മകളെ ഉറക്കാൻ വേണ്ടി രൺബീർ ആ മലയാളം പാട്ട് പഠിച്ചെടുത്തു; കപിൽ ശർമ ഷോയിൽ മലയാളത്തിൽ തരാട്ട് പാട്ട് പാടി ആലിയ ഭട്ട്

മകളെ ഉറക്കാൻ വേണ്ടി രൺബീർ ആ മലയാളം പാട്ട് പഠിച്ചെടുത്തു; കപിൽ ശർമ ഷോയിൽ മലയാളത്തിൽ തരാട്ട് പാട്ട് പാടി ആലിയ ഭട്ട്
Published on

മകൾ റാഹയും ഭർത്താവ് രൺബീറും തമ്മിലുള്ള ആത്മ ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ആലിയ ഭട്ട്. മകൾക്കൊപ്പം കളിക്കാൻ വേണ്ടി പുതിയ പുതിയ ​ഗെയിമുകൾ രൺബീർ കണ്ടു പിടിക്കാറുണ്ടെന്നും ഉണ്ണി വാവാവോ എന്ന ഗാനം ഉറങ്ങുന്ന സമയത്ത് മകൾക്ക് പാടിക്കൊടുക്കാൻ വേണ്ടി രൺബീർ പഠിച്ചെടുത്തു എന്നും ആലിയ പറയുന്നു. റാഹയുടെ നേഴ്സ് മകളെ ഉറക്കാൻ വേണ്ടി പാടിക്കൊടുത്തിരുന്ന പാട്ടായിരുന്നു അതെന്നും ഉറക്കം വരുമ്പോൾ മകൾ അത് കേൾക്കണമെന്ന് നിരന്തരം ആവശ്യപ്പെടാറുണ്ടെന്നും ആലിയ പറയുന്നു. അതേ സമയം കരൺ ജോഹറിന്റെ ഇരട്ട കുട്ടികൾക്കും മലയാളവുമായി ബന്ധമുണ്ടെന്ന് കരൺ പറഞ്ഞു. ഇരുവരുടെയും നേഴ്സ് മലയാളി ആയതിനാൽ കുട്ടികൾക്ക് ഇരുവർക്കും മലയാളം ഏറ്റവും നന്നായി സംസാരിക്കാനും മനസ്സിലാക്കാനും കഴിയും എന്ന് കരൺ ജോഹർ പറഞ്ഞു. ദ ​ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ സംസാരിക്കവേയാണ് ആലിയയും കരൺ ജോഹറും തങ്ങളുടെ കുട്ടികൾക്ക് മലയാള ഭാഷയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞത്. ആലിയ ഭട്ടിന്റെ ജി​ഗ്ര എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഷോയിൽ എത്തിയതായിരുന്നു ഇരുവരും.

ആലിയ ഭട്ട് പറഞ്ഞത്:

റാഹയും രൺബീറും തമ്മിലുള്ള ബന്ധം ഒരു സൗഹൃദം പോലെയാണ്. പുതിയ പുതിയ ​ഗെയിമുകളൊക്കെ മകൾക്കൊപ്പം കളിക്കാൻ വേണ്ടി മാത്രം രൺബീർ കണ്ടുപിടിക്കും. ഇപ്പോൾ അദ്ദേഹം ഉണ്ണീ വാവാവോ എന്ന പാട്ട് പാടും. അത് ഒരു തരാട്ട് പാട്ടാണ്. ഞങ്ങളുടെ നേഴ്സ് റാഹയ്ക്ക് കുഞ്ഞിലേ മുതൽ പാടിക്കൊടുക്കുന്ന പാട്ടാണ് അത്. ഉണ്ണി വാവാവോ പൊന്നുണ്ണി വാവാവോ ഒരു മലയാളം പാട്ടാണ്. എപ്പോഴൊക്കെ റാഹയ്ക്ക് ഉറക്കം വരുന്നോ അപ്പോഴോക്കേ അവൾ അമ്മ വാവോ, അച്ഛ വാവോ എന്ന് പറയും. അത് കേട്ടാലേ അവൾക്ക് ഉറക്കം വരുകയുള്ളൂ. ഇപ്പോൾ രൺബീർ ആ പാട്ട് പാടാൻ പഠിച്ചു.

അതേ സമയം തന്റെ ഇരട്ട കുട്ടികൾക്ക് മലയാളം സംസാരിക്കാനും മനസ്സിലാക്കാനും സാധിക്കുമെന്ന് സംവിധായകൻ കരൺ ജോഹറും വെളിപ്പെടുത്തി. നിങ്ങൾക്ക് അറിയുമോ എന്റെ രണ്ട് മക്കൾക്കും ഇതുപോലെ ഒരു നേഴ്സ് ഉണ്ട്. ഇപ്പോൾ അവരും ഏറ്റവും നന്നായി മലയാളം സംസാരിക്കുന്നവരാണ്. അവർക്ക് മലയാളം മനസ്സിലാവുകയും ചെയ്യും, അവർ അത് നന്നായി സംസാരിക്കുകയും ചെയ്യും. കരൺ ജോഹർ പറഞ്ഞു.

ആലിയ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി വസന്ത് ബാല സംവിധാനം ചെയ്യുന്ന ചിത്രമാണ് ജി​ഗ്ര. ദേശത്ത് ജയിലിൽ കഴിയുന്ന സഹോദരനെ രക്ഷപ്പെടെത്താൻ ശ്രമിക്കുന്ന സത്യ എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. വേദാങ് റെയ്നയാണ് ചിത്രത്തിൽ ആലിയ ഭട്ടിന്റെ സഹോദരനായി എത്തുന്നത്. കരൺ ജോഹറും ആലിയ ഭട്ടും ചേർന്നു നിർമിക്കുന്ന ചിത്രം ഒക്ടോബർ 11ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in