'കൊവിഡില്‍ തുടങ്ങി പൂര്‍ത്തിയാക്കിയ ആദ്യ ചിത്രം', അക്ഷയ്‌യുടെ ബെല്‍ബോട്ടം, ക്യാമറ രാജീവ് രവി
കൊവിഡ് മഹാവ്യാധി ലോകത്തെ നിശ്ചലമാക്കിയപ്പോള്‍ ചലച്ചിത്ര മേഖലയും സ്തംഭനാവസ്ഥയിലായിരുന്നു. മാര്‍ച്ച് മുതല്‍ തിയറ്ററുകളും ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനുമെല്ലാം നിലച്ചു. നിയന്ത്രണങ്ങളോടെയുള്ള ചിത്രീകരണത്തിന് അനുമതി ലഭിച്ചപ്പോള്‍ സിനിമാ മേഖല പഴയപടിയായില്ല.
അക്ഷയ്കുമാര്‍ നായകനായ ബോളിവുഡ് ചിത്രം ബെല്‍ബോട്ടം കൊവിഡിനിടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്നത് പുതിയൊരു റെക്കോര്‍ഡുമായാണ്. സിനിമ നിശ്ചലമായ കൊവിഡ് കാലത്ത് ചിത്രീകരണം തുടങ്ങി പൂര്‍ത്തിയാക്കിയ ആദ്യ സിനിമ. കൊവിഡില്‍ പൂര്‍ത്തിയായ ലോകത്തെ തന്നെ ആദ്യ ചിത്രമാണ് ഇതെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
സ്‌കോട്ട്‌ലന്‍ഡ് ഷെഡ്യൂള്‍ പൂര്‍ത്തിയായതോടെയാണ് ചിത്രം പാക്കപ്പായത്. രഞ്ജിത് എം തിവാരിയാണ് സംവിധാനം. രാജീവ് രവിയാണ് ക്യാമറ. വാണി കപൂര്‍, ലാറാ ദത്ത, ഹുമാ ഖുറേഷി എന്നിവരാണ് നായികമാര്‍. വാശു ഭഗ്നാനി, ജാക്കി ഭാഗ്നാനി എന്നിവരാണ് നിര്‍മ്മാണം. 2021 ഏപ്രില്‍ റിലീസ് ബെല്‍ബോട്ടം.
ഒറ്റയ്ക്ക് കുറച്ച് മാത്രമാണ് ചെയ്യാനാകുന്നതെങ്കില്‍, ഒന്നിച്ചാല്‍ ഒത്തിരി ചെയ്യാന്‍ സാധിക്കുമെന്ന് ഫസ്റ്റ് ലുക്ക് ട്വീറ്റ് ചെയ്ത് അക്ഷയ്കുമാര്‍. ഓഗസ്റ്റില്‍ യുകെയിലായിരുന്നു ബെല്‍ബോട്ടം ആദ്യ ഷെഡ്യൂള്‍. ലക്‌നൗ സെന്‍ട്രലിന് ശേഷം രഞ്ജിത് തിവാരി സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ബെല്‍ബോട്ടം.
അവിശ്വസനീയമാംവിധമുള്ള പിന്തുണയാണ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള ചിത്രീകരണത്തിന് ക്രൂ അംഗങ്ങളില്‍ നിന്ന് ലഭിച്ചതെന്ന് നിര്‍മ്മാതാവ് വാശു ഭഗ്നാനി. അക്ഷയ് കുമാറിന് വലിയ നന്ദി. ആരോഗ്യസുരക്ഷയില്‍ 200നടുത്ത് വരുന്ന ടീമിനെ വിന്യസിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് സഹനിര്‍മ്മാതാക്കളായ പൂജാ എന്റര്‍ടെയിന്‍മെന്റും പറയുന്നു.