ഫ്രാൻസിലെ ഓസ്‌കാർ കമ്മിറ്റിയുടെ ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടി പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. കാന്‍ ചലച്ചിത്രമേളയില്‍ ആദ്യമായി ഗ്രാന്‍ഡ് പ്രീ പുരസ്ക്കാരം നേടിയ ഇന്ത്യൻ ചിത്രമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. ഒരേ സമയം ഇന്ത്യയുടെയും ഫ്രാൻസിന്റെയും ഓസ്കാർ എൻട്രി ഷോർട്ട്‌ലിസ്റ്റിലാണ് ചിത്രം ഇപ്പോൾ ഇടം നേടിയിരിക്കുന്നത്. 2025 ലെ അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിൽ ഫ്രാൻസ്, ഇന്ത്യ എന്നീ രണ്ട് രാജ്യങ്ങളിൽ നിന്നുള്ള ഓസ്കാർ എൻട്രിയായി ചിത്രം മാറാനുള്ള സാധ്യതകളാണ് ഇതോടെ ഉയരുന്നത്.
ജാക്വസ് ഓഡിയാർഡിൻ്റെ എമിലിയ പെരസ് , അലക്‌സാണ്ടർ ഡുമാസിന്റെ അഡാപ്റ്റേഷനായ ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ, അലൈൻ ഗ്യൂറോഡിയുടെ മിസ്രികോർഡിയ എന്നീ ചിത്രങ്ങൾക്കൊപ്പമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റും ഫ്രാൻസിലെ ഓസ്‌കാർ കമ്മിറ്റി തിരഞ്ഞെടുത്തത്. ഈ ചിത്രങ്ങളെല്ലാം തന്നെ 2024-ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ലോക പ്രീമിയറായി പ്രദർശിപ്പിച്ചവയാണ്.
കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃധു ഹാറൂൺ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. ഫ്രഞ്ച് ആസ്ഥാനമായുള്ള കമ്പനിയായ പെറ്റിറ്റ് ചാവോസിലൂടെ തോമസ് ഹക്കിമും ജൂലിയൻ ഗ്രാഫും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.തെലുങ്ക് നടൻ റാണ ദഗ്ഗുബതിയുടെ പ്രൊഡക്ഷൻ ബാനറായ സ്പിരിറ്റ് മീഡിയയാണ് അടുത്തിടെ ഇന്ത്യയിൽ ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്റെ വിതരണാവകാശം സ്വന്തമാക്കിയത്.
മുംബൈയില്‍ നഴ്സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് പ്രഭ ജീവിക്കുന്നത്. അനു ഒരു യുവാവുമായി കടുത്ത പ്രണയത്തിലാണ്. ഇവരുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. മുംബൈയിലും രത്‌നഗിരിയിലും 40 ദിവസം ചിത്രീകരിച്ച സിനിമയുടെ തിരക്കഥാകൃത്തും പായല്‍ കപാഡിയയാണ്. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ പൂര്‍വ വിദ്യാര്‍ഥിയായ പായല്‍ കപാഡിയയുടെ ഡോക്യുമെന്ററി 'എ നൈറ്റ് ഓഫ് നോയിങ് നത്തിങ്ങി'ന് 2021-ല്‍ കാനിലെ 'ഗോള്‍ഡന്‍ ഐ' പുരസ്‌കാരം ലഭിച്ചിരുന്നു.