വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായകനായി അവതരിപ്പിക്കുന്ന 1921 എന്ന തന്റെ പുതിയ സിനിമക്ക് മേജര്‍ രവി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി സംവിധായകന്‍ അലി അക്ബര്‍. മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവി സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുമെന്നും അലി അക്ബര്‍. ഇക്കാര്യത്തില്‍ മേജര്‍ രവിയോ, അര്‍ജുന്‍ രവിയോ സ്ഥിരീകരണം നടത്തിയിട്ടില്ല.
ആഷിഖ് അബു സംവിധാനം ചെയ്ത് പൃഥിരാജ് നായകനായി വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ പിടി കുഞ്ഞിമുഹമ്മദ്, ഇബ്രാഹിം വെങ്ങര, അലി അക്ബര്‍ എന്നിവര്‍ 1921 മലബാര്‍ കലാപം പ്രമേയമാക്കി സിനിമ പ്രഖ്യാപിച്ചിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കിയാണ് അലി അക്ബര്‍ 1921 എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചത്. ഇതേ പേരില്‍ മമ്മൂട്ടിയെ നായകനാക്കി ടി ദാമോദരന്റെ രചനയില്‍ ഐവി ശശി ചിത്രമുണ്ട്.
മലയാള സിനിമയിലെ പ്രധാന താരങ്ങളും ചലച്ചിത്രപ്രവര്‍ത്തകരും തന്റെ സിനിമക്ക് പിന്തുണ നല്‍കിയതായും അലി അക്ബര്‍ അവകാശപ്പെടുന്നു. ജനങ്ങളില്‍ നിന്ന് പണം സമാഹരിച്ചാണ് അലി അക്ബര്‍ മലബാര്‍ കലാപം സിനിമയാക്കുന്നത്. ഇതിനോടകം 16 ലക്ഷത്തിന് മുകളില്‍ തനിക്ക് ജനങ്ങളില്‍ നിന്നും ലഭിച്ചതായും അലി അക്ബര്‍. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ വധഭീഷണി ഉണ്ടായെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു. പൊലിഞ്ഞുപോയ ആത്മാക്കളുടേതാണ് തന്റെ സിനിമയെന്നും അലി അക്ബര്‍. മലയാളത്തിലെ നട്ടെല്ലുള്ള നടന്മാര്‍ ഈ സിനിമയുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
മുഖമുദ്ര, പൊന്നുച്ചാമി, പൈ ബ്രദേഴ്‌സ്, ജൂനിയര്‍ മാന്‍ഡ്രേക്ക് എന്നീ ഹ്യൂമര്‍ സിനിമകളിലൂടെയാണ് അലി അക്ബര്‍ സിനിമയില്‍ സജീവമാകുന്നത്.