മമ്മൂട്ടി നായകനായെത്തിയ ഭീഷ്മ പർവ്വം കണ്ടതിന് ശേഷം സംവിധായകൻ അൽഫോൻസ് പുത്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പും അതിന് താഴെയുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയിരിക്കുകയാണ്. ഭീഷ്മപർവം തകർത്തുവെന്നും, സിനിമയ്ക്ക് അടിപൊളി ലുക്കും ഫീലും ഒരുക്കിയ അമൽ നീരദിനും ആനന്ദ് സി ചന്ദ്രനും നന്ദി പറഞ്ഞുകൊണ്ടുമാണ് അൽഫോൻസ് പുത്രൻ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്.
അൽഫോൻസിൻറെ ഫേസ്ബുക്ക് കുറിപ്പ്
'കിക്ക് - ആസ്' ആയിരുന്നു ഭീഷ്മപർവ്വം. എല്ലാ കാസ്റ്റിനും ക്രൂവിനും ബഹുമാനവും സ്നേഹവും. അമൽ നീരദും, ആനന്ദ് സി ചന്ദ്രനും സിനിമയ്ക്ക് നൽകിയ ലുക്കിനും ഫീലിനും പ്രത്യേക സ്നേഹം.
കുറിപ്പിട്ടതിനു പിന്നാലെ വന്ന കമന്റുകൾക്കും മറുപടികൾ കൊടുക്കുവാൻ അൽഫോൻസ് മടിച്ചില്ല. പഴയ കുപ്പിയിലെ പുതിയ വീഞ്ഞാണ് സിനിമയെന്നും, ഗോൾഡിന്റെ എഡിറ്റിംഗ് തിരക്കിൽ ആയതുകൊണ്ടാണ് ഭീഷ്മപർവ്വം കാണാൻ വൈകിയതെന്നും അൽഫോൻസ് കമന്റുകൾക്ക് മറുപടികളായി പറഞ്ഞു. അതിനിടയിൽ വന്ന ഒരു കമന്റിന് റിപ്ലൈ നൽകുന്ന കൂട്ടത്തിലാണ് മമ്മൂട്ടിയെ കുറിച്ച് അൽഫോൻസ് പറഞ്ഞത്.
അൽഫോൻസിൻറെ കമന്റ്
'ക്ലിന്റ് ഈസ്റ്റ്‌വുഡ്, റോബർട്ട് ഡി നീറോ, അൽ പാച്ചിനോ എന്നിവരേക്കാൾ കൂടുതൽ റേഞ്ച് മമ്മൂട്ടിക്കുണ്ടെന്ന് കരുതുന്നു. എന്റെ അഭിപ്രായത്തിൽ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും ഏറ്റവും വിലയേറിയ രത്നങ്ങളിൽ ഒരാളാണ് അദ്ദേഹം. മമ്മൂട്ടി ശരിക്കും ഒരു രാജമാണിക്യം തന്നെയാണ്.'
'ഗോൾഡാ'ണ് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. പൃഥ്വിരാജ് സുകുമാരൻ, നയൻതാര തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.