെ വിഷയം ഒരു തരത്തിലും ജൂറിയെ സ്വാധീനിച്ചിട്ടില്ലെന്നായിരുന്നു ജൂറി ചെയര്‍മാന്‍ സയ്യിദ് മിശ്ര പറഞ്ഞത്. 'എനിക്ക് ഹോം സിനിമയുടെ നിര്‍മാതാവുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചൊന്നും അറിയില്ലായിരുന്നു. ഇന്നാണ് ഞാന്‍ അതേ കുറിച്ച് അറിയുന്നത്. അതുകൊണ്ട് ആ വിഷയം ജൂറിയെ സ്വാധീനിച്ചിട്ടില്ല. അതൊരിക്കലും ജൂറിയെ സ്വാധീനിക്കാനും പാടില്ല. കാരണം സിനിമ എന്നത് ഒരു വ്യക്തിയെയോ അയാളുടെ സ്വഭാവത്തെയോ ബന്ധപ്പെട്ട വിഷയമല്ല. സിനിമ സിനിമയാണ്. എല്ലാ ജൂറി മെമ്പര്‍മാരും ഐകകണ്‌ഠേനെയാണ് വിജയികളെ തെരഞ്ഞെടുത്തത്. ഒരു വിഭാഗത്തിലും അവസാന ഘട്ടത്തില്‍ ഹോം ഉണ്ടായിരുന്നില്ല,' എന്നാണ് സയ്യിദ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in