നടൻ അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ റിലീസായ 'ഒഎംജി 2' വിന്റെ റിലീസിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനയായ രാഷ്ട്രീയ ബജ്റംഗ് ദൾ. സിനിമയിൽ ശിവ ഭഗവാനെ അവതരിപ്പിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിക്കുന്ന ആഗ്രയിലെ ഒരു ഹിന്ദു സംഘടന, ബോളിവുഡ് നടൻ അക്ഷയ് കുമാറിനെ തല്ലുകയോ തുപ്പുകയോ ചെയ്യുന്നവർക്ക് 10 ലക്ഷം രൂപ പ്രതിഫലം നൽകുമെന്നും പ്രഖ്യാപിച്ചു. രാഷ്ട്രീയ ഹിന്ദു പരിഷത്ത് അംഗം ഗോവിന്ദ് പരാശറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചിത്രത്തിന്റെ റിലീസിനെതിരെ ആഗ്രയിലെ ശ്രീ ടാക്കീസിന് മുന്നിൽ തടിച്ചു കൂടിയ ജനം സിനിമയുടെ പ്രദർശനം നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ ബജ്റംഗ് ദളിന്റെ ബ്രജ് പ്രാന്ത് വൈസ് പ്രസിഡന്റ് റൗണക് താക്കൂറിന്റെ നേതൃത്വത്തിൽ സിനിമാ ഹാളിന് പുറത്ത് പ്രതിഷേധക്കാർ ചിത്രത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. സെൻസർ ബോർഡും കേന്ദ്രസർക്കാരും ചിത്രം നിരോധിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധമുയർത്തുമെന്നും ആഗ്രയിലെ രാഷ്ട്രീയ ഹിന്ദു പരിഷത്ത് ഭാരത് മുന്നറിയിപ്പ് നൽകി. ചിത്രത്തിനെ ചൊല്ലി മറ്റ് നഗരങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്.
ഭഗവാൻ ശിവനായി ചിത്രത്തിൽ എത്തുന്ന അക്ഷയ് കുമാർ കച്ചോടികൾ വാങ്ങുകയും, കൂടാതെ സിനിമയിൽ വൃത്തികെട്ട കുളത്തിൽ കുളിക്കുകയും ചെയ്യുന്നുണ്ട്. ഇത് ദൈവത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നുവെന്നാണ് ആരോപണം. ചിത്രം തിയേറ്ററുകളിലെത്തുന്നതിന് മുമ്പ്, വിവിധ ഹൈന്ദവ സംഘടനകളുമായി ബന്ധമുള്ള ആത്മീയ നേതാവ് സാധ്വി ഋതംഭര വൃന്ദാവനിലെ ആശ്രമത്തിൽ നിന്ന് സിനിമയെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചിരുന്നു. 'ഒഎംജി 2' ഉം സമാനമായ ബോളിവുഡ് സിനിമകളും 'ഹിന്ദുത്വത്തോടുള്ള കാഷ്വൽ മനോഭാവത്തിന്റെ' അനന്തരഫലമാണെന്ന് അവർ പറഞ്ഞു. 'ഹിന്ദു ദൈവങ്ങളെ സിനിമയിൽ അപമാനിക്കുന്നത് പണ്ടും ഉണ്ടായിട്ടുണ്ട്. ഹിന്ദു വിശ്വാസവുമായി ഒരു തരത്തിലുമുള്ള കളിയും ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ല. ബോളിവുഡ് ഇത് തുടർന്നാൽ ഹിന്ദുക്കൾ റോഡിലിറങ്ങി പ്രതിഷേധിക്കും. ശിവഭക്തി ഒരു തമാശയല്ല,' എന്നും അവർ കൂട്ടിച്ചേർത്തു. ഒപ്പം സമൂഹത്തിൽ മതവികാരം ആളിക്കത്തിക്കുന്ന ഇത്തരം സിനിമകൾക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന് സാമൂഹിക പ്രവർത്തകനായ സമീറും പറഞ്ഞു.
ആഗസ്റ്റ് പതിനൊന്നിനാണ് അക്ഷയ് കുമാർ ചിത്രം 'ഒഎംജി 2' തിയേറ്ററുകളിൽ റിലീസ് ചെയ്തത്. അക്ഷയ് കുമാറിന്റെയും പരേഷ് റാവലിന്റെയും 2012ലെ 'ഒഎംജി- ഓ മൈ ഗോഡ്' എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഈ ചിത്രം. അക്ഷയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവരും ചിത്രത്തിലുണ്ട്.