ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടികെട്ടില്‍ ഒരുങ്ങുന്ന എലോണിന്റെ ആദ്യ ഡയലോഗ് ടീസര്‍ പുറത്തുവിട്ടു. യഥാര്‍ഥ നായകന്മാര് എല്ലായിപ്പോഴും തനിച്ചാണ് എന്ന ഡയലോഗാണ് മോഹന്‍ലാല്‍ ടീസറില്‍ പറയുന്നത്. കണ്ണാടിയില്‍ നോക്കി നില്ക്കുന്ന മോഹന്‍ലാലാണ് ടീസറിലുള്ളത്. എലോണില് വ്യത്യസ്തമായ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ വസ്ത്രധാരണവും അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ്.
അതേസമയം 12 വര്‍ഷത്തിന് ശേഷമാണ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്നതെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമായിരിക്കും കഥാപാത്രമായി ഉണ്ടായിരിക്കുക എന്നും സൂചനയുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദിന്റെ മുപ്പതാമത്തെ ചിത്രം കൂടിയാണിത്. 2002ല്‍ പുറത്തിറങ്ങിയ നരസിംഹമാണ് ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ആദ്യ മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രം. ഇരുവരും ഒന്നിച്ച അവസാന ചിത്രം 2009ലെ റെഡ് ചില്ലീസ് എന്ന ക്രൈം ത്രില്ലറാണ്.
ഷാജി കൈലാസിന്റെ മുന്‍ ചിത്രങ്ങളായ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നവക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് എലോണിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന് രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്ണന്, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്ഗവന്, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.