ഗംഗുഭായ് കത്തിയാവാഡി സിനിമയുമായി ബന്ധപ്പെട്ട് സംവിധായകൻ സഞ്ജയ് ലീല ബൻസാലി, നടി ആലിയ ഭട്ട്, തിരക്കഥാകൃത്തുക്കൾ എന്നിവർക്കെതിരെ സമൻസ് . ക്രിമിനൽ മാനനഷ്ട കേസുമായി ബന്ധപ്പെട്ട് അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് അയച്ചത്. മേയ് 21ന് മുമ്പ് കോടതിയിൽ ഹാജരാകാനാണ് നിർദേശം.
കാമാത്തിപുരയിലെ ഗംഗുഭായ് എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ആലിയ അവതരിപ്പിക്കുന്നത്. ഗാംഗുഭായുടെ വളർത്തുമകനെന്ന് അവകാശപ്പെടുന്ന ബാബു രാവ്ജി ഷായാണ് സിനിമയിലെ പ്രമുഖർക്കെതിരെ മാനനഷ്ട കേസ് നൽകിയിരിക്കുന്നത്. ഹുസൈൻ സെയ്ദിയുടെ പുസ്തകമായ മാഫിയ ക്യൂൻസ് ഓഫ് മുംബൈയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത് .
പുസ്തകത്തിലെ ഗംഗുഭായ് കത്തിയാവാഡിയെക്കുറിച്ചുള്ള കാര്യങ്ങൾ അപകീർത്തികരമായി പരാമർശിച്ചിരിക്കുകയാണെന്നും പ്രശസ്തിക്കും പണത്തിനും വേണ്ടി അമ്മയുടെ പേര് കളങ്കപ്പെടുത്തുന്നുവെന്നും പരേതയായ അമ്മയുടെ സ്വകാര്യത ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ബാബു രാവ്ജി പരാതി നൽകിയത് . അതിനാൽ സിനിമ നിരോധിക്കണമെന്നാണ് ബാബു രാവ്ജിയുടെ ആവശ്യം. നേരത്തേ മുംബൈ സിവിൽ കോടതിയെ ബാബു രാവ്ജി സമീപിച്ചെങ്കിലും കോടതി ഹർജി നിരസിച്ചിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നത് നിർത്തണമെന്നും സിനിമയും സിനിമയുടെ ട്രെയിലറുകളും നിരോധിക്കണമെന്നായിരുന്നു ബാബു രാവ്ജി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ
പുസ്തകം 2011ൽ പബ്ലിഷ് ചെയ്തതാണെന്നും 2020 ഡിസംബറിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി കോടതി ആവശ്യം നിരസിക്കുകയായിരുന്നു. ഗംഗുഭായിയുടെ വളർത്തുമകനാണെന്ന് തെളിയിക്കാൻ കഴിയുന്ന രേഖകൾ ബാബു രാവ്ജിയുടെ കൈവശമില്ലെന്നും കോടതി നിരീക്ഷിച്ചു.