ഗുലാബോ സിതാബോ എന്ന അമിതാബ് ബച്ചന്‍-ആയുഷ്മാന്‍ ഖുരാന ചിത്രമാണ് കൊവിഡ് ലോക്ക് ഡൗണില്‍ ബോളിവുഡില്‍ നിന്ന് ഡിജിറ്റല്‍ റിലീസായി ആദ്യമെത്തിയത്. ഇപ്പോഴിതാ അക്ഷയ്കുമാര്‍ നായകനായ ലക്ഷ്മി ബോംബ് റെക്കോര്‍ഡ് തുകയ്ക്കാണ് ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ വാങ്ങിയതെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. 125 കോടിക്കാണ് സിനിമയുടെ ഡിജിറ്റല്‍ റൈറ്റ്‌സ് ഡിസ്‌നി സ്വന്തമാക്കിയതെന്ന് ബോളിവുഡ് മാധ്യമം പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
ബോളിവുഡില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന താരങ്ങളാണ് സല്‍മാന്‍ ഖാനും അക്ഷയ്കുമാറും. സല്‍മാന്‍ ഖാന്‍ ചിത്രം രാധേ'യും അക്ഷയ്കുമാറിന്റെ ലക്ഷ്മി ബോംബും ഈദ് റിലീസായി പ്ലാന്‍ ചെയ്തതായിരുന്നു.
രാഘവ ലോറന്‍സ് സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം ലക്ഷ്മി ബോംബ് അക്ഷയ്കുമാര്‍ ഓണ്‍ലൈന്‍ റിലീസിനായി തീരുമാനിച്ചത് ബോളിവുഡിനെ അമ്പരപ്പിച്ചിരുന്നു. ലോറന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് സംവിധാനം ചെയ്ത കാഞ്ചന ആണ് ലക്ഷ്മി ബോംബ് എന്ന പേരില്‍ റീമേക്ക് ചെയ്തത്. ഫോക്‌സ്റ്റാറിനൊപ്പം സഹകരിച്ച് അക്ഷയ്കുമാറും തുഷാര്‍ കപൂറുമാണ് ലക്ഷ്മി ബോംബ് നിര്‍മ്മിച്ചിരിക്കുന്നത്.
സാധാരണ നിലയില്‍ 60 മുതല്‍ 70 കോടി വരെയാണ് ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശമായി ലഭിക്കുക. തിയറ്ററുകളെ ഒഴിവാക്കി റിലീസ് ചെയ്യുന്നതിനാലും ലോക്ക് ഡൗണില്‍ തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നതുകൊണ്ടും നിര്‍മ്മാതാക്കള്‍ 100 കോടിക്ക് മുകളില്‍ ആവശ്യപ്പെടുകയായിരുന്നു. 125 കോടി ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന ഡിജിറ്റല്‍ റൈറ്റ്‌സുമാണ്. 200 കോടി തിയറ്ററില്‍ കളക്ഷന്‍ വരാന്‍ സാധ്യതയുള്ള ചിത്രമെന്ന നിലയ്ക്കാണ് നിര്‍മ്മാതാക്കള്‍ ഡിസ്‌നി ഹോട്ട്‌സ്റ്റാറുമായി വിലപേശിയതെന്നും സൂചനകളുണ്ട്.