സ്ഫടികത്തിലെ ചാക്കോ മാഷിനെ കളിയാക്കിയ മൈനയുടെ ശബ്ദത്തിന്റെ ഉടമ; ഓർമ്മകളുമായി ആലപ്പി അഷറഫ്

സ്ഫടികത്തിലെ  ചാക്കോ മാഷിനെ കളിയാക്കിയ  മൈനയുടെ ശബ്ദത്തിന്റെ  ഉടമ; ഓർമ്മകളുമായി ആലപ്പി അഷറഫ്
Published on

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ സ്ഫടികത്തിലെ തിലകൻ അവതരിപ്പിച്ച ചാക്കോ മാഷ് എന്ന കഥാപാത്രത്തിനെ 'കടുവ കടുവ' എന്ന് വിളിച്ച് കളിയാക്കിയ മൈനയെ മലയാളികൾക്ക് മറക്കാനാകില്ല. നടനും സംവിധായകനുമായ ആലപ്പി അഷറഫ് ആണ് ചാക്കോ മാഷിന്റെ വളർത്തു പക്ഷിക്ക് ശബ്ദം നൽകിയത്. സിനിമയിൽ 'കടുവ കടുവ' എന്ന മൈനയുടെ ശബ്ദം നൽകിയതിന്റെ രസകരമായ ഓർമ്മകൾ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെയ്ക്കുകയാണ് ആലപ്പി അഷറഫ്.

ആലപ്പി അഷറഫിന്റെ ഫേസ്ബുക് ബുക്ക് പോസ്റ്റ്

സ്ഫടികം സിനിമയുടെ നൂറാംദിവസ ആഘോഷത്തിൽ എനിക്കും ക്ഷണമുണ്ടായിരുന്നു.

അവർ എന്നെ വേദിയിലേക്ക്

വിളിച്ച് എന്റെ പേര് ആലേഖനംചെയ്ത ഒരു ഷീൽഡ് നല്കി എനിക്ക് ആദരവ് തന്നു.

എന്തിനന്നോ...

ആ സിനിമയിൽ ഞാനും ശബ്ദം നല്കിയിട്ടുണ്ട്, സ്ഫടികത്തിലെ നടീനടന്മാർക്കൊന്നുമല്ല..

പിന്നയോ.. ?

അതിലെ അതികായകനായ ചാക്കോ മാഷ്നെ

" കടുവാ കടുവാ " എന്നു വിളിച്ചു ആക്ഷേപിക്കുന്ന മൈനക്ക് വേണ്ടി,

ആ ശബ്ദം നല്കിയിരുന്നത് ഞാനായിരുന്നു.

സ്ഫടികം റിലീസിംഗ് തിയതി നിശ്ചയിച്ചു കഴിഞ്ഞപ്പോൾ മോഹൻലാൽ ഒഴിച്ചു എല്ലാവരുടെയും ഡബ്ബിംഗ് കഴിഞ്ഞിരുന്നു.

ആ സമയം ലാൽ ഇന്ത്യയിൽ ഇല്ലായിരുന്നു .

റിക്കാർഡിംഗിന്റെ അവശ്യത്തിലേക്കുള്ള ശബ്ദങ്ങൾക്കായ് അന്ന് ലാലിന്റെ ആടുതോമക്ക് വേണ്ടി ട്രാക്ക് വോയ്സ് ഡബ്ബ് ചെയ്തത് ഞാനായിരുന്നു. ലാലിന് വേണ്ടി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്പോൾ, മൈനയുടെ സീക്വൻസ് വന്നപ്പോൾ ഞാൻ ഒരു രസത്തിന്, അതിനുംകൂടി ശബ്ദം കൊടുത്തു.

അത് കേട്ട സംവിധായകൻ ഭദ്രൻ ആശ്ചര്യത്തോടെ ഒന്നുകൂടി ചെയ്യാൻ ആവശ്യപ്പെട്ടു. ഞാൻ ആവർത്തിച്ചു .

മൈനക്ക് വേണ്ടിയുള്ള എന്റെ ആ മിമിക് ശബ്ദം അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു.

മൈനയുടെ ശബ്ദത്തിന്റെ കാര്യത്തിൽ അങ്ങിനെ തീരുമാനമായ്.

സ്ഫടികം സൂപ്പർ ഹിറ്റായപ്പോൾ തമിഴിലും മൊഴിമാറ്റം നടത്തി .

അവരും എന്നെ വിളിച്ചു .

ഈ കിളിയുടെ ശബ്ദം ചെയ്യാൻ,"ഇവിടെ ഇത് ചെയ്യാൻ ആളില്ല സാർ.. "

മലയാളത്തിലെ ശബ്ദം തന്നെ ഉപയോഗിച്ചാൽ പോരെയെന്ന് ഞാൻ ചോദിച്ചു.

ഇല്ല സാർ ഇവിടെ കടുവാ എന്നല്ല പറയുന്നത് കരടി എന്നാണ്.

വേറെ മാർഗ്ഗമൊന്നുമില്ല സഹായിക്കണം.

കൊച്ചിയിൽ നിന്നും രാവിലെത്തെ വിമാനത്തിൽ മദിരാശിയിൽ എത്തി , സ്ഫടികം മോഡൽ ശബ്ദത്തിൽ "കരടി കരടി " എന്നു പറഞ്ഞു വൈകിട്ടത്തെ വിമാനത്തിൽ തിരിച്ചു വന്നു. അതിന് പ്രതിഫലമൊന്നും സ്വീകരിച്ചുമില്ല.

Related Stories

No stories found.
logo
The Cue
www.thecue.in