നീണ്ട പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന 'എലോണ്‍' എന്ന ചിത്രത്തിന്റെ ട്രയ്‌ലര്‍ നാളെയെത്തും. മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം അറിയിച്ചത്. പുതുവത്സരദിനത്തില്‍ കൃത്യം 12.01 ന് ട്രയ്‌ലര്‍ റിലീസുണ്ടാകുമെന്നാണ് അറിയിപ്പ്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററും പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്. 'യഥാര്‍ഥ നായകന്മാരെപ്പോഴും തനിച്ചായിരിക്കും' എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്.
2023-ല്‍ തന്നെ ചിത്രത്തിന്റെ റിലീസുണ്ടാകുമെന്ന ഔദ്യോഗിക സ്ഥിരീകരണം കൂടിയാണുണ്ടായത്. മോഹന്‍ലാലിന്റെ ഒറ്റയാള്‍ പ്രകടനം പകര്‍ത്തുന്ന ഷാജി കൈലാസ് ചിത്രം ഒരു സിംഗിള്‍ കാസ്റ്റ് സിനിമയാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളുടെയെല്ലാം സാന്നിധ്യം ശബ്ദത്തിലൂടെ മാത്രമാണെന്നും സൂചനയുണ്ട്.
ഷാജി കൈലാസിന്റെ മുന്‍ ചിത്രങ്ങളായ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നവക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് എലോണിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം ആശിര്‍വാദിന്റെ മുപ്പതാമത്തെ സിനിമകൂടിയാണ്. 2002-ല്‍ പുറത്തിറങ്ങിയ നരസിംഹമാണ് ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ആദ്യ മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രം. ഇരുവരും ഒന്നിച്ച അവസാന ചിത്രം 2009ലെ റെഡ് ചില്ലീസാണ്. വീണ്ടും ഇരുവരും ഒന്നിക്കുന്ന എലോണും ക്രൈംത്രില്ലറാണ്.
ഛായാഗ്രഹണം: അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ്: ഡോണ്‍ മാക്‌സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സന്തോഷ് രാമന്‍, സംഗീതം: ജേക്‌സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിദ്ധു പനയ്ക്കല്‍, മേക്കപ്പ്: ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്ണന്‍, വസ്ത്രാലങ്കാരം: മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ്: അനീഷ് ഉപാസന എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ഡിസംബര്‍ 22 ന് തിയറ്ററുകളിലെത്തിയ കാപ്പയാണ് ഷാജി കൈലാസിന്റെ അവസാനമായി റിലീസ് ചെയ്ത സിനിമ. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളി, അന്ന ബെന്‍, ആസിഫ് അലി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.