'പുഷ്പ: ദി റൂൾ' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നടൻ അല്ലു അർജുനും സംവിധായകൻ സുകുമാറും തമ്മിൽ തർക്കമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെ തള്ളി നിർമാതാവ് ബണ്ണി വാസ്. 2024 ഓഗസ്റ്റിൽ റിലീസ് പ്രഖ്യാപിച്ച അല്ലു അർജുൻ ചിത്രം പുഷ്പ സെക്കൻഡ് ചിത്രീകരണം വൈകുന്നതിനെ ചൊല്ലി ടോളിവുഡിൽ പല ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ഫഹദ് ഫാസിൽ ഷെഡ്യൂളിൽ കൃത്യമായി പങ്കെടുക്കുന്നില്ല എന്ന രീതിയിലായിരുന്നു ആദ്യ പ്രചരണമെങ്കിൽ പിന്നീട് സംവിധായകൻ സുകുമാറും നായകൻ അല്ലു അർജുനും തമ്മിൽ വഴക്കിലാണെന്ന രീതിയിലായി. ഓഗസ്റ്റ് 15ന് റിലീസ് നിശ്ചയിച്ച ചിത്രം ഡിസംബർ റിലീസായി നീട്ടിയതിന് പിന്നിൽ അല്ലു അർജുന്റെ അപ്രതീക്ഷിത നീക്കമാണെന്നായിരുന്നു തെലുങ്ക് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ. സിനിമയിലെ പുഷ്പരാജിന്റെ താടി നീട്ടിയ ലുക്കിന് പകരം താടി ട്രിം ചെയ്ത് അല്ലു അർജുൻ വിമാനത്തിൽ കയറുന്ന വീഡിയോപങ്കുവച്ചാണ് അല്ലു ലുക്ക് മാറ്റി വെക്കേഷന് പോയി, പടം നീട്ടി വച്ചുവെന്ന പ്രചരണമുണ്ടായത്. എന്നാൽ ഈ പ്രചരണങ്ങളെല്ലാം തള്ളി രംഗത്ത് വന്നിരിക്കുകയാണ് അല്ലു അർജുന്റെ സുഹൃത്തും നിർമ്മാതാവുമായ ബണ്ണി വാസ്.
പിങ്ക് വില്ലയുടെ റിപ്പോർട്ട് അനുസരിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ് എന്നും കുറച്ച് ദിവസത്തെ ഷൂട്ടുകൾ മാത്രമാണ് പുഷപയിൽ അല്ലു അർജുന് ഇനി ബാക്കിയുള്ളത് എന്നും ബണ്ണി വാസ് പറഞ്ഞു. അല്ലു അർജ്ജുന് പുഷ്പ ദ റൂളിന്റെ 15-17 ദിവസത്തെ ഷൂട്ടാണ് ഇനി ബാക്കിയുള്ളത്. അതിൽ സിനിമയുടെ ക്ലെെമാക്സും ഒരു പാട്ടുമാണ് ഉൾപ്പെടുന്നത്. ഇപ്പോൾ പുഷ്പ ടീം ഫഹദ് ഫാസിലിന്റെ ഡേറ്റിന് അനുസരിച്ച് വർക്ക് ചെയ്യുകയാണ്. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഉടൻ ആരംഭിക്കും എന്നും അദ്ദേഹം പിങ്ക് വില്ലയോട് പറഞ്ഞു. എഡിറ്റിംഗ് പൂർത്തിയാക്കുന്നതിലും ചിത്രീകരിക്കേണ്ട അധിക രംഗങ്ങൾ തിരിച്ചറിയുന്നതിലുമാണ് സുകുമാർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും 6 മാസം കൂടി സിനിമ ചിത്രീകരിക്കാൻ സംവിധായകൻ സുകുമാർ ആവശ്യപ്പെട്ടാൽ അത് സന്തോഷത്തോടെ ചെയ്യുന്ന ആളാണ് അല്ലു അർജുൻ എന്നും ബണ്ണി വാസു കൂട്ടിച്ചേർത്തു.
പുഷ്പയിലെ അഭിനയത്തിനാണ് കഴിഞ്ഞ വർഷം മികച്ച നടനുള്ള ദേശീയ പുരസ്കാരം അല്ലു അർജുനെത്തേടിയെത്തിയത്. പുഷ്പയിലൂടെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ദേവി ശ്രീ പ്രസാദും നേടിയിരുന്നു.ആന്ധ്രാപ്രദേശിലെ ശേഷാചലം കാട്ടിലെ രക്തചന്ദനക്കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അല്ലു അർജുൻ എത്തുന്നത്. അല്ലു അർജുനെയും ഫഹദ് ഫാസില്ലിനെയും കൂടാതെ രശ്മിക മന്ദാന്ന, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവരായിരുന്നു പുഷ്പ ദ റെെസിലെ പ്രധാന അഭിനേതാക്കള്‍. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.